കെ.എ. ബഷീർ.
ഒത്തിരി സ്വപ്നങ്ങളുമായി കടൽ കടന്നവർക്ക് ആരൊക്കെയോ ചേർന്നിട്ട മനോഹരമായ പേരാണ് പ്രവാസി…. നമ്മുടെ നാടിന് നമുക്ക് നൽകാനാകാത്ത ഒരുപാട് സൗഭാഗ്യങ്ങൾ നൽകിയ ഗൾഫ് നാടുകൾ ! ഒട്ടേറെപ്പേർ അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയപ്പോൾ സ്വപ്നങ്ങൾ ബാക്കിയാക്കി ദുരിതത്തിലേക്ക് തിരികെ വന്നവർ ധാരാളമായി… കഴിവുള്ള കാലമെല്ലാം എല്ലാം സഹിച്ചവർ, എല്ലുംതോലുമായവർ, പോയതിനേക്കാൾ ഭാരവുമായി ജീവിക്കാൻ വിധിക്കപ്പെട്ടവർ….എന്നാൽ കഴിഞ്ഞ കാലമത്രയും വീടിനെയും നാടിനെയും കൈവിടാതെ കാത്തവർ പ്രവാസിയെന്ന് അന്നും ഇന്നും വിളിക്കുന്നവർ…അനേകംപേരെ അണച്ചു നിർത്തിയവർ! ധാരാളം ഡോക്ടർമാരെയും എൻജിനിയർമാരെയും കുടുംബംഗങ്ങളിൽ സൃഷ്ടിച്ചവർ ഇന്ന് അന്നന്നത്തെ അന്നത്തിന് അന്യൻ്റെ മുന്നിൽ യാചിക്കുവാനാകാതെ കണ്ണീരുമായി നെടുവീർപ്പിടുന്നവർ.. പേരിന്നും പ്രവാസി !
മുന്നോട്ടുള്ള പ്രയാണത്തിൽ സർക്കാർ കിറ്റല്ലാതെ മറ്റൊരു വഴിയുമില്ലാത്തവർ.. പക്ഷേ ഒന്നുണ്ട് കൈമുതലായിട്ട് വർഷങ്ങൾ കൊണ്ട് മരുഭൂമിയിൽ നിന്നും നേടിയെടുത്ത അനുഭവ പ്രാഗൽഭ്യം പല തരത്തിൽ പലവിധത്തിൽ…ബൂഫിയ മുതൽ കൺസ്ട്രക്ഷൻ മേഖലയിൽ വരെയുള്ള വൈദഗ്ധ്യം. അക്കാര്യത്തിൽ ഗൾഫിലെ തൊഴിലാളികൾക്കുള്ള കരവിരുത് അതുല്യമാണ്. അത് ഉപയോഗപ്പെടുത്തുവാൻ അവർക്ക് സർക്കാർ സംവിധാനത്തിന്റെ സപ്പോർട്ട് മാത്രം മതി. സർക്കാർ സംവിധാനം ഒപ്പം നിന്ന് തുറന്ന മനസ്സോടെ തൊഴിലിടങ്ങളിൽ അവർക്ക് മുൻതൂക്കം നൽകിയാൽ വിവിധ മേഖലകളിൽ അത്ഭുതങ്ങൾ സൃഷ്ഠിക്കുവാൻ പ്രവാസികൾക്ക് കഴിയും…
വിദേശരാജ്യങ്ങളിലെ വൈദഗ്ധ്യം നമുക്ക് അവരിലൂടെ നാട്ടിലും ലഭ്യമാക്കാം. മൊബൈൽ റസ്റ്റോറൻ്റുകൾ, ബിൽഡിംഗ് ഡെക്കറേഷൻ , മൊബൈൽ ഷോപ്പുകൾ, സുരക്ഷാ സേവനങ്ങൾ, കാർഷികോൽപ്പന്നങ്ങളുടെ വിപണനം എന്നിവ ഉദാഹരണങ്ങൾ മാത്രം. സാമ്പത്തിക സഹായം നൽകുക മാത്രമല്ല മോണിറ്ററിംഗ് കൂടി നിർബന്ധമാക്കണം. ലോൺ നൽകുന്നത് തിരികെ ഗവൺമെൻ്റിന് നൽകണമെന്ന കർശന ഉപാധി കൂടുതൽ ഉത്തരവാദിത്ത ങ്ങളിലേക്ക് അവരെ ചിന്തിപ്പിക്കും.. ഗൾഫിൽ ജോലി ചെയ്തവർക്ക് കൃത്യനിഷ്ഠ കൂടുതലാണ്.ഒന്നാമത്തെ ക്വാളിറ്റിയും അതാണല്ലോ?
വേണ്ടവിധം ശുചിത്വത്തിനു പ്രാധാന്യം നൽകുക. മായം ചേർക്കൽ ഇല്ലാതിരിയ്ക്കുക എന്നതൊക്കെ ഗൾഫ് മേഖലയെ വ്യത്യസ്ഥമാക്കുന്നുണ്ട്. ഒപ്പം കസ്റ്റമർ റിലേഷനിലും, പെരുമാറ്റ രീതികളിലും വിപണനതന്ത്രങ്ങളിലും മറ്റും പരിശീലനവും അനുഭവ സമ്പത്തുമുള്ളവരാണ് ഗൾഫ് തൊഴിലാളി.അതിനാൽ ഈ പ്രായോഗികക്ഷമത നാം ഉപയോഗപ്പെടുത്തി പ്രവാസിയുടെ കണ്ണീർ മാറ്റാനും ഒപ്പം കഷ്ടതയിലുടെ ജീവിതം വഴിമുട്ടുന്ന പ്രവാസിയുടെ കഴിവുകളെ ഉപയോഗപ്പെടുത്തി നമ്മുടെ നാടിന് പുരോഗതി നൽകാനും ഇനിയും അമാന്തിയ്ക്കരുത്… എങ്കിലത് കൊറോണയെക്കാൾ വലിയ ദുരിതത്തിലേക്ക് പാവം പ്രവാസിയെ കൊണ്ടെത്തിയ്ക്കും അതിനർത്ഥം ദുരിതം മാറില്ലെന്നല്ല, ഈ നിമിഷവും കടന്നു പോകും തീർച്ച.
വീണ്ടും … ഗൾഫിലേക്കുള്ള യാത്ര തുടരും… പലരും പറയാറുണ്ട് ഗൾഫിൻ്റെ കാലം കഴിഞ്ഞെന്ന്. അതൊരിക്കലും സത്യമല്ല. മുൻപത്തെക്കാൾ കൂടുതൽ ഊർജ്ജത്തോടെ പ്രവാസികൾ മിഡിൽ ഈസ്റ്റിലേക്ക് പറക്കും ഇതൊരു താൽക്കാലിയ പ്രതിസന്ധി മാത്രം! അത് കൊണ്ട് എല്ലാം അവസാനിച്ചുവെന്ന പ്രചരണം അപക്വമാണ്. മിഡിൽ ഈസ്റ്റ് ഉള്ള കാലം വരെയും ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങൾ ലോകത്തിൻ്റെ മിഡിൽ ഈസ്ററിലേക്ക് പറന്ന് കൊണ്ടേയിരിക്കും പ്രത്യേകിച്ച് തൊഴിലാളികൾ,കാരണം ദൈവം മണലാരണ്യങ്ങളിൽ സ്വർഗ്ഗം സൃഷ്ടിക്കുന്നതു തന്നെ.
സാധാരണക്കാരുടെ ജീവിത മാർഗ്ഗത്തിന് വേണ്ടിയും കൂടിയാണ്. അതിലും ഏറ്റവും കൂടുതൽ മണലാരണ്യത്തിനും ദൈവത്തിൻ്റെ സ്വന്തം നാട്ടിലുള്ള ഇവരെയാണ് വിശ്വാസം. ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാം Take off നായി….ഒപ്പം ഒരു ചിന്ത കൂടി കൂട്ടിച്ചേർക്കട്ടേ…നമ്മൾ മലയാളികൾ അന്യനാടുകളിൽ സ്വർഗ്ഗംവരെ പണിയും..ഏൽപ്പിക്കുന്ന ജോലി വിശ്വസ്തതയോടെയും ആത്മാർത്ഥതയോടെ ചെയ്യും…ലോകം മലയാളിയെ ആദരവോടെ നോക്കും.പക്ഷേ പിറന്ന മണ്ണിൽ മാത്രം അവനു വിലയില്ല…എന്തുകൊണ്ട് ?
തെറ്റ് ആരുടെ ഭാഗത്ത് ?