കെ.എ.ബഷീർ.
തലങ്ങും വിലങ്ങും പായുന്ന മരണവണ്ടികൾ… ഹെൽമറ്റില്ലാതെ വാഹനം ഓടിയ്ക്കുമ്പോൾ,സീറ്റ് ബെൽറ്റ് ഇടാതെ ഓടിച്ചാൽ,അമിതവേഗം,മദ്യപിച്ച് വാഹനമോടിക്കുക എന്നിങ്ങനെ നിയമലംഘനം നടത്തുമ്പോൾ ട്രാഫിക് പോലീസ് ചുമത്തുന്ന പിഴ നമ്മെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരം നിയമ ലംഘനങ്ങൾ മൂലം റോഡിൽ തലയടിച്ച് വീണ് ചോര വാർന്നെഴുകി ചിന്നിച്ചിതറിയ തലച്ചോറിൽ മണ്ണുപ്പറ്റുന്നതോർത്ത് നാം വേദനിക്കാറില്ലാ. നമുക്ക് എന്തെങ്കിലും സംഭവിക്കുന്നതുവരെ അത് നമുക്കല്ലല്ലോ പറ്റിയതെന്ന് സമാധാനിക്കുന്നവരാണ് നാമെല്ലാം.
നിയമത്തെ പേടിച്ച് നിയമത്തിനുവേണ്ടി മാത്രം അനുസരിക്കുന്നവരാണധികവും.Life once Lost can’t be regained. (ജീവിതം ഒരിക്കൽ നഷ്ടമായാൽ അത് തിരികെ ലഭിക്കുകയില്ല)
എന്നറിയാത്തവരല്ല ഇവരിൽ ആരും … ഒരുപാടു പേരുടെ ജീവിതവും ഒപ്പം ഒരുപാടുകാലത്തെ തൻ്റെ ജീവിതവും അസ്ഥശൂന്യമാക്കുന്നവരോട് ഒന്നേ പറയാനുള്ളൂ….ജീവിതം …അത് ആസ്വദിച്ചു ജീവിക്കുവാനുള്ളതാണ്…. നഷ്ടപ്പെടുത്തുവാൻ ഒരു നിമിഷം മതി.. എന്നാൽ ഇത്തരം അപകടങ്ങളുണ്ടാവാതെ ഉണ്ടാക്കാതെ രക്ഷപ്പെടാൻ ഒരു ഒറ്റമൂലി യുണ്ട്… നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധയോടെ ഡ്രൈവ് മാത്രം ചെയ്യുക….
നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ മറ്റൊന്നിലേക്കും ശ്രദ്ധമാറ്റാതിരിക്കുക. ഉദാഹരണത്തിന് അശ്രദ്ധമായി അങ്ങോട്ടു മിങ്ങോട്ടും നോക്കുക, മൊബൈൽ സംസാരം,ക്ഷമയില്ലാതെയുള്ള ഓവർടേക്കിംഗ്, മറ്റു പ്രവൃത്തികൾ എന്നിവ മരണത്തിലേക്കുള്ള യാത്രയുടെ വേഗം കൂട്ടും ..നമ്മുടെ റോഡു കളിൽ ധാരാളം കാണുന്ന ഒട്ടും തന്നെ ശ്രദ്ധിക്കാത്ത ഒരു ട്രാഫിക് ലംഘനമാണ് ഓവർ ലോഡ് കയറ്റിപ്പോകുന്ന വാഹനങ്ങൾ. കരിങ്കൽ കഷ്ണങ്ങൾ കയറ്റി ഓടുന്ന ഒരു സുരക്ഷയുമില്ലാതെ ചീറിപ്പായുന്ന ടിപ്പറുകൾ, അതിൻ്റെ മുകളിൽ അലക്ഷ്യമായി ഇരിക്കുന്നവർ, ഇരുന്നുറങ്ങുന്നവർ ഇത്തരം നടുങ്ങുന്ന കാഴ്ചകൾ ഇല്ലാത്ത ഒരു യാത്ര പോലും നമുക്ക് നമ്മുടെ റോഡിൽ കാണാനാവില്ല.
വാഹനത്തിലെ ചരക്ക് എന്തുതന്നെയായാലും അത് സുരക്ഷിതമായി മൂടിക്കൊണ്ടുപോകുന്ന സംസ്ക്കാരം കേരളത്തിൽ മാത്രമാണില്ലാത്തത്.നിങ്ങളുടെ മുന്നിൽ പോകുന്ന വാഹനത്തിലേയും എതിരെ വരുന്ന വാഹനത്തിലേയും യാത്രക്കാരുടെ ജീവൻ നിങ്ങളുടെ പക്കലാണെന്നും അതു സംരക്ഷിക്കേണ്ട ചുമതല നിങ്ങളെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും ഉള്ള ബോധം നിങ്ങളുടെ ഉള്ളിലുണ്ടാവണം.
മരണം കൊറോണയുടെ രൂപത്തിൽ അരികിൽ തന്നെയുണ്ട്… അതിനും തൊട്ട് മുൻപിൽ റോഡപകടങ്ങളും.ഒരു പാട് പരിമിതികളുള്ള നമ്മുടെ സംവിധാനങ്ങൾക്ക് സഹായമായി വാഹനം ഓടിക്കുന്ന നമ്മുടെ ശ്രദ്ധയെന്ന വാക്സിൻ മാത്രം മതിയാകും. ഓർക്കുക! അപകടങ്ങൾ ഒഴിവാക്കുവാൻ വളരെ എളുപ്പമാണ്. സംഭവിച്ച് കഴിഞ്ഞിട്ട് ഓർത്തു ദുഖിച്ചിട്ടോ പശ്ചാത്തപിച്ചിട്ടോ എന്തു കാര്യം ?