തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എന്‍.എസ്.ക്യു.എഫ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതലും നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രാക്ടിക്കല്‍ പരിശീലനം നടത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് 2021 ജൂണ്‍ 17-ാം തിയതി മുതല്‍ 25 വരെ ആവശ്യമെങ്കില്‍ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്കൂളില്‍ എത്താവുന്നതും സ്കൂളിന്റെ നിര്‍ദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പ്രായോഗിക പരിശീലനം നേടാവുന്നതുമാണ്.
പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും പുനഃക്രമീകരിച്ചിട്ടുണ്ട്. സമയക്രമം നല്കിയിട്ടില്ലാത്ത വിഷയങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രായോഗിക പരീക്ഷകള്‍ക്ക് ലഭ്യമാകുന്നത്ര ലാപ്ടോപ്പുകള് ഉപയോഗിക്കാനായി നല്‍കുന്നതാണ്. വിദ്യാര്‍ഥികളുടെ ഹാജര്‍ അധ്യാപകര്‍ തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാര്‍ത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. ഓരോ പ്രാക്ടിക്കല്‍ പരീക്ഷയും നടത്തുന്നതു സംബന്ധിച്ച് നല്കിയ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
ഫിസിക്സ്- പരീക്ഷാസമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരുവിദ്യാര്‍ത്ഥി ഒരു പരീക്ഷണം ചെയ്താല്‍ മതിയാകും. വിദ്യാര്‍ഥി ലാബിനുള്ളില്‍ ചെലവഴിക്കേണ്ട സമയവും ഒബ്സര്‍വേഷനുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
കെമിസ്ട്രി- പരീക്ഷാസമയം ഒന്നര മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിപ്പറ്റ് ഉപയോഗിക്കുന്നതിനു പകരം മെഷറിങ് ജാര്/മാര്‍ക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ് എ ന്നിവ ഉപയോഗിച്ച് വോള്യുമെട്രിക് അനാലിസിസ് ചെയ്യേണ്ടതാണ്. സോള്‍ട്ട് അനാലിസിസിനുവേണ്ടി ലായനികള്‍ കുട്ടികള്‍ മാറിമാറി ഉപയോഗിക്കേണ്ടതിനാല്‍ അത് ഒഴിവാക്കിയിട്ടുണ്ട്. പകരം, എക്സാമിനര്‍ നിര്‍ദ്ദേശിക്കുന്ന സോള്‍ട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയര്‍ കുട്ടികള്‍ എഴുതി നല്‍കേണ്ടതാണ്.
ബോട്ടണി- പരീക്ഷാസമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും മൈക്രോസ്കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. സ്പെസിമെന്‍ സംബന്ധിച്ച് എക്സാമിനര്‍ നല്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം രേഖപ്പെടുത്താവുന്നതാണ്. ഒറ്റ നോട്ടത്തില്‍ തിരിച്ചറിഞ്ഞ് ഉത്തരമെഴുതുന്ന രീതിമാറ്റി അധ്യാപിക പ്രദര്‍ശിപ്പിക്കുന്ന ഇനങ്ങള്‍ തിരിച്ചറിഞ്ഞ് ഉത്തരമെഴുതാവുന്നതാണ്.
സുവോളജി- പരീക്ഷാസമയം ഒരു മണിക്കൂര്‍. സമ്പര്‍ക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റുള്ള ചോാദ്യങ്ങള്‍ക്കായി സ്കോര്‍ വിഭജിച്ച് നല്‍കുന്നതാണ്.
മാത്തമാറ്റിക്സ് (സയന്‍സ് ആന്‍ഡ് കോമേഴ്സ്)-പരീക്ഷാ സമയം ഒന്നര മണിക്കൂര്‍. രണ്ട് പ്രാക്ടിക്കലിനു പകരം ഒരു പ്രാക്ടിക്കല്‍ ചെയ്താല്‍മതിയാകും.
കമ്പൂട്ടര് സയന്‍സ്- പരീക്ഷാസമയം രണ്ടുമണിക്കൂര്‍. നല്‍കിയിരിക്കുന്ന രണ്ടു ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ഥികള്‍ ചെയ്താല്‍ മതിയാകും.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഹ്യുമാനിറ്റീസ് ആന്‍ഡ് കോമേഴ്സ്)- പരീക്ഷാസമയം രണ്ടു മണിക്കൂര്‍. പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിവയില്‍ നിന്നായി നല്‍കിയിരിക്കുന്ന രണ്ടു ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ത്ഥികള്‍ചെയ്താല്‍ മതിയാകും.
കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് –പരീക്ഷാസമയം ഒന്നര മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ് – പരീക്ഷാസമയം ഒന്നര മണിക്കൂര്‍.
ഇലക്ട്രോണിക് സിസ്റ്റംസ്/ഇലക്ട്രോണിക് സര്‍വ്വീസ് ടെക്നോളജി – പരീക്ഷാസമയം രണ്ടു മണിക്കൂര്‍.
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- പരീക്ഷാ സമയം രണ്ടു മണിക്കൂര്‍.
സ്റ്റാറ്റിറ്റിക്സ്- പരീക്ഷാസമയം രണ്ടു മണിക്കൂര്‍. പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിവയില്‍ നിന്നായി നല്‍കിയിരിക്കുന്ന രണ്ടുചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാര്‍ത്ഥികള്‍ ചെയ്താല്‍ മതിയാകും.
സൈക്കോളജി- കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കല്‍ ക്യാരക്ടറസ്റ്റിക്സ് അനലൈസ് ചെയ്യേണ്ടതാണ്.
ഹോം സയന്‍സ്-പരീക്ഷാസമയം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണ്.
ഗാന്ധിയന്‍ സ്റ്റഡീസ്- പരീക്ഷാസമയം ഒന്നര മണിക്കൂര്‍. ക്രാഫ്റ്റ്മേക്കിങ്ങും ഡെമോന്‍സ്ട്രേഷനും രണ്ടായി ചെയ്യുന്നതിനു പകരം ഒന്നായി ചെയ്താല്‍ മതിയാകും.
ജിയോളജി-പരീക്ഷാ സമയം ഒന്നര മണിക്കൂര്‍. സ്പെസിമെന്‍ സ്റ്റോണുകള്‍ ഒരു മേശയില്‍ ക്രമീകരിക്കുകയും കുട്ടികള്‍ അത് സ്പര്‍ശിക്കാതെ തിരിച്ചറിയുകയും ചെയ്യേണ്ടതാണ്. Determinaton of streak and hardness using streak plate and hardness box shall be given exemptions.
സോഷ്യല്‍വര്‍ക്ക്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സോഷ്യല്‍ വര്‍ക്കിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പതിവുരീതിയില്‍ നടത്തുന്നതാണ്.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പതിവുരീതിയില്‍ നടത്തുന്നതാണ്.
ജേര്‍ണലിസം-ക്യാമറ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള സ്കോര്‍ മറ്റിനങ്ങളിലേക്ക് വിഭജിച്ച് നല്‍കുന്നതാണ്.
ജ്യോഗ്രഫി- പരീക്ഷാസമയം ഒരു മണിക്കൂര്‍. കുട്ടികള്‍ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.
മ്യൂസിക്- ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മ്യൂസിക്കിന്റെ പ്രായോഗിക പരീക്ഷ അദ്ധ്യാപകന് നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ഓണ്‍ലൈനായോ നേരിട്ടോ നടത്തുന്നതാണ്.
രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് നടക്കുക.
വിദ്യാര്‍ഥികള്‍ ഇരട്ട മാസ്ക്ക്, ഗ്ലൗസ് എന്നിവ ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, സാമൂഹിക അകലം പാലിക്കണം.
വിദ്യാര്‍ഥികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുന്‍പും ലാബില്‍നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കേണ്ടതാണ്.
പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ ഒരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാര്‍ത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലര്‍ത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തില്‍ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവുന്നതാണ്.
ലാബുകളില്‍ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങള്‍ മറ്റു കുട്ടികള്‍ കൈമാറി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ലാബുകളില്‍ എ.സി. ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്.
ഒരുസമയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രായോഗിക പരീക്ഷയുടെ സമയക്രമം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്കൂള്‍ പ്രിന്‍സിപ്പാള്‍/ചീഫ് സൂപ്രണ്ട് അറിയിക്കുന്നതാണ്.
സമയക്രമം കൃത്യമായി പാലിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞാലുടന്‍ സ്കൂള്‍ വിട്ടുപോകേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസ്സീജിയര്‍ എഴുത്ത് കഴിയുന്നത്ര ലാബിന് പുറത്ത് വച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്സ്മുറികളില്‍ വച്ചും നടത്തുന്നതാണ്.
content highlights: higher secondary exams will start from june 28th