മുഖ്യമന്ത്രിയുടെ കസേരക്കും അന്തസ്സിനും യോജിച്ചതല്ല
പിണറായി എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്കി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുധാകരന് വെല്ലുവിളിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട വിവരം അറിഞ്ഞിട്ടും സ്വന്തം ഭാര്യയോട് പോലും പറയാതിരുന്ന പിണറായി അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് തനിക്ക് സംശയമുണ്ടെന്നും സുധാകരന് പറഞ്ഞു.
കെ. സുധാകരന് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്:
“സ്വന്തം അനുഭവം പങ്കുവെക്കാന്‍ അദ്ദേഹം എഴുതി വായിക്കേണ്ടതുണ്ടോ? എന്റെ അനുഭവം ഞാന്‍ നിങ്ങളോട് പറയുന്നത് എഴുതിയിട്ടല്ല. അനുഭവം എഴുതി വായിക്കേണ്ട അവസ്ഥ മറ്റാര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല.
“മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന എനിക്ക് എന്ത് ഫിനാന്‍ഷ്യറാണ് ഉണ്ടാകുക? വിദ്യാര്‍ഥികള്‍ക്ക് എന്ത് ഫിനാന്‍ഷ്യറാണ് ഉണ്ടാകുക? മരിച്ചുവെന്ന് പറഞ്ഞ ആളാണ് പറഞ്ഞതെന്നാണ് പിണറായി പറഞ്ഞത്. അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല.
“ഭാര്യയോട് പോലും പറഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പിണറായി വിജയന് ഒരച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് ഞാന്‍ സംശയക്കുന്നു. ഒരു മുഖ്യമന്ത്രിയുടെ കസേരക്കും അന്തസ്സിനും യോജിച്ചതല്ല.
“രണ്ടാമത്തെ ആരോപണം എനിക്ക് വിദേശ കറന്‍സി ഇടപാടുണ്ടെന്നാണ്. ആരാ പറയുന്നത്? അഞ്ചു വര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രിയാ. അഴിമതിയും സ്വജനപക്ഷപാതവും വെച്ചുപുലര്‍ത്തി വിദേശ കറന്‍സി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. അത് എല്ലാവരും അറിഞ്ഞതാണ്. നാല് വര്‍ഷം കൂടെ കൊണ്ടുനടന്നു സ്വപ്ന സുരേഷിനെ. എന്നിട്ട് അവസാനം എനിക്കറിയില്ലെന്ന് പറഞ്ഞു. കൊച്ചുകുട്ടികള്‍ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. അപാരമായ തൊലിക്കട്ടിയുള്ള ആള്‍ക്കല്ലാതെ ഞാന്‍ കറന്‍സി ഇടപാട് നടത്തിയെന്ന് പറയാനാവില്ല.
“മണല്‍ മാഫിയയുമായി ബന്ധമുള്ള ആളാണ് കെ.പി.സി.സി. അധ്യക്ഷനെങ്കില്‍ നിങ്ങള്‍ അന്വേഷിക്കണം. ഭരണം നിങ്ങളുടെ കൈയില്‍ ആണല്ലോ. വെടിയുണ്ട കണ്ടെടുത്തപ്പോള്‍ കോടതിയില്‍നിന്ന് ലഭിച്ച തിരിച്ചടി പിണറായിക്ക് ഓര്‍മയുണ്ടോ… ജസ്റ്റിസ് സുകുമാരന്‍ ആവര്‍ത്തിച്ച് പറഞ്ഞു, മാഫിയകളുമായി ബന്ധമുണ്ടെന്ന്. വെടിയുണ്ട കണ്ടെടുത്തത് എന്നില്‍ നിന്നല്ല. പിണറായി വിജയനില്‍ നിന്നാണ്. ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ. തോക്കുമായി നടക്കുന്ന പിണറായിയാണോ മാഫിയ ഒരു തോക്ക് പോലും ഇതുവരെ വാങ്ങാത്ത ഞാനാണോ മാഫിയ എന്ന് ജനം പറയട്ടെ.
“സ്കൂള്‍ ഫണ്ടും രക്തസാക്ഷിളുടെ ഫണ്ടും ദുരുപയോഗം ചെയ്തെന്ന് പറഞ്ഞു. ഇതൊന്നും പിണറായി അന്വേഷിക്കേണ്ട. അതിന് എന്റെ പാര്‍ട്ടിയുണ്ട്. ഇതിനെ കുറിച്ച് ആരെങ്കിലും പിണറായി പരാതി നല്കിയിട്ടുണ്ടെങ്കില് പോലീസിനെ വെച്ച് അന്വേഷിക്കണം. നട്ടെല്ലുണ്ടെങ്കില്‍ എനിക്കെതിരായാ ആരോപണങ്ങളില്‍ കേസെടുത്ത് എന്നെ പ്രതിക്കൂട്ടില്‍ കയറ്റണം. നട്ടെല്ലുണ്ടെങ്കില്‍ അത് കാണിക്കണം. അല്ലാതെ ചീഞ്ഞളിഞ്ഞ മനസ്സ് ഒരു മുഖ്യമന്ത്രി ഭൂഷണമല്ല. ശുദ്ധമായ മനസ്സാവണം ഒരു മുഖ്യമന്ത്രിയുടേത്.”
പിണറായി വിജയന്റെ നിര്‍ദേശത്തില്‍ സിപിഎം വെട്ടിക്കൊന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. അവര്‍ക്ക് വീട് കൊടുത്തിട്ടുണ്ട്. ജോലി കൊടുത്തിട്ടുണ്ട്. ഇപ്പോഴും സഹായം നല്കി കൊണ്ടിരിക്കുന്നു. നിങ്ങള്‍ അന്വേഷിക്കണം. കണ്ണൂരില്‍ അത് ശക്തമായി നടക്കുന്നുണ്ടെന്ന് എനിക്ക് പറയാനാകും. മറ്റുള്ളിടത്തെ കാര്യം എനിക്ക് പറയാനാവില്ല. അതും മുഖ്യമന്ത്രിക്ക് അന്വേഷിക്കാമെന്നും സുധാകരന് പറഞ്ഞു.
Content Highlights: K Sudhakaran Against CM Pinarayi Vijayan- reply