കല്യാണത്തിന് ബന്ധുക്കളെയും നാട്ടിലുള്ളവരെയുമൊക്കെ ക്ഷണിച്ച് വിരുന്ന് കൊടുക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്. പ്രത്യേകം ക്ഷണം സ്വീകരിച്ച് വരുന്ന അതിഥികള്‍ക്ക് മികച്ച ഭക്ഷണം നല്കാന് അതിഥേയര്‍ പ്രത്യേകം ശ്രദ്ധിക്കും. വിരുന്നിനൊരുക്കിയ ഭക്ഷണം ബാക്കിയാകുന്നത് സാധാരണമാണ്. മിക്കവരും ബാക്കിയാകുന്ന ഭക്ഷണം കുഴിച്ച് മൂടുകയാണ് പതിവ്.
സഹോദരന്റെ വിവാഹത്തിന് ബാക്കി വന്ന ഭക്ഷണം രാത്രിയില്‍ പാവപ്പെട്ടവര്‍ക്ക് വിളമ്പി നല്കുന്ന യുവതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കല്യാണത്തിന് ധരിച്ച അതേ വേഷത്തില്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഇരുന്ന് ഭക്ഷണം വിളമ്പി നല്കുന്ന യുവതിയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക.
ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. പപിയ കാര്‍ എന്നാണ് യുവതിയുടെ പേര് എന്ന് ഫോട്ടോഗ്രഫര്‍ പറഞ്ഞു. പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലുള്ള സബ്അര്‍ബന്‍ റെയില്‍വേ സ്റ്റേഷനായ റണാഗട്ട് ജംഗ്ഷനില്‍ ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെ ഒരുമണിക്ക് എടുത്ത ചിത്രങ്ങളാണിതെന്ന് ഫോട്ടോഗ്രഫർ അവകാശപ്പെട്ടു.
യുവതിയെ അഭിനന്ദിച്ച് നിരവധി പേരാണ് ചിത്രങ്ങള്‍ക്കു കമന്റ് ചെയ്തിരിക്കുന്നത്. മുമ്പും ഇതുപോലെ വിവാഹത്തിന് ബാക്കി വന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്ക് നല്കിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും അതേസമയം എല്ലാവര്ക്കും ഈ മനസ്സുണ്ടാകില്ലെന്നും ചിലര്‍ പറഞ്ഞു. എല്ലാവര്ക്കും യുവതിയുടേതിന് സമാനമായ മനസ്സ് ഉണ്ടായിരുന്നെങ്കില്‍ ലോകം കുറെക്കൂടി സുന്ദരമായിരുന്നേനേ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
Content highlights: bengal woman serves leftover food from wedding to the needy wins hearts