ലൈലാമ്മ ഉമ്മൻ
നിലവാരമുള്ള ജീവിതം,ജീവിത നിലവാരം എന്നീ രണ്ടു ഘടകങ്ങൾ ഒറ്റ നോട്ടത്തിൽ ഒന്നാണെന്നു തോന്നുമെങ്കിലും രണ്ടും ഒന്നു വിശദമായി വിലയിരുത്തിയാൽ വ്യത്യസ്തമാണെന്നു കാണാൻ കഴിയും.നിലവാരം എന്ന വാക്കിനു പകരം മെച്ചപ്പെട്ട എന്നോ ഗുണനിലവാരം എന്നോ ചേർത്തു വായിച്ചാൽ ഗുണനിലവാരമുള്ള ജീവിതവും ജീവിതത്തിന്റെ ഗുണനിലവാരവും എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാൻ കഴിയും.
ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് നിലവാരമുള്ള ജീവിതം എന്നു പറയുന്നത് അവർ ജീവിക്കുന്ന സംസ്കാരത്തിന്റെയും മൂല്യവ്യവസ്ഥയുടെയും പശ്ചാത്തലത്തിലും അവരുടെ ലക്ഷ്യങ്ങൾ, പ്രതീക്ഷകൾ, മാനദണ്ഡങ്ങൾ, ആശങ്കകൾ എന്നിവയുമായി ബന്ധപ്പെട്ടും ജീവിതത്തിലെ തങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ധാരണയുമാണ്.
ഒരു വ്യക്തി ആരോഗ്യമുള്ളവനും സുഖപ്രദനും ജീവിത സംഭവങ്ങളിൽ പങ്കെടുക്കാനോ ആസ്വദിക്കാനോ കഴിയുന്ന അളവ് എന്നിവയെ അവന്റെ ജീവിത നിലവാരത്തിന്റെ മാനദണ്ഡമാക്കാം.ആരോഗ്യ സംരക്ഷണ മേഖലയ്ക്കുള്ളിൽ, വൈകാരികവും, ശാരീരികവും, ഭൗമീകവും, സാമൂഹികവുമായ ക്ഷേമവും ഉൾക്കൊള്ളുന്ന ഒരു ജീവിതനിലവാരം എല്ലാവരുടേയും സ്വപ്നമാണ്.
ജീവിത നിലവാരത്തിന്റെ അളവുകൾ ഭൗമീക ജീവിത സാഹചര്യങ്ങൾ (വരുമാനം, ഉപഭോഗം, ഭൗതീക അവസ്ഥകൾ) അവന്റെ പ്രവർത്തനം,ആരോഗ്യം,വിദ്യാഭ്യാസം,
വിനോദവും സാമൂഹികവുമായ ഇടപെടലുകളും,സാമ്പത്തിക സുരക്ഷയും ശാരീരിക സുരക്ഷയും,ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളും,
പ്രകൃതിയും അന്തരീക്ഷവും ഒരുക്കുന്ന അനുയോജ്യമായ അന്തരീക്ഷം എന്നിങ്ങനെ എല്ലാം ചേരുമ്പോഴാണ് ഒരു മനുഷ്യന്റെ ജീവിതം നിലവാരമുള്ളതാകുന്നത്.
എന്നാൽ ലോകം പുരോഗതിയുടെ കൊടുമുടിയിലെത്തിയിട്ടും നിലവാരം ഒട്ടും തന്നെ തീണ്ടിയിട്ടില്ലാത്ത ജീവിതവുമായി പല ജന്മങ്ങളും നമുക്കു ചുറ്റും വട്ടംചുറ്റുന്ന കാഴ്ചകൾ കാണാൻ കഴിയുന്നു.ജനാധിപത്യവും മതേതരത്വവും ഭരണഘടനയിൽ മാത്രം കുടികൊള്ളുന്ന നമ്മുടെ നാട്ടിൽ സ്വന്തമായി കിടപ്പാടമോ,അടിസ്ഥാന സൗകര്യങ്ങളോ പോലുമില്ലാത്ത കുടുംബങ്ങൾ അനവധിയല്ലേ?
വിദ്യാഭ്യാസത്തിൽ മുൻപന്തിയിലാണെങ്കിലും തൊഴിലവസരങ്ങളോ ഉപജീവനമാർഗ്ഗങ്ങളോ ഇല്ലാതെ ഒരു വിഭാഗം വലയുന്നതും നമുക്കിടയിലല്ലേ?
വലിയ നിലവാരമുള്ള,ജീവിതം ഒന്നുമല്ലെങ്കിലും ഉള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരു ജീവിതനിലവാരം സൃഷ്ടിച്ചെടുക്കാൻ ഇക്കൂട്ടരെ സഹായിക്കേണ്ടത് ആരാണ് ?
നിത്യവൃത്തിക്കുള്ളതു പോലും തുച്ഛമായി കിട്ടുന്ന സാഹചര്യത്തിലുള്ളവർ എങ്ങനെ മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യത്തിലേക്കെത്തും? സമൂഹത്തിൽ പലതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഈ സംവിധാനത്തെ എന്തു വിളിക്കണമെന്നറിയില്ല.വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപാകതയാണോ സമ്പദ്ഘടനയുടെ അപര്യാപ്തതയാണോ ഭരണസംവിധാനങ്ങളുടെ കഴിവുകേടാണോ എന്നിങ്ങനെ പലവിധ സംശയങ്ങളുമായി പൊതുജനം പ്രതീക്ഷകൾ കൈവിടാതെ ഇന്നും മെച്ചപ്പെട്ട നിലവാരമുള്ള ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്നു. ഈ ഗതിവിഗതികൾ ഒന്നു മാറ്റിപ്പിടിക്കാൻ ഇനിയെത്ര ജന്മാന്തരങ്ങൾ നാം കാത്തിരിക്കേണ്ടി വരും ?