സച്ചിൻ.എ.ജി.
കോവിഡ് മഹാമാരിയെ നേരിടുന്നതിനായി 2020ലും 2021ലും നടപ്പാക്കിയ ലോക്ഡൗൺ പൊതുജനങ്ങൾക്കിടയിൽ വരുത്തിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്. കൃത്യമായി ലോണുകളുടെ തവണകൾ അടച്ചു കൊണ്ടിരുന്ന ആൾക്കാർക്കു പോലും ഈ ലോക്ക്ഡൗൺ കാലയളവിലും അതിനുശേഷവും ലോൺ ഇ എം ഐ കൾ കൃത്യമായി അടയ്ക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി പേർക്ക് ജോലി നഷ്ടപ്പെടുകയും വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. നല്ല രീതിയിൽ ജീവിത നിലവാരം പുലർത്തിയിരുന്ന പലർക്കും സ്വന്തം കുട്ടികളുടെ ഫീസ് പോലും അടയ്ക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കയാണ്.
ഉദയ കേരളം പത്രം നടത്തിയ സർവ്വേയിൽ നിന്നും മനസ്സിലാക്കിയത് പല മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്ക് നൽകിക്കൊണ്ടിരുന്നു പല സൗകര്യങ്ങളും ഇപ്പോൾ നൽകാൻ പറ്റാത്ത സാഹചര്യമാണെന്നാണ്.പല കുടുംബങ്ങളും അവരുടെ ദൈനംദിന ജീവിതത്തിലെ പല ചിലവുകളും വെട്ടി ചുരുക്കാനും വേണ്ടെന്ന് വയ്ക്കുവാനും തീരുമാനിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. വാടക കൊടുക്കാൻ പോലും കഴിയാതെ കഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങൾ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്.
അധ്വാനിച്ച് സ്വന്തം മാതാപിതാക്കളുടെ ചിലവുകൾ വരെ ഭംഗിയായി നടത്തിപ്പോന്നിരുന്ന പലരും ഇന്ന് മാതാപിതാക്കളുടെ പെൻഷനിൽ ജീവിക്കേണ്ട സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നു. ഈ ലോക്ക്ഡൗൺ കാലയളവിൽ ആയിരക്കണക്കിനു സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയും അതിൽ പലതും അടച്ചുപൂട്ടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.പല വ്യവസായ സ്ഥാപനങ്ങളും ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യം നേരിടുകയാണ്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിച്ചിരിക്കുന്ന ഈയൊരു പ്രതിസന്ധിക്കിടയിലും ഒരു മനുഷ്യത്വവും ഇല്ലാതെ മനുഷ്യരെ രാഷ്ട്രീയ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്.പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് സ്ഥാപനങ്ങൾ. ബ്ലേഡ് മാഫിയകളെ കുറിച്ച് ഇതിനു മുമ്പുണ്ടായിട്ടുള്ള കേസുകൾ ചെറുതൊന്നുമല്ല.മുൻ യുഡിഫ് സർക്കാരിന്റെ കാലയളവിൽ നടന്ന ഓപ്പറേഷൻ കുബേര ഇതുപോലെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ബ്ലേഡ് മാഫിയാ സംഘങ്ങളെ പുറത്തുകൊണ്ടുവരികയും പൊതുജനങ്ങളെ രക്ഷിക്കുകയും ചെയ്തതാണ്.
ഓപ്പറേഷൻ കുബേര യുടെ കാരുണ്യത്താൽ നിരവധി കുടുംബങ്ങൾ അന്ന് ആത്മഹത്യയുടെ വക്കിൽ നിന്നും തിരിച്ചു വരികയുണ്ടായി. ഇന്ന് ഈ കോവിഡ് മഹാമാരിക്കിടയിലും ലോക്ക്ഡൗണുകൾക്കിടയിലും ബ്ലേഡ് മാഫിയകൾ വീണ്ടും തലപൊക്കി തുടങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കാരണം വരുമാനം നിലച്ച പല കുടുംബങ്ങൾക്കും ഇവർ അതിഭീകരമായി കൊള്ള പലിശ നിരക്കിൽ പണം കടം കൊടുക്കുന്നുണ്ട്. സെക്യൂരിറ്റി ആയിട്ട് ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ടു വാങ്ങുകയും മുദ്ര കടലാസുകളിൽ ഒപ്പിട്ടു എടുക്കുകയും ഇവർ ചെയ്യുന്നു.
മണി ലെൻഡിങ് ആക്ടിൽ പറയുന്ന ഒരു മാനദണ്ഡങ്ങളും പാലിക്കാതെ ആണ് ഇവർ പ്രവർത്തിക്കുന്നത്. മേയ് ജൂൺ മാസങ്ങളിൽ നടന്ന ലോക്ക്ഡൗൺ കാരണം പലർക്കും ഇന്ന് പലിശ കൊടുക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്. എന്നാൽ ഈ ഒരു സാഹചര്യത്തിന്റെ പരിഗണന പോലും കൊടുക്കാതെ ആണ് ഈ ബ്ലേഡ് മാഫിയയുടെ കളക്ഷൻ ഏജന്റുമാർ പ്രവർത്തിക്കുന്നത്. ഫോണിലൂടെ വിളിച്ച് അസഭ്യം പറഞ്ഞും നേരിട്ടുപോയി ഭീഷണിപ്പെടുത്തിയുമാണ് ഇവർ കളക്ഷൻ ഉറപ്പുവരുത്തുന്നത്.
പല രാഷ്ട്രീയ പ്രവർത്തകരുടെയും പിന്തുണയോടുകൂടി പ്രവർത്തിക്കുന്ന ഇത്തരം പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് പല പാവങ്ങളും. സംഘമായി വന്ന് ഭീഷണിപ്പെടുത്തുകയും പൊതുജനങ്ങളുടെ മുന്നിൽ വച്ച് അവഹേളിക്കുകയും ആണ് ഈ കളക്ഷൻ ഏജന്റുമാരുടെ സ്ഥിരം പ്രവർത്തന രീതി.
ഈ ബ്ലേഡ് മാഹിയിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കേണ്ടത് സർക്കാരിന്റെയും പോലീസിന്റേയും ഉത്തരവാദിത്വമാണ് .
പല കുടുംബങ്ങളും ആത്മഹത്യയിലേക്ക് നീങ്ങാതിരിക്കാനായി നമ്മുടെ സംസ്ഥാനത്തെ പോലീസ് സംവിധാനം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഓപ്പറേഷൻ കുബേരയുടെ തിരിച്ചുവരവ് അത്യാവശ്യം ആയിരിക്കുകയാണ്. ബ്ലേഡ് മാഫിയയുടെ കൈകളിൽ പെട്ട് വീർപ്പുമുട്ടുന്ന പല പാവം കുടുംബങ്ങൾക്കും കേരള പോലീസ് മാത്രമാണ് ഇനി ആശ്രയം.