തൃശൂർ > ഭാര്യ മരിച്ചിട്ടും ആ നാലുമക്കളെയും അയാൾ ചേർത്തു പിടിച്ചു. പുനർവിവാഹം നടത്താതെ മക്കൾക്കായി ജീവിച്ചു. നല്ല ഷർട്ടും മുണ്ടും നൽകി മക്കളോടൊപ്പം യാത്ര ആരംഭിച്ചപ്പോൾ ആ അപ്പൻ കരുതിയത് മക്കളുടെ വീടുകളിലേക്കാണെന്നാണ്. പക്ഷെ വണ്ടി നിന്നത് വൃദ്ധസദനത്തിനു മുന്നിലായിരുന്നു. ‘ദി സൗണ്ട് ഓഫ് ഏജ് ’ എന്ന ലഘുചിത്രം വൃദ്ധസദനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ വ്യഥയാണ് പങ്കുവയ്ക്കുന്നത്. ചിത്രം ഇതിനകം അഞ്ചുലക്ഷംപേർ കണ്ടുകഴിഞ്ഞു.
വൃദ്ധസദനത്തിൽ മണിയടിയും ഫോണടിയും കേൾക്കുമ്പോൾ ആ അപ്പൻ കാതോർക്കും. പോസ്റ്റുമാൻ എത്തുമ്പോൾ കൺകളിൽ പ്രതീക്ഷ. പക്ഷെ ആരും എത്തിയില്ല. ഒടുവിൽ മക്കളെയൊന്ന് കാണാനായി മെയിന്റനൻസ് ട്രിബ്യൂണൽ ആയ ആർഡിഒ മുമ്പാകെ അപേക്ഷ നൽകുന്നു. കോടതി നിയമപ്രകാരം വാദം കേൾക്കാൻ മക്കളെ കോടതി വിളിച്ച് വരുത്തി. തിമിർത്തു പെയ്യുന്ന മഴക്കിടയിലും മജിസ്ട്രേറ്റിന്റെ ചോദ്യങ്ങൾക്കു മുന്നിൽ നിന്ന് ആ അഞ്ചുമക്കളും വിയർക്കുകയാണ്. മജിസ്ട്രേറ്റ് പലതവണ ആവശ്യപ്പെട്ടിട്ടും അപ്പനെ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അവസാനമായി മജിസ്ട്രേറ്റ് ചോദിച്ചു. ആർക്കെങ്കിലും അപ്പനെയൊന്നു കാണണോ. ചിലർ തിരിഞ്ഞു നടന്നു. ചിലർ തയ്യാറായി. ഒടുവിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ചേതനയറ്റ അപ്പന്റെ ശരീരം കാണിച്ചു.
തൃശൂർ ആളുർ കരിപ്പായി ജിജോ ജോർജാണ് ഡയറക്ടർ. കൈനകിരി തങ്കരാജിന്റെ അപ്പന്റെ വേഷം ഹൃദയത്തിൽ തട്ടി. മുത്തുമണി സോമസുന്ദരനാണ് മജിസ്ട്രേറ്റായി വേഷമിട്ടത്. രഞ്ജിത്ത് മനമ്പ്രക്കാട്ട്, ജിൻസ് ഭാസ്കർ, റോഷ്ന ആൻ റോയ്, പ്രണവ് ഏക, സ്വാതി പുത്തൻവീട്ടിൽ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലായിരുന്ന സി ലതികയുമായി ചർച്ച ചെയ്താണ് തിരക്കഥ രചിച്ചതെന്ന് ജിജോ ജോർജ് പറഞ്ഞു. ട്രൈബ്യൂണൽ ജീവനക്കാരൻ മാർഷൽ സി രാധാകൃഷ്ണനും സഹായിച്ചു. സുരേന്ദ്രൻ വാഴക്കാടും മാത്യു മാമ്പ്രയും ചേർന്നാണ് നിർമാണം. വയോജനങ്ങളോടുള്ള ക്രുരതകൾക്കെതിരായ ശക്തമായ പ്രതികരണമാണ് സിനിമയെന്ന് സാമൂഹ്യനീതി വകുപ് മന്ത്രി ഡോ. ആർ ബിന്ദു മുഖപേജിൽ പ്രതികരിച്ചു. ചിത്രം ബോധവൽക്കരണത്തിനായി പ്രയോജനപ്പെടുത്തുമെന്ന് സാമൂഹ്യനീതി വകുപ്ഡ യറക്ടർ ഷീബ ജോർജ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..