തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ. മുരളീധരന് എംപി. മരംമുറി വിഷയം ഇല്ലാതാക്കാനാണ് വിവാദം ഉണ്ടാകുന്നതെന്ന് മുരളീധരന് പറഞ്ഞു. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ 50 വര്‍ഷത്തെ ചരിത്രം പറയേണ്ട ആവശ്യമില്ല. ഊരിപ്പിടിച്ച വാളുമായല്ല, ഊരിപ്പിടിച്ച മഴുവുമായാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടക്കുന്നതെന്നും മുരളീധരന് പരിഹസിച്ചു.
‘മരം മുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തിയിട്ടുമുണ്ട്. മുമ്പ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയില്‍ക്കൂടി നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടു പോകുന്നു. അതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസ്ഥ.’
രണ്ടാം ഇടതുപക്ഷ സര്‍ക്കാരിനെ നാണം കെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും മുരളീധരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന്റെ കൂടെ കൊടകര കുഴല്‍പ്പണ കേസ് ഇല്ലാതാക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തുന്നു. മരംമുറി കേസ് ഇ.ഡി. അന്വേഷിക്കാതിരിക്കാന്‍ കൊടകര കുഴല്‍പ്പണ കേസ് വെച്ച് ഒത്തുതീര്‍പ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ആദ്യത്തെ ഒറ്റവരിയില്‍ മറുപടി അവസാനിപ്പിക്കാമായിരുന്നില്ലേ എന്നും എന്തിനാണ് 50 വര്‍ഷത്തെ ചരിത്രം പറയുന്നതെന്നും മുരളീധരന് ചോദിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് എല്ലാവരും കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ടാകും. അതൊന്നും ചര്‍ച്ച ചെയ്യാന്‍ ഇപ്പോഴത്തെ സമൂഹത്തിന് താല്പര്യമില്ല. ഇങ്ങോട്ട് വാചക കസര്‍ത്ത് നടത്താന്‍ വന്നാല്‍ തിരിച്ചങ്ങോട്ടും പറയും. പക്ഷേ മേലുതൊട്ടുള്ള കളി കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Content Highlights: K Muraleedharan against CM Pinarayi Vijayan