ദാഹമകറ്റുന്നതിനു പുറമെ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ശീതളപാനീയങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന, ദിവസം മുഴവന്‍ ഉന്മേഷം പകരുന്ന ഏതാനും പ്രകൃതിദത്ത പാനീയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷണിസ്റ്റായ ലവ്നീത് ബത്ര. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആരോഗ്യപ്രദമായ ഈ പാനീയങ്ങളെ അവര്‍ പരിചയപ്പെടുത്തിയത്.
തേങ്ങാവെള്ളം
തന്റെ ചര്‍മ്മത്തിന്റെ തിളക്കത്തിന്റെ രഹസ്യം തേങ്ങാ വെള്ളമാണെന്ന് കഴിഞ്ഞ ദിവസം ബോളിവുഡ് നടി മാധുരി ദീക്ഷിത് വെളിപ്പെടുത്തിയിരുന്നു. ആഹാരക്രമത്തില്‍ ദിവസവും തേങ്ങാവെള്ളം ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രദ്ധിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന ഏറ്റവും ആരോഗ്യപ്രദമായ പാനീയങ്ങളിലൊന്നാണ് തേങ്ങാവെള്ളം. ഉന്മേഷം പകരുന്ന ധാതുക്കള്‍ തേങ്ങാവെള്ളത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായി തന്നെ മധുരവും പത്ത് മടങ്ങിലധികം പൊട്ടാസ്യവും തേങ്ങാവെള്ളത്തില്‍ ഉണ്ട്.
കൊംബുച്ച ടീ
പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാര്‍ ചെയ്തെടുക്കുന്ന പാനീയമാണ് കൊംബുച്ച. ബി വിറ്റാമിനുകള്‍, ഗ്ലൂകുറോണിക് ആസിഡ്(ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നത്), ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ പോളിഫിനോള്‍ എന്നിവ അടങ്ങിയതാണ് കൊംബുച്ച. ഗ്രീന്‍ ടീയുടെ ഒപ്പമോ ബ്ലാക്ക് ടീയുടെ ഒപ്പമോ പഞ്ചസാരയും യീസ്റ്റും ബാക്ടീരിയയും ചേര്‍ത്ത് പുളിപ്പിക്കല്‍ പ്രക്രിയയിലൂടെയാണ് ഈ വിശിഷ്ട പാനീയം തയ്യാറാക്കുന്നത്.
ജല്‍ജീര
ചെറിയ പുളി രുചിയോട് കൂടിയ ജല്‍ജീര ദിവസം മുഴുവന്‍ ഉണര്‍വ് പ്രദാനം ചെയ്യുന്ന പാനീയമാണ്. ദഹനത്തിന് ഏറെ സഹായിക്കുന്ന ഈ ഇന്ത്യന്‍ പാനീയം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകകള്‍ വയറുവേദനയുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. ജീരകം, ഇഞ്ചി, കുരുമുളക്, പുതിന, മുളക് എന്നിവയോടൊപ്പം ഏതെങ്കിലും പഴത്തിന്റെ ഫ്ളേവറും ചേര്‍ത്താണ് ജല്‍ജീര പൊടി തയ്യാറാക്കുന്നത്. ഇതിനൊപ്പം നാരങ്ങാ നീരും ചേര്‍ത്താണ് ജല്‍ജീര പാനീയം തയ്യാറാക്കുന്നത്.
കരിമ്പ് ജ്യൂസ്
അയണ്‍, പ്രോട്ടീന്‍, പൊട്ടാസ്യം തുടങ്ങി എന്നിവയുടെ കലവറയാണ് കരിമ്പ് ജ്യൂസ്. നിര്‍ജലീകരണം തടയാനും ക്ഷീണമകറ്റാനും കരിമ്പ് ജ്യൂസ് ഉത്തമമാണ്.
സട്ടു
പാവപ്പെട്ടവന്റെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന സട്ടുവില് അയണ്‍, മഗ്നീഷ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉന്മേഷം പകരുന്നതിനൊപ്പം ശരീരത്തെ തണുപ്പിക്കാനും ഈ പാനീയം സഹായിക്കുന്നു. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യുന്നു. കടലപ്പൊടിയില്‍ വെള്ളവും ബ്ലാക്ക് സാള്‍ട്ടും ചേര്‍ത്താണ് സട്ടു തയ്യാറാക്കുന്നത്.
Content highlights: healthy beverages, beverages for boost energy level