കൊച്ചി: “മത്സ്യം രുചികരമാകാൻ അത് മൂന്നുതവണ നീന്തണം, വെള്ളത്തിലും വെണ്ണയിലും വീഞ്ഞിലും…” – പോളിഷ് പഴമൊഴി രേഖപ്പെടുത്തിയ മേശപ്പുറത്തേക്ക് വലിയൊരു താലത്തിൽ ഉസ്മാൻ ഉപ്പും മുളകും പുരട്ടിയ മീൻ കൊണ്ടുവന്നു വെക്കുമ്പോൾ അവരുടെ കണ്ണുകൾ കനൽപോലെ തിളങ്ങി. എഴുത്തുകാരനായ ജോൺ പോളും നടൻ ഇർഷാദും ഓർമകളുടെ കനലിൽ മീൻകഥകൾ പൊരിച്ചെടുക്കുമ്പോൾ ആ ഗന്ധം നുകർന്ന് ആതിഥേയന്റെ വേഷത്തിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം. മീൻരുചിയുടെ കടലിലേക്ക് അവർ മൂന്നുപേരും ഒരുമിച്ചു തുഴഞ്ഞു. സന്തോഷ് ഏച്ചിക്കാനം കാക്കനാട് കുന്നുംപുറത്ത് തുടങ്ങിയ ‘വള്ളക്കടവ് -സീഫുഡ് റസ്റ്റോ കഫേ’യിലായിരുന്നു ഇവരുടെ സംഗമം.
മീൻ തൊട്ടു തുടങ്ങണം
കഥകളുടെ മീൻകറിയിലേക്ക് ആദ്യത്തെ ചേരുവയിട്ടത് ജോൺ പോളായിരുന്നു. “മീൻ തൊട്ടു തുടങ്ങണം എന്നൊരു ചൊല്ലുണ്ട്. ഇടനാടും മലനാടുമുള്ള കേരളത്തിന് മീൻ എന്ന രുചിയുടെ ലോകം സമ്മാനിക്കുന്നത് തീരദേശമാണ്. മീൻ കൂട്ടിയുള്ള ഊണാണ് ഒരു ശരാശരി മലയാളിയുടെ ഇഷ്ട രുചികളിലൊന്ന്. സന്തോഷ് എന്ന എഴുത്തുകാരൻ മീൻകറിയുടെ ലോകത്തേക്ക് ഈ റസ്റ്റോറന്റ് തുറന്നിടുമ്പോൾ അത് പുതിയ അനുഭവമാകുമെന്നാണ് ഞാൻ കരുതുന്നത്. പണ്ട് ജവാഹർലാൽ നെഹ്റു കേരളത്തിലെത്തുമ്പോൾ കോട്ടയത്ത് സിനിമാ നടൻ ജോസ് പ്രകാശിന്റെ ഭാര്യയുടെ വീട്ടുകാർ നടത്തിയിരുന്ന ഹോട്ടലിലെ അപ്പവും സ്റ്റൂവും വേണമെന്ന് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. നാവിൽ പിടിച്ച രുചിയുടെ അടയാളമാണ് നെഹ്റുവിന്റെ വാക്കുകൾ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മീനിനും ഇതുപോലെ മനുഷ്യമനസ്സുകളെ ഒരുപാട് ആഴത്തിൽ സ്പർശിക്കാൻ കഴിയും” – ജോൺ പോൾ പറഞ്ഞു.
മത്തി ഒരു ചെറിയ മീനല്ല
ജോൺ പോൾ തുടങ്ങിയ മീൻകഥയിലേക്ക് അടുത്ത ചേരുവകളിട്ടത് ഇർഷാദായിരുന്നു. “സന്തോഷ് എന്ന എഴുത്തുകാരന്റെ പാചകത്തിന്റെ രുചി ഒരുപാടുതവണ അനുഭവിച്ച ഒരാളാണ് ഞാൻ. ഞങ്ങൾ കൂടുമ്പോഴൊക്കെ അവൻ സ്പെഷ്യൽ മീൻ ഐറ്റംസ് ഉണ്ടാക്കും. മത്തി, മാന്തൾ, കൊഴുവ, മുള്ളൻ തുടങ്ങിയ ചെറുമീനുകളാണ് എനിക്കു കൂടുതൽ ഇഷ്ടം. എനിക്കറിയാവുന്ന പല എഴുത്തുകാരും നല്ല പാചകക്കാരാാണ്. സി.വി. ബാലകൃഷ്ണനും എൻ. ശശിധരനും ഉൾപ്പെടെ എത്രയോ പേർ. സന്തോഷ് ഉണ്ടാക്കുന്ന സ്പെഷ്യൽ മീൻ ഐറ്റംസിനൊക്കെ അവൻതന്നെ ഒരു പേരിടാറാണ് പതിവ്.
മനസ്സിൽ ഭക്ഷണത്തോട് മൊഹബ്ബത്തുള്ള ഒരാൾ പ്രിയപ്പെട്ടവരുടെ മനസ്സ് നിറയണമെന്ന ആഗ്രഹത്തോടെ ഉണ്ടാക്കുന്ന ഏതു മീൻകറിക്കും വല്ലാത്തൊരു ടേസ്റ്റായിരിക്കും”-ഇർഷാദ് പറയുമ്പോൾ ഉസ്മാൻ പൊരിച്ച മീൻ മേശപ്പുറത്തേക്കു കൊണ്ടുവന്നുവെച്ചു.
മനസ്സ് നിറയുന്ന മൊഹബ്ബത്ത്
ഭക്ഷണം ഉണ്ടാക്കുന്നതിനെക്കാൾ ജീവിതത്തിൽ സന്തോഷം നൽകുന്ന അനുഭവം ഏറെയില്ലെന്ന് സന്തോഷ് പറയുന്നു. “എഴുത്താണ് എന്റെ ജീവിതം. ആ ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടതാണ് മറ്റുള്ളവർക്ക് ഭക്ഷണമുണ്ടാക്കി നൽകുന്നത്. ഏതു പാതിരാത്രിയിലും കൂട്ടുകാർക്ക് ഭക്ഷണമുണ്ടാക്കി നൽകിയിരുന്ന ഒരാളാണ് ഞാൻ. ഭക്ഷണം വെറുതെ ഉണ്ടാക്കിക്കൊടുത്തിട്ടു കാര്യമില്ല. അതു നന്നാവാൻ മനസ്സിൽ അതിനോടുള്ള ഒരു മൊഹബ്ബത്ത് വേണം. നമ്മൾ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം കഴിച്ച് മറ്റുള്ളവരുടെ വയറും മനസ്സും ഒരുപോലെ നിറയണം. ഒരു ‘സീഫുഡ് റസ്റ്റോറന്റ്’ എന്ന മോഹം കുറെ നാളായി മനസ്സിലുണ്ടായിരുന്നു. ഒരുപാട് സ്ഥലങ്ങൾ നോക്കിയെങ്കിലും ഇപ്പോഴാണ് മനസ്സിനു പറ്റിയ ഒരിടം കിട്ടിയത്. മീനിന്റെ മനസ്സ് അറിയുന്ന ഉസ്മാൻ എന്ന സുഹൃത്തിനൊപ്പമാണ് ഞാൻ ഈ മീൻ രുചിയുടെ ലോകത്തേക്ക് കടക്കുന്നത്” – സന്തോഷ് പറഞ്ഞു.
പാരീസിലെ മീൻകറി
മീൻകഥകൾ പറഞ്ഞിരിക്കുമ്പോഴാണ് ജോൺപോൾ അതിരുചികരമായ ഒരു ഓർമ വിളമ്പിയത്. “മീൻകറിയുടെ ഗന്ധംപോലും മനസ്സിനെ ഏതൊക്കെയോ ലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്. കെ.ജി. ജോർജിന്റെ ‘കോലങ്ങൾ’ എന്ന സിനിമ പാരീസിലെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചപ്പോൾ അതു കാണാൻ അടൂർ ഗോപാലകൃഷ്ണനെത്തിയിരുന്നു.
അദ്ദേഹം അവിടെ വെച്ചാണ് ആ സിനിമ ആദ്യമായി കാണുന്നത്. മൺകലത്തിൽ കുടംപുളിയിട്ട് മീൻകറി വെക്കുന്ന ഒരു ദൃശ്യം ആ സിനിമയിലുണ്ടായിരുന്നു. അതു കണ്ടപ്പോൾ ശരിക്കും മീൻകറി മുന്നിലെത്തിയ അനുഭവമായിരുന്നെന്നാണ് അടൂർ പറഞ്ഞത്. ആ നിമിഷം ഒരുപാത്രം ചോറ് കിട്ടിയിരുന്നെങ്കിൽ സിനിമയിലെ മീൻകറിയുടെ ദൃശ്യം പകർന്ന ഗന്ധത്തിന്റെ ഓർമകളിൽ ആ ചോറ് മുഴുവൻ ഉണ്ണുമെന്നായിരുന്നു അടൂർ പറഞ്ഞത്. മീൻകറിയുടെ സ്വാദ് നാവിൽ ഊറാൻ അതിനെക്കാൾ വലിയൊരു ഉദാഹരണം പറയാനുണ്ടോ…?” ജോൺ പോൾ ചോദിച്ചപ്പോൾ സന്തോഷ് ഒരു വാചകത്തിൽ അതു പൂരിപ്പിച്ചു: ‘‘മൺകലത്തിൽ കുടംപുളിയിട്ടുവെച്ച മീൻകറി സ്വാദിന്റെ വലിയൊരു കടലാണ്”.
Content Highlights: seafood resto cafe by santhosh echikkanam, fish food restaurant