കോഴിക്കോട്: ജനകീയ ഹോട്ടല്‍ മാതൃകയില്‍ കോഴിക്കോട് ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ‘സുഭിക്ഷ’ ഹോട്ടലുകള്‍ തുടങ്ങും. വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലം അടിസ്ഥാനമാക്കിയാണ് ഹോട്ടലുകള്‍ തുടങ്ങുക. ഊണിന് 20 രൂപയാണ് ഇവിടെ ഈടാക്കുക. കോഴിക്കോട് ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും എം.എല്‍.എ.മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഹോട്ടല്‍ മേഖലയില്‍ മുന്‍പരിചയമുള്ള കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍, ഗവ. ഇതര സന്നദ്ധസംഘടനകള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് ഹോട്ടല്‍ തുടങ്ങുന്നതിന് മുന്‍ഗണനനല്‍കും. പ്രാരംഭച്ചെലവിനായി 10 ലക്ഷം രൂപ അനുവദിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗജന്യമായി കെട്ടിടം കണ്ടെത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ പി.ഡബ്ല്യു.ഡി. നിശ്ചയിക്കുന്ന വാടകയ്ക്ക് കെട്ടിടം വാടകയ്ക്കെടുക്കാം.
50 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാവണം. പദ്ധതിക്കാവശ്യമായ പാത്രങ്ങളും ഇരിപ്പിടങ്ങളും മറ്റ് ഉപകരണങ്ങളും സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണം. അതിന് സാധ്യതയില്ലെങ്കില്‍ മാത്രം 10 ലക്ഷം രൂപയില്‍നിന്ന് തുക അനുവദിക്കും. ഓരോ ഊണിനും സര്‍ക്കാര്‍ അഞ്ചുരൂപ സബ്സിഡി നല്‍കും. കൂടുതല്‍ കറികളും മറ്റും സുഭിക്ഷ കമ്മിറ്റി നിശ്ചയിച്ച തുകയ്ക്ക് നല്‍കാം. പ്രഭാതഭക്ഷണവും നിശ്ചിതവിലയ്ക്ക് നല്‍കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും ഇപ്പോഴാണ് മിക്കയിടങ്ങളിലും ആരംഭിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ആറ് നിയോജകമണ്ഡലങ്ങളില്‍ പദ്ധതി തുടങ്ങി.
ഭക്ഷ്യവകുപ്പിന്റെ മുന്‍കൈയില്‍ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും ഹോട്ടല്‍ തുറക്കും
എം.എല്‍.എ.മാരുടെ സഹകരണം ആവശ്യം
തദ്ദേശസ്ഥാപനങ്ങള്‍ കെട്ടിടം വിട്ടുനല്‍കുകയാണെങ്കില്‍ പദ്ധതിയുടെ ആവര്‍ത്തനച്ചെലവ് കുറയ്ക്കാനാകും. ആവര്‍ത്തനച്ചെലവ് കൂടുമ്പോള്‍ പദ്ധതി വഴിയില്‍ മുടങ്ങാനിടയാക്കും. അതിനാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തന്നെ കെട്ടിടം കണ്ടെത്തി നല്കാന് ശ്രമിക്കണം. പദ്ധതിയുടെ വിജയത്തിനായി എം.എല്‍.എ.മാരുടെ സഹകരണം ആവശ്യമാണ്
കെ. രാജീവ്
ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍
Content highlights: lunch by subicksha hotel, 20 rupees lunch