Jan 17, 2022, 02:43 PM IST
ആര്‍ത്തവദിനങ്ങളിലും അതിനു മുമ്പും ശേഷവും ആഹാരക്രമത്തില്‍ സ്ത്രീകള്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രതീകാത്മക ചിത്രം | Photo: Getty Images
ആര്‍ത്തവത്തോടനുബന്ധിച്ച് ശരീരത്തിനും മനസ്സിനും പ്രകടമായ മാറ്റങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കത്തിന് പുറമെ വയറുവേദന, വയര്‍ സ്തംഭനം, തലവേദന എന്നിവയാണ് ആര്‍ത്തവസമയങ്ങളില്‍ സ്ത്രീകള്‍ കൂടുതലായി അനുഭവപ്പെടുന്ന ശാരീരികപ്രയാസങ്ങള്.
ആര്‍ത്തവദിനങ്ങളിലും അതിനു മുമ്പും ശേഷവും ആഹാരക്രമത്തില്‍ സ്ത്രീകള്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ആഹാരക്രമീകരണത്തിലൂടെ ആര്‍ത്തവസമയത്തും അതിനുമുമ്പും ശേഷവുമുള്ള ശാരീരികപ്രയാസങ്ങള് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് ന്യൂട്രീഷണിസ്റ്റായ മീനാക്ഷി പെറ്റുകോല പറയുന്നു.
സ്ത്രീയുടെ ശരീരം അവിശ്വസനീയമായ ഒന്നാണ്. ഓരോ മാസവും അത് കടന്നുപോകുന്ന വഴികളും മാറ്റങ്ങളും അത്ഭുതം ജനിപ്പിക്കുന്നവയാണ്. മാസത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പ്രകൃതിദത്തമാണ്. എന്നാല്‍, ശരിയായ രീതിയില്‍ പോഷകങ്ങള്‍ ലഭ്യമാക്കിയാല്‍ ആ മാറ്റങ്ങളെ നിയന്ത്രിക്കാന്‍ കഴിയും-അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ആര്‍ത്തവത്തിന് മുമ്പ്
ആര്‍ത്തവത്തിന് മുമ്പ് ഇലക്കറികള്‍, ധാന്യങ്ങള്‍, സിങ്കും ഫോളേറ്റും അടങ്ങിയ ഡാര്‍ക്ക് ചോക്ക്ലേറ്റ്, ഫാറ്റി ആസിഡുകള്‍ കൂടുലായി അടങ്ങിയ നട്സുകള്‍, നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മീനാക്ഷി പറയുന്നു.
ഒഴിവാക്കേണ്ടത്
ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ, വയര്‍ നിറച്ചും ഭക്ഷണം കഴിക്കാതിരിക്കുക. ഇത് വയറിനുള്ളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും അസിഡിറ്റ് കാരണമാകുകയും ചെയ്യും.
ആര്‍ത്തവദിനങ്ങളില്‍ കഴിക്കേണ്ടത്
അയണ്‍, മഗ്നീഷ്യം എന്നിവ കൂടുതലായി അടങ്ങിയ ഡാര്‍ക്ക് ചോക്കലേറ്റ്, തൈര്, ധാന്യങ്ങള്‍ എന്നിവ ഇക്കാലയളവില്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇഞ്ചി കഴിക്കുന്നത് വയര്‍വേദന ശമിപ്പിക്കും. നന്നായി വെള്ളം കുടിക്കുക.
ആര്‍ത്തവത്തിന് ശേഷം
ഈ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുകയും ല്യൂട്ടെനൈസിങ് ഹോര്‍മോണിന്റെ(എല്‍.എച്ച്.) അളവ് ശരീരത്തില്‍ വര്‍ധിക്കുകയും ചെയ്യും. ഏകദേശം 14-ാം ദിനമാകുമ്പോഴേക്കും അണ്ഡവിസര്‍ജനം നടക്കുന്നു. ഈ സമയത്തും ശരീരത്തിന് ശരിയായ പോഷണം ഉറപ്പുവരുത്തണം.
വിറ്റാമിന്‍ ബി, കാല്‍സ്യം, പ്രോട്ടീനുകള്‍, അയണ്‍ കൂടുതലായി അടങ്ങിയ മാംസം, ചീരയില, ഇലക്കറികള്‍, പാലുത്പന്നങ്ങള്‍ എന്നിവ കഴിക്കാം.
ഓട്സ്, തവിടുകളയാത്ത അരി, പഴങ്ങള്‍, നാരുകള്‍ അടങ്ങിയ പച്ചക്കറി, ധാന്യങ്ങല്‍ എന്നിവയും കൂടുലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Content highlights: food to include before during and after periods, healthy food items to include in diet
© Copyright Mathrubhumi 2022. All rights reserved.