ഡോക്ടർമാർക്കെതിരെ ഉള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ അംഗങ്ങളായിട്ടുള്ള മൂന്നരലക്ഷം ഡോക്ടർമാർ ഇന്ന് രാജ്യ വ്യാപകമായി പ്രതിഷേധ സമരം നടത്തുകയാണ്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ഡെന്റൽ അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആയ ഡോക്ടർ സിദ്ധാർഥ് വി. എൻ,ഡോക്ടർ അരുൺ ആർ,ഡോക്ടർ പ്രേംജിത് എന്നിവർ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ സമരം നടത്തുകയുണ്ടായി.
മെയ് പതിനാലാം തീയതി മാവേലിക്കര താലൂക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടി ഡോക്ടറെ ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ആക്രമിച്ചതായി ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആരോപണവിധേയനായ വ്യക്തിയുടെ മാതാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടതിനു ശേഷമാണ് ആക്രമണം നടക്കുന്നത്. രോഗിയെ ചികിത്സിച്ച രാഹുൽ മാത്യു എന്ന് ഡോക്ടറാണ് ആക്രമിക്കപ്പെട്ടത്.
ജൂൺ ഏഴാം തീയതി ഒരു രോഗിയുടെ മരണത്തിനു ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ എമർജൻസി വിംഗ് ഒരു പറ്റം ആൾക്കാർ ആക്രമിച്ച സംഭവമുണ്ടായി. ഇവർ എമർജൻസി വാർഡ് തകർക്കുകയും അവിടെയുള്ള സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. മരണപ്പെട്ട രോഗി അത്യാസന്നനിലയിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അവിടെനിന്ന് ബലംപ്രയോഗിച്ച് ഡിസ്ചാർജ് ചെയ്ത് തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
കോവിഡ് മഹാമാരിയിൽ നിന്നും പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് നമ്മുടെ നാട്ടിലെ ഡോക്ടർമാർ പ്രവർത്തിക്കുന്നത്. ഈശ്വരന് തുല്യമായി ആരോഗ്യപ്രവർത്തകരെ കാണേണ്ട സാഹചര്യത്തിൽ അവർക്ക് നേരെയുള്ള അക്രമങ്ങൾ തികച്ചും അപലപനീയമാണ്.