പുതിയ ഓപ്ഷനിലൂടെ അടുത്തുളള വാക്സിനേഷൻ സെന്ററിൽ സ്ലോട്ട് ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും
പേടിഎം ഉപയോക്താക്കൾക്ക് ഇനി മുതൽ പേടിഎം ആപ്പിലൂടെ കോവിഡ് വാക്സിനേഷൻ ബുക്ക് ചെയ്യാം. ഇതു സംബന്ധിച്ച പുതിയ ഫീച്ചർ കമ്പനി പുറത്തിറക്കി. പുതിയ ഓപ്ഷനിലൂടെ അടുത്തുളള വാക്സിനേഷൻ സെന്ററിൽ സ്ലോട്ട് ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും. ഫ്രീ അല്ലെങ്കിൽ പെയ്ഡ് വാക്സിൻ തിരഞ്ഞെടുക്കാനും സാധിക്കും.
വാക്സിൻ ബുക്കിങ്ങിനും ലഭ്യമായ വാക്സിൻ ഏതാണെന്നും അതിന്റെ വില എത്രയാണെന്നും അടക്കമുളള കാര്യങ്ങൾ അറിയാനായി കഴിഞ്ഞ മേയിൽ വാക്സിൻ ഫൈൻഡർ ഫീച്ചർ പേടിഎം ആപ്പിൽ ലോഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വാക്സിനേഷൻ സ്ലോട്ടുകൾ ലഭ്യമുണ്ടോയെന്നറിയാൻ പേടിഎം മുഖേന ഉപയോക്താക്കൾ പരിശോധിച്ചതായി കമ്പനി പറയുന്നു.
Read More: പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
ആപ്ലിക്കേഷനിൽ ഇപ്പോൾ ലഭ്യമായ സ്ലോട്ട് ബുക്കിങ് ഓപ്ഷൻ ഉപയോഗിച്ച്, രാജ്യമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് അവരുടെ വാക്സിനേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ”ഈ മഹാമാരിയിൽ നിന്ന് കൂടുതൽ ശക്തമായി പുറത്തുവരാൻ ഇന്ത്യയെ സഹായിക്കുകയെന്നതാണ് ഞങ്ങളുടെ ശ്രമം. ഞങ്ങളുടെ വാക്സിൻ ഫൈൻഡർ ജനങ്ങൾക്ക് അടുത്തുള്ള കേന്ദ്രത്തിൽ വാക്സിൻ ബുക്ക് ചെയ്യാനും വാക്സിനേഷൻ നേടാനും സഹായിക്കും,” പേടിഎം വക്താവ് പറഞ്ഞു.
ഈ ലേഖനം എഴുതുന്ന സമയത്ത് പേടിഎമ്മിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വാക്സിൻ അപ്പോയിന്റ്മെന്റ് ബുക്കിങ് ഫീച്ചർ ഇന്ത്യൻ എക്സ്പ്രസിന് കണ്ടെത്താനായില്ല. എന്നിരുന്നാലും, പുതിയ ഫീച്ചറോടു കൂടിയ ഒരു അപ്ഡേറ്റ് ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.