തിരുവനന്തപുരം: ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച വരെയാണ് നിലവിലെ സ്ഥിതി തുടരുക. ഈ ഒരാഴ്ച കാലം ഏത് തരത്തിലാണ് കാര്യങ്ങള്‍ എന്നുനോക്കി കുറച്ച് ഇളവുകള്‍ കൂടി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ചക്ക് ശേഷമുള്ള വിലയിരുത്തലിലേക്ക് ഇന്ന് കടന്നിട്ടില്ല. ചൊവ്വാഴ്ച ഇതു സംബന്ധിച്ച അവലോകനത്തിന് ശേഷം തീരുമാനമെടുക്കും. ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായി അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല. പലതിനും നമ്മള് നിര്‍ബന്ധിതരായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.