ഒരു മുദ്രാഗീതംപോലെ ഇപ്പോഴും കേരളത്തിൽ മുഴങ്ങിക്കേൾക്കുന്ന വള്ളത്തോളിന്റെ ഈ വരികൾ ഏറ്റുപാടാത്ത മലയാളികൾ ഉണ്ടാവില്ല.എന്നാൽ അതൊക്കെ അന്ന്.ഇന്ന് കേരളമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം…..കാരണമെന്തെന്നല്ലേ ?
കൊറോണയെന്നൊരു കുഞ്ഞൻ വൈറസ് മനുഷ്യരാശിയെ കാർന്നുതിന്നാൻ തുടങ്ങിയിട്ട് ഒന്നരവർഷം കഴിയുന്നു.ലോകത്തിന്റെ ഓരോ കോണിലും ഇവൻ സംഹാരതാണ്ഡവമാടി.ഒന്നാം ഘട്ടം നമ്മൾ മലയാളികൾ വിജയകരമായി തരണം ചെയ്തു.രണ്ടാംഘട്ടം ഗുരുതരമായി.
ഇടയ്ക്ക് രണ്ടു തെരഞ്ഞെടുപ്പുകൾ പരമാവധി ഇളവുകളോടെ ആഘോഷിച്ചു.ഫലപ്രഖ്യാപനവും മന്ത്രിസഭാ രൂപീകരണവും അടച്ചുപൂട്ടലിന്റെ അകത്തളങ്ങളിൽ വിമർശനങ്ങളുടെ അകമ്പടിയോടെ നടത്തി.വിദ്യാരംഭം ഓൺലൈനിലൂടെയും. ആരാധനാലയങ്ങൾ അടച്ചുപൂട്ടി ദൈവങ്ങൾക്കവധി കൊടുത്തു.മദ്യഷാപ്പുകൾ അടച്ചു.പലവ്യഞ്ജനക്കടകൾ,ഹോട്ടലുകൾ പാതി തുറന്ന ഷട്ടറുകൾക്കിടയിലൂടെ സാധനങ്ങൾ വീടുകളിലെത്തിച്ചു വിശപ്പടക്കി.
ഗതാഗതശകടങ്ങളിൽ പുല്ലും കമ്മ്യൂണിസ്റ്റ് പച്ചയും വളർന്നുകേറി.സത്യവാങ്ങ് മൂലം എന്ന കള്ളസത്യ..മൂലം അത്യാവശ്യ യാത്രകൾ സാധിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പട്ടിണിയും പരിവട്ടവുമായി പൊതുജനങ്ങളിൽ ഏറിയപങ്കും വീടിനുള്ളിൽ തടങ്കലിലും.ഇതിനിടയിൽ പോസിറ്റീവായവർ സമ്പർക്കക്കാർ സ്വയം തീർത്ത ഏകാന്തതടവറയിൽ കുറെയേറെപ്പേർ.
സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആഴ്ചകൾ നീട്ടി നീട്ടി ജൂൺ 16 വരെയെത്തി. മദ്യശാലകൾ അടഞ്ഞുകിടന്നെങ്കിലും ആവശ്യക്കാരന് ഔചിത്യം ഇല്ലെന്ന ആപ്തവാക്യത്തിൽ വിശ്വാസമർപ്പിച്ച കുടിയന്മാരെ ആകർഷണ നിയമം (Law of Attraction)കൈവിട്ടില്ല.അവർക്ക് കിട്ടേണ്ടത് കിട്ടി.പക്ഷേ വരുമാനം കേരള സർക്കാറിനായിരുന്നില്ല എന്നുമാത്രം. സർക്കാർ വരുമാനം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിൽ എത്തിയാലോ എന്നു ഭയന്ന് മറ്റൊന്നും തുറന്നില്ലെങ്കിലും വേണ്ട ബിവറേജ് ഔട്ലെറ്റുകൾ തുറക്കാൻ തീരുമാനിച്ചു.മദ്യശാലകൾ മോടിപിടിപ്പിച്ചു ഭംഗിയാക്കി.ഉപഭോക്താക്കളുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചു വേണമല്ലോ കടയുടെ നിലവാരം.
ജൂൺ17. പ്രഖ്യാപനം പോലെ ആപ്പും കോപ്പുമൊന്നുമില്ലാതെ മദ്യക്കടകളുടെ വാതായനങ്ങൾ നാടിന്റെ കർമ്മധീരരായ നികുതിദായകർക്കു മുന്നിൽ മലർക്കെ തുറന്നു. ഏകദേശം നാല്പതു ദിവസമായി കൂലിയും വേലയുമില്ലെന്നു പറഞ്ഞ ചേട്ടൻമാരെല്ലാം ഹാജർ.ഇവർക്ക് നമ്മളറിയാതെ വല്ല ലോണോ മറ്റോ കൊടുത്തുകാണുമോ ? കോവിഡ് പ്രതിരോധ വാക്സിനെടുക്കണമെങ്കിൽ മുൻകൂട്ടി രജിസ്റ്റർചെയ്തു കാത്തുകെട്ടിക്കിടന്ന് ടോക്കൺ വാങ്ങി കുത്തിവയ്പ്പെടുക്കണം.എന്തെല്ലാം നൂലാമാലകൾ.ദാ ഇവിടെ നില്ക്കുന്നവരിൽ എത്രപേർ വാക്സിനേഷൻ എടുത്തവരുണ്ടാവും?
ഓരോ ഔട്ലെറ്റിലും എത്തുന്നവർക്ക് വാക്സിനും കൂടി കൊടുത്തുവിട്ടിരുന്നു എങ്കിൽ ആ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും കൂടി സംയുക്തമായി ഇക്കാര്യത്തിൽ ഒരു ധാരണയുണ്ടാക്കി ഈ ചേട്ടൻമാരുടെ ആയുസ്സിനു കൂടി സംരക്ഷണം നൽകണമെന്നാണെന്റെയൊരിത്. കാരണം ഈ ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും കൊറോണവൈറസിനെ വീട്ടിലേക്കു കൊണ്ടുവന്ന് അവിടെയുള്ള പാവം ഭാര്യമാരെയും കുട്ടികളേയും കൂടി ദ്രോഹിക്കരുത് അപേക്ഷയാണ്.
വാക്സിനെടുത്താൽ രോഗം വരില്ല എന്നു പൂർണ്ണമായ ഉറപ്പൊന്നുമില്ലെങ്കിൽത്തന്നെയും ഒരു മുൻകരുതൽ എന്ന നിലയ്ക്കും ഇങ്ങനെ ക്യൂ നില്ക്കാൻ ഇക്കൂട്ടർക്ക് മടിയില്ലാത്തതിനാലും ഇവർക്ക് ഇവിടെ നിന്നും വാക്സിനേഷൻ എടുക്കാൻ സൗകര്യം ചെയ്തു കൊടുത്തു കൂടേ?
(പക്ഷേ ഒന്നു പറയാതിരിക്കാനും വയ്യ….ഇവർ കഴിക്കുന്ന മദ്യം പ്രതിരോധകുത്തിവയ്പ്പുകളെ തോല്പിക്കുന്നതാണെന്ന് കേരളത്തിലെ കോവിഡ് മരണനിരക്കുകളും ടിപിആർ നിരക്കുകളും തെളിയിച്ചു തരുന്ന കാര്യം.)