ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനുള്ള സമ്മാനതുകയാണ് ഐസിസി തിങ്കളാഴ്ച പ്രഖ്യാപിച്ചത്
പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് വിജയിക്കുള്ള സമ്മാനതുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിനുള്ള സമ്മാനതുകയാണ് ഐസിസി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. വിജയിക്കുന്ന ടീമിന് 1.6 മില്യൺ യുഎസ് ഡോളർ (ഏകദേശം 11.7 കോടി) രൂപയാണ് ലഭിക്കുക. ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ് മെയ്സും ലഭിക്കും. ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ മത്സരം.
“ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെ വിജയികൾ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മെയ്സിനൊപ്പം 1.6 മില്യൺ ഡോളറും സ്വന്തമാക്കും.” ഐസിസി വാർത്താക്കുറിപ്പിൽ പറഞ്ഞു.
“തോൽക്കുന്ന ടീമിന് ഒമ്പത് ടീമുകൾ മത്സരിച്ച മത്സരത്തിൽ രണ്ടാം സ്ഥാനം നേടുന്നതിന് 800,000 യുഎസ് ഡോളർ ലഭിക്കും, ഏകദേശം രണ്ടു വർഷം കളിച്ച ടൂർണമെന്റ്, ടെസ്റ്റ് ക്രിക്കറ്റിന്റെയും കിരീടത്തിന്റെയും അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ഈ ദീർഘ ഫോർമാറ്റിൽ കളിച്ച ആദ്യത്തെ ഔദ്യോഗിക ടൂർണമെന്റാണ്” ഐസിസി പറഞ്ഞു.
ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള ടീമുകളിൽ മൂന്നാം സ്ഥാനത്തുള്ള ടീമിന് 450,000 യുഎസ് ഡോളർ ചെക്കും നാലാം സ്ഥാനത്തുള്ള ടീമിന് സമ്മാനതുകയായ 350,000 യുഎസ് ഡോളറും ലഭിക്കുമെന്ന് ഐസിസി പറഞ്ഞു. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് 200,000 യുഎസ് ഡോളറും ബാക്കി നാല് ടീമുകൾക്ക് 100,000 ഡോളർ വീതവുമാണ് ലഭിക്കുക.
Read Also: സ്വിങ് ചെയ്യുന്ന പന്തുകൾ കളിക്കാൻ രോഹിത് ബുദ്ധിമുട്ടും; മുൻ ന്യൂസിലൻഡ് താരം
രണ്ട് വർഷമായി നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ് വിജയിക്ക് ലഭിക്കുന്ന ടെസ്റ്റ് മെയ്സ് നേരത്തെ ഐസിസിയുടെ ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാമത് വരുന്ന ടീമിനാണ് നൽകിയിരുന്നത്. തുടർച്ചയായി കഴിഞ്ഞ അഞ്ചു വർഷവും ഇന്ത്യയാണ് ടെസ്റ്റ് മെയ്സ് സ്വന്തമാക്കിയിരുന്നത്.
“ഫൈനൽ സമനിലയിൽ അവസാനിക്കുകയാണെങ്കിൽ, രണ്ടു ഫൈനലിസ്റ്റുകളും ചേർന്ന് ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനതുക വിഭജിക്കുകയും ടെസ്റ്റ് മെയ്സിന്റെ അവകാശം തുല്യമായി ലഭിക്കുകയും ചെയ്യും,” ഐസിസി പറഞ്ഞു.