കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കണ്ടോത്ത് ഗോപിയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രിക്കു മറുപടി നല്‍കാനായി കെ. സുധാകരന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിക്കാന്‍ കണ്ടോത്ത് ഗോപിയോട് സുധാകരന്‍ ആവശ്യപ്പെടുകയും ചെയ്തു.
കണ്ടോത്ത് ഗോപിയുടെ വാക്കുകള്‍:
“അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ 26 ലബര്‍ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ എ.ഐ.ടി.യു.സിയുടേയും 12 പേര്‍ ഐ.ന്‍.ടി.യു.സിയുടേയും രണ്ട് പേര്‍ എച്ച്.എം.എസിന്റേയും തൊഴിലാളികളാണ് ഉണ്ടായിരുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് പാണ്ട്യാല ഗോപാലന്‍ മാസ്റ്ററെ അടിയന്താരവസ്ഥ കാലത്ത് അറസ്റ്റ് ചെയ്ത കാലത്താണ് നിയമനം നടന്നത്.
“77-ല്‍ കേരളത്തില്‍ പി.കെ.വിയുടേയും കേന്ദ്രത്തില്‍ മൊറാര്‍ജി ദേശിയായുടേയും ഭരണം നടന്നിരുന്ന കാലമാണ് അത്. അന്ന് സൊസൈറ്റിയില്‍നിന്ന് 26 തൊഴിലാളികളേയും പിരിച്ചുവിട്ടു. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാല്‍നടപ്രചരണ ജാഥയുടെ ഉദ്ഘാടനത്തിനായി ഞാന്‍ വലിയമ്പലം ബസാറിന് സമീപത്തെത്തി. നാഷണല്‍ ബീഡി ആന്റ് സിഗര്‍ വര്‍ക്കേഴ്‌സിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. അപ്പോഴാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ആയുധധാരികളായ മുപ്പതോളം പേരെത്തിയത്. അവരുടെ കൈവശം കൊടുവാളടക്കമുള്ള ആയുധമുണ്ടായിരുന്നു.
“താനാണോടോ ജാഥാലീഡര്‍ എന്ന് ആക്രോശിച്ച് പിണറായി വിജയന്‍ തനിക്ക് നേരെ കൊടുവാളോങ്ങി. കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടുക്കുകയായിരുന്നു. ആ മുറിവാണ് ഇപ്പോള്‍ കയ്യിലുള്ളത്. പി.പി. മുകുന്ദന്‍ എന്ന് പേരുള്ള എന്റെ സഹപ്രവര്‍ത്തകന്‍ എന്നെ പിണറായിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി. കൈ തുന്നിക്കെട്ടിയതിനു ശേഷം വീണ്ടും ജാഥയിലേക്ക് തിരിച്ചെത്തി. ജാഥയുടെ പല ഘട്ടങ്ങളിലും ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ കേസ് പോലും പിണറായി വിജയന്‍ സ്വാധീനിച്ച് മായ്ച്ചുകളഞ്ഞു. പോലീസ് മൊഴിയെടുത്തെങ്കിലും എഫ്.ഐ.ആര്‍. ഇട്ടില്ല. അങ്ങനെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നിസ്സഹകരണം മൂലം കേസ് ഇല്ലാതായി. തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.” കണ്ടോത്ത് ഗോപി പറഞ്ഞു.
Content Highlights: Kandoth Gopi, DCC Secretary recalls attack by Pinarayi Vijayan during emergency period