ജൂൺ 13 മുതൽ ജൂലൈ 10 വരെ ആണ് ടൂർണമെന്റ് നടക്കുകയെന്നും കോൺമെബോൽ ട്വിറ്ററിലൂടെ അറിയിച്ചു
കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് തുടർച്ചയായ രണ്ടാം വർഷവും ബ്രസീലിൽ വെച്ചു നടക്കും. കോവിഡ് വ്യാപനം മൂലമാണ് കൊളംബിയയും – അർജന്റീനയും സംയുക്തമായി നടത്താനിരുന്ന വേദി മാറ്റുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ദക്ഷിണ അമേരിക്കൻ ഫുട്ബോൾ സംഘടനയായ ‘കോൺമെബോൽ’ തിങ്കളാഴ്ച നൽകി.
കൊളംബിയൻ പ്രസിഡന്റിനെതിരെ നടന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ മേയ് 20 ന് കൊളംബിയയിൽ നിന്നും വേദി മാറ്റിയിരുന്നു അതിനു ശേഷമാണ് ഇപ്പോൾ പൂർണമായും ബ്രസീലിലേക്ക് വേദി മാറ്റുന്നത്. ജൂൺ 13 മുതൽ ജൂലൈ 10 വരെ ആണ് ടൂർണമെന്റ് നടക്കുകയെന്നും കോൺമെബോൽ ട്വിറ്ററിലൂടെ അറിയിച്ചു. ബ്രസീലായിരുന്നു 2019ലെ വിജയിയും ആതിഥേയരും.
മത്സരങ്ങൾ നടക്കുന്ന നഗരങ്ങളെ കുറിച്ചും മത്സരക്രമങ്ങളും അടുത്ത മണിക്കൂറിൽ തീരുമാനിക്കുമെന്നും ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോയും ബ്രസീൽ ഫുടബോൾ ഫെഡറേഷനും പൂർണ സുരക്ഷയോടെ ടൂർണമെന്റ് സംഘടിപ്പിക്കാൻ സമ്മതിച്ചെന്നും സംഘടന പറഞ്ഞു.
460,000ൽ അധികം ആളുകളാണ് ബ്രസീലിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിനിടയിൽ ബ്രസീൽ പ്രസിഡന്റ് കോവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിക്കുകയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
Read Also: സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം പൂവണിഞ്ഞില്ല; ആവേശപ്പോരാട്ടത്തില്‍ ചെല്‍സിക്ക് കിരീടം
അർജന്റീനയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ശരാശരി 35,000 കേസുകളും 500 മരണങ്ങളുമാണ് ഒരു ആഴ്ച രാജ്യത്ത് ഉണ്ടാകുന്നത്. ഇതുവരെ 77,000 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
തെക്കേ അമേരിക്കൻ ടീമുകൾ എല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ച ലോക കപ്പ് യോഗ്യത മത്സരങ്ങളുടെ രണ്ടു റൗണ്ടുകളും ആരംഭിക്കും. മറ്റെല്ലാ ടൂർണമെന്റുകൾ പോലെയും 2020ൽ തീരുമാനിച്ചിരുന്നതാണ് കോപ്പ അമേരിക്കയും കോവിഡ് വ്യാപനം മൂലം ഈ വർഷത്തേക്ക് പിന്നീട് മാറ്റിവെക്കുകയായിരുന്നു.