സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാന്‍ സി.പി.എം
പറയാനുള്ള കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞു
തിരുവനന്തപുരം: കെ. സുധാകരന് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇനി പ്രതികരിക്കില്ല. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതേസമയം സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാന്‍ സി.പി.എം. നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
സുധാകരന് എതിരായ വിഷയത്തില്‍ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയുള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാര്‍ത്താസമ്മേളനത്തില്‍ വിശദമായി പറഞ്ഞു കഴിഞ്ഞു. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സുധാകരന് മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. അത് സംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭത്തിലാണ് പരസ്യമായ പ്രതികരണത്തിന് മുതിര്‍ന്നതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. വിഷയം ഇതോടെ അവസാനിച്ചെന്നും ഇതില്‍ ഇനി കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.
അതേസമയം, സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവചര്‍ച്ചയാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിമാരായ എ.കെ. ബാലന്, എം.എ. ബേബി, ഇ.പി. ജയരാജന് തുടങ്ങിയവര്‍ സുധാകരനെതിരെ രംഗത്തെത്തിയത്. ഇന്നലെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങള്‍ സജീവ ചര്‍ച്ചയാക്കി സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള തീരുമാനം എടുത്തിരുന്നു.
content highlights: chief minister pinarayi vijayan will abstain from making more comments on sudhakaran issue