സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം
പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ നമ്മള്‍ക്ക് സാധിക്കും
തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ആകുമെന്ന് പ്രവര്‍ത്തകരോട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ഇന്ദിരാ ഭവനില്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സുധാകരന് പ്രസംഗം തുടങ്ങിയത്.
പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20ല്‍ 19 സീറ്റും നേടിയില്ലേ. ഇന്ന് കരുത്തുള്ള മുന്നണിയെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫിന് അന്ന് ലഭിച്ചത് ഒരു സീറ്റാണ്. പക്ഷേ അന്നാരെങ്കിലും പറഞ്ഞോ ഇടതുപക്ഷം തകര്‍ന്നുപോയെന്ന്. ഇല്ല, കാരണം ജനാധിപത്യ സംവിധാനത്തില്‍ ഇതെല്ലാം സ്വാഭാവികമാണ്. ചെറിയൊരു മാര്ജ്ജിന്റെ വ്യത്യാസത്തില്‍ ഇവിടെ നിന്നു തിരിച്ചുവരാന്‍ നമ്മള്‍ക്ക് എന്താണ് പ്രയാസം. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഇല്ലേ നിങ്ങള്‍ക്ക് ആത്മധൈര്യം ഇല്ലേ തിരിച്ചുവരുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയില്ലേ. ആ പ്രതീക്ഷയുണ്ടെങ്കില്‍ കര്‍മ്മത്തിന്റെ പാതയിലേക്ക് അഞ്ച് വര്‍ഷം കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ.
അധികാരത്തിന്റെ പുറകെ, സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ പാര്‍ട്ടിയെ പ്രാദേശിക തലങ്ങളില്‍ കരുപിടിപ്പിക്കാന്‍,പ്രസ്ഥാനത്തിന് കരുത്തുപകരാന്‍ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ഒരു സന്മനസ് ഈ പാര്‍ട്ടിയ്ക്ക് വേണ്ടി ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് ഉണ്ടോ. എങ്കില്‍ നമ്മള്‍ക്ക് വിജയവും ഉണ്ട്. ഈ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ നമ്മള്‍ക്ക് സാധിക്കും.
പുതിയ നേതൃത്വത്തിന്റെ മുന്നില്‍ ഒരുപാട് പരിപാടികളും പദ്ധതികളും ചര്‍ച്ചകളും ഉണ്ട്. ഒറ്റക്കെട്ടായി പരിഹാര മാര്‍ഗങ്ങള്‍ കൈകൊള്ളും. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം. അതൊരു പ്രതിജ്ഞയാണ്. സുധാകരന് വ്യക്തമാക്കി.
Content Highlight: KPCC President K Sudhakaran speech