രണ്ട് വര്‍ഷത്തോളമായി ലോകം കോവിഡ് 19 എന്ന മഹാമാരിയോട് പടപൊരുതാന്‍ തുടങ്ങിയിട്ട്. ഒന്നും രണ്ടും തരംഗങ്ങള്‍ പിന്നിട്ട് മൂന്നാം തരംഗത്തിന്റെ പിടിയിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍. ഇക്കാലയളവില്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഭക്ഷണങ്ങളെക്കുറിച്ച് നമ്മള് ഒട്ടേറെ വായിച്ചിട്ടുണ്ട്. എന്നാല്‍, ശരീരത്തിന്റെ രോഗപ്രതിരോധശേഷി നശിപ്പിച്ചു കളയുന്ന ചില ഭക്ഷണങ്ങള്‍ കൂടിയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ചിപ്സുകള്‍, തണുപ്പിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ കുറയ്ക്കും. ശരീരത്തിലെ കോശങ്ങളില്‍ വീക്കമുണ്ടാകുകയും രോഗങ്ങള്‍ വേഗത്തില്‍ പിടിപെടുന്നതിന് കാരണമാകുകയും ചെയ്യും. അമിതമായി ഉപ്പ് ശരീരത്തിലെത്തുന്നത് നമ്മുടെ സാധാരണപ്രതിരോധപ്രവര്ത്തനത്തെ തടസ്സപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വറുത്ത ഭക്ഷണങ്ങള്‍
വറുത്തഭക്ഷണങ്ങളില് എണ്ണയുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാകും. കോശങ്ങളില്‍ വീക്കത്തിന് കാരണമാകുമെന്നതിനു പുറമെ ശരീരത്തിന്റെ ആന്റി ഓക്സിഡന്റ് സംവിധാനത്തെ ക്ഷയിപ്പിക്കുയും ചെയ്യും. ഇത് രോഗപ്രതിരോധസംവിധാനം വളരെ സാവധാനം പ്രവര്‍ത്തിക്കാന്‍ കാരണമാകും.
മിഠായികള്‍
ദഹനവ്യവസ്ഥയ്ക്കും പല്ലിനും മാത്രമല്ല മിഠായികള്‍ ഹാനികരം. നമ്മുടെ രോഗപ്രതിരോധശേഷിയെ തകര്‍ക്കാനും മിഠായികള്‍ക്കു കഴിയും. മിഠായികളില്‍ അടങ്ങിയിരിക്കുന്ന കൂടിയ അളവിലെ മധുരം പുറത്തുനിന്നെത്തുന്ന ബാക്ടീരിയകളെ പ്രതിരോധിക്കുന്നതില്‍നിന്ന് രോഗപ്രതിരോധകോശങ്ങളെ തടയുന്നു.
സോഡ/ എയറേറ്റഡ് പാനീയങ്ങള്‍
സോഡ പോലുള്ള എയറേറ്റഡ് പാനീയങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കും. കാര്‍ബണേറ്റഡ് പാനീയങ്ങളില്‍ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കുമെന്നും അരോഗ്യവിദഗ്ദര് പറുന്നു. രോഗപ്രതിരോധകോശങ്ങളെ സജീവമാക്കി നിലനിര്‍ത്തുന്നതിന് കാല്‍സ്യത്തിന് വലിയ പങ്കുണ്ട്. അതായത് ശരീരത്തില്‍ കാല്‍സ്യം കുറവെങ്കില്‍ രോഗപ്രതിരോധശേഷിയും കുറവായിരിക്കും.
മദ്യം
ബിയര്‍, വൈന്‍ മുതലായവ നമ്മുടെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കുന്നവയാണ്. മദ്യം അമിതമായി ശരീരത്തില്‍ എത്തുന്നത് രക്തത്തിലെ പഞ്ചാസയുടെയും സമ്മര്‍ദ ഹോര്‍മോണിന്റെയും അളവ് വര്‍ധിപ്പിക്കും. ഇന്‍സുലിന്റെ അളവും ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയുണ്ട്. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മദ്യം അനുവദിക്കുന്നില്ല. അമിതമായി മദ്യപിക്കുന്നവരില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
Content highlights: say no to these foods to strengthen immunity covid 19