തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനം. ഏറ്റവും ഉയര്‍ന്ന നിരക്ക് മലപ്പുറം ജില്ലയിലാണ്. 13.8 ശതമാനമാണ് അവിടത്തെ ടിപിആര്‍. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോട്ടയത്തിനു പുറമേ ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയാണ്. ബാക്കി 10 ജില്ലകളിലും 10 മുതല്‍ 13.80 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുടെ ഉയര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവു വന്നിട്ടുണ്ട്. കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 42 ശതമാനവും കുറവു വന്നിട്ടുണ്ട്. ജൂണ്‍ 11, 12, 13 ദിവസങ്ങളിലെ പുതിയ കേസുകളുടെ ശരാശരി എണ്ണത്തേക്കാള്‍ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ 14.43 ശതമാനം കുറവാണുണ്ടായത്. 10.04 ശതമാനം കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമുണ്ടായി.
40 ദിവസത്തോളം നീണ്ട ലോക്ഡൗണിനെത്തുടര്‍ന്ന് രോഗവ്യാപനത്തില്‍ വന്ന കുറവ് കണക്കിലെടുത്ത് ഇളവുകള്‍ വരുത്തി നമ്മുടെ സംസ്ഥാനം മുന്നോട്ടു പോവുകയാണ്. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിനനുസൃതമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഈ നിയന്ത്രണങ്ങളോട് പൂര്‍ണമായ സഹകരണം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണം. ലോക്ഡൗണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത ഇനിയും തുടരണം.
തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസിനെയാണ് നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ശനമായ രീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇരട്ട മാസ്ക്കുകള്‍
ധരിക്കാനും ചെറിയ കൂടിച്ചേരലുകള്‍ പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകള്‍ക്കകത്തും കരുതലുകള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം. മുന്‍പ് നിരവധി തവണ വിശദമാക്കിയതു പോലെ അടുത്ത് ഇടപഴകലുകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം. കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. അടഞ്ഞ സ്ഥലങ്ങളും വേണ്ട. വായു സഞ്ചാരമുള്ളിടങ്ങളിലാകണം ഇടപഴകലുകള്‍.
മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട് എന്നതും കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്ക് നമ്മളൊന്നാകെ ജാഗ്രത പുലര്‍ത്തിയാല്‍ മൂന്നാം തരംഗത്തെ തടയാന്‍ സാധിക്കും. ഡെല്‍റ്റാ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം മൂന്നാമത്തെ തരംഗത്തിലുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് നമ്മുടെ നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം.
മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ധരില്‍ നിന്നും ഉണ്ടാകുന്നുണ്ട്. അത്തരം ചര്‍ച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പ് തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്. ഒരു തരത്തിലുള്ള അലംഭാവവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല.
കുട്ടികളുടെ വാക്സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തകള്‍ പ്രത്യാശ നല്കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്ക് വേണ്ട വാക്സിനേഷന് അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയില്‍ ആ പ്രായപരിധിയില്‍ പെട്ട കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കിത്തുടങ്ങി എന്നാണ് അറിയാന്‍ സാധിക്കുന്നത്.
കേരളത്തില്‍ ഏകദേശം 40 ശതമാനം പേര്‍ക്ക് ആദ്യത്തെ ഡോസ് വാക്സിന് ഇതുവരെ നല്കാന് സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ത്വരിത ഗതിയില്‍ അതിന്റെ വിതരണം നമ്മള് നടത്തുന്നുണ്ട്. അതിനു പുറമേ, ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത വിധം ഒട്ടും തന്നെ പാഴായിപ്പോകാതെ വാക്സിന് നമുക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്നു. വാക്സിനേഷന് കൂടുതല്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
അതേ സമയം വാക്സിന് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും നമ്മള് ശ്രദ്ധിക്കണം. വാക്സിന് കേന്ദ്രങ്ങള്‍ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറരുത്. അധികൃതരും ജനങ്ങളും ഇക്കാര്യത്തില്‍ ഒരു പോലെ ഉത്തരവാദിത്വത്തോടെ പെരുമാറണം. വാക്സിന് ലഭിക്കുന്നില്ല എന്ന ഭീതിയോടെ ആരും പ്രവര്‍ത്തിക്കരുത്. വാക്സിന് ലഭ്യമാകുന്നതിനനുസരിച്ച് ഒട്ടും താമസിപ്പിക്കാതെ അതു വിതരണം ചെയ്യുന്നുണ്ട്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുക തന്നെ ചെയ്യും. പക്ഷേ, വാക്സിന് ലഭിക്കുന്നില്ല എന്ന ആശങ്കയോടെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ വന്ന് ആള്‍ക്കൂട്ടം സൃഷ്ടിച്ചാല്‍ രോഗബാധയുണ്ടാവുകയും ജീവന് അപകടത്തിലാവുകയുമാണ് ചെയ്യുക എന്നോര്‍ക്കുക.
വാക്സിന് വലിയൊരു ശതമാനം ആളുകള്‍ക്ക് ലഭിച്ച് സാമൂഹിക പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കുന്നത് വരെ ജാഗ്രത കര്‍ശനമായി പാലിക്കേണ്ട ഉത്തരവാദിത്വം നമ്മള് നിറവേറ്റണം. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകര്‍ മൈകോസിസ് പുതുതായി ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 73 കേസുകളാണ്. അതില്‍ 50 പേര് ഇപ്പോളും ചികിത്സയിലാണ്. എട്ടു പേര് രോഗവിമുക്തരാവുകയും 15 പേര് മരണപ്പെടുകയും ചെയ്തു.
Content Highlights: TPR Kerala Coronavirus