കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന സംസ്ഥാനത്തുടനീളം വ്യാപക മരംകൊള്ള നടന്നുവെന്ന് കണ്ടെത്തല്‍. വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലും വനഭൂമിയിലും വ്യാപക മരംമുറി നടന്നുവെന്ന് ഉന്നതതല അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയാണ് മരംമുറിയെന്നാണ് ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍ നോട്ടം വഹിക്കുന്ന ഉന്നതതല അന്വേഷണ സംഘത്തിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്. വനംകൊള്ളയ്ക്ക് ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്നും സുപ്രധാന കണ്ടെത്തലുമുണ്ടായി.
രാജകീയ മരങ്ങള്‍ എന്ന് വിഭാവനം ചെയ്തിരിക്കുന്ന ഈട്ടി, തേക്ക് തുടങ്ങിയവയാണ് വിവിധ ജില്ലകളില്‍നിന്ന് മുറിച്ചു കടത്തിയിരിക്കുന്നത്. മരംമുറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എഫ്.ഐ.ആറില്‍ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.
ഈ മാസം 15-നാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുവരെയുള്ള മരംമുറിയാണ് സംഘം അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഗൂഢാലോചനയാണ് പ്രാഥമികമായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതേ സമയം രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണത്തിന്റെ സൂചന എഫ്.ഐ.ആറില്‍ ഇല്ല.
എന്നാല്‍ ആരോപണത്തില്‍ രാഷ്ട്രീയ നേതൃത്വവും സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ട് തന്നെ അവരെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Content Highlights: Massive robbery-tree-felling-fir-Findings of the High Level Investigation Team.