മുതലമട: ‘ഇവിടെ നല്ല പൊറോട്ടയും ബീഫും കിട്ടുന്ന ഒരു കടയുണ്ട്, നമുക്ക് അവിടേക്ക് പോയാലോ? ‘ വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത ‘ഹൃദയം’ സിനിമയിൽ പ്രണവ് മോഹൻലാലിന്റെ കഥാപാത്രം അരുൺ ; കല്യാണിപ്രിയദർശൻ അവതരിപ്പിച്ച നിത്യയെന്ന കഥാപാത്രത്തോട് ചോദിക്കുന്നതാണിത്. പിന്നീട് കടയിലെത്തി നായികയും നായകനും പൊറോട്ടയും ബീഫും കഴിക്കുന്നതും ചിത്രത്തിൽ കാണിക്കുന്നുണ്ട്.
ചെന്നൈയുടെ പശ്ചാത്തലത്തിൽ കാണിക്കുന്ന സീനിനുശേഷമുള്ള ഈ രംഗം ചിത്രീകരിച്ചത് കൊല്ലങ്കോട് ഇടച്ചിറയിലെ എൻ. അയ്യപ്പന്റെ കടയിലാണ്. ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഷോട്ടിൽ അയ്യപ്പൻ അഭിനയിക്കയും (ജീവിക്കുകയും) ചെയ്തു. ഈ രംഗംകണ്ട് നിരവധിപേർ തന്നോട് ഈ കട എവിടെയാണെന്ന് അന്വേഷിച്ചതായി കാണിച്ച് തിങ്കളാഴ്ചരാത്രി വിനീത് ശ്രീനിവാസൻ ഇട്ട പോസ്റ്റിന് 17 മണിക്കൂർകൊണ്ട് 44 കെ ലൈക്ക് കിട്ടി. ഈ പോസ്റ്റ് കണ്ട് കൊച്ചിയിൽനിന്നടക്കം നിരവധിപേരാണ് ചൊവ്വാഴ്ച അയ്യപ്പേട്ടന്റെ കടയിലെത്തിയത്. ഉച്ചയ്ക്ക് 1.30-നുതന്നെ ഊൺ തീർന്നതിനാൽ പലരും നിരാശയോടെ മടങ്ങി. ഊണുകഴിച്ച തിരുവനന്തപുരം ലോകോളേജ് വിദ്യാർഥിയും കൊടുവായൂർ സ്വദേശിയുമായ വി. വിഷ്ണു ഭക്ഷണത്തെ കിടിലൻ എന്നാണ് സാക്ഷ്യപ്പെടുത്തിയത്.
രുചിക്കോ മണത്തിനോ നിറത്തിനോ കൃത്രിമ മാർഗങ്ങളൊന്നും ഉപയോഗിക്കാത്ത അയ്യപ്പന്റെ കടയിലെ ഊണ് സിനിമാക്കാർക്കിടയിൽ പ്രശസ്തമാണ്. ഇന്നസെൻറ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, സുധീർ കരമന തുടങ്ങിയ നടന്മാരുടെയും ജീത്തുജോസഫ് ഉൾപ്പെടെയുള്ള സംവിധായകരുടെയും ഇഷ്ട ഇടമാണ് കട. സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും പറഞ്ഞറിഞ്ഞ് കടയിലെത്തിയ വിനീത് ശ്രീനിവാസൻ പിന്നീട് പാലക്കാട്ട് വരുമ്പോഴെല്ലാം കടയിലെത്തി ഊണുകഴിക്കുകയോ പാർസൽ വരുത്തുകയോ ചെയ്യുന്നത് പതിവാക്കി. അയ്യപ്പേട്ടന്റെ കടയെ സിനിമയിലെടുക്കണമെന്ന ആഗ്രഹത്തിനൊത്ത സീൻ ഹൃദയത്തിലാണ് വന്നതെന്ന് ചിത്രീകരണസമയത്ത് വിനീത് ശ്രീനിവാസൻ പറഞ്ഞതായി എൻ. അയ്യപ്പൻ പറഞ്ഞു.
1932-ൽ അയ്യപ്പന്റെ അച്ഛൻ നാരായണമന്ദാടിയാർ തുടങ്ങിയ ചായക്കടയാണ് ഇപ്പോൾ അയ്യപ്പേട്ടന്റെ കടയായി മാറിയത്. വിനീത് ശ്രീനിവാസൻ കുറിച്ച കൈപ്പുണ്യം യഥാർഥത്തിൽ തന്റെ ഭാര്യ പുഷ്പയുടേതാണെന്നും അദ്ദേഹം പറയുന്നു. പുഷ്പയും സഹായികളും ചേർന്ന് പാചകംചെയ്യുന്നത് താൻ വിളമ്പുകമാത്രമാണ് ചെയ്യുന്നത്. രാവിലെ ആറുമുതൽതന്നെ ദോശ, ഇഡ്ഡലി, ആപ്പം, പൊറോട്ട എന്നിവ ലഭിക്കും. മറ്റ് കടകളിലെ റോസ്റ്റിനോട് കിടപിടിക്കുന്ന ദോശയ്ക്ക് 10രൂപ മാത്രം. 10 രൂപയ്ക്കുള്ള പൊറോട്ടയ്ക്കൊപ്പം സൗജന്യമായി വെജിറ്റബിൾ കുറുമ ലഭിക്കും. രാവിലെ 11 കഴിഞ്ഞാൽ ഊണും തയ്യാറാകും. മിക്കവാറും ദിവസങ്ങളിൽ അഞ്ചോ അതിലധികമോ കറികളും പായസവും ഉണ്ടാകും. സ്പെഷ്യലായി മീൻവറുത്തത്, ചിക്കൻ കറി, ചില്ലിചിക്കൻ, ബീഫ് കറി തുടങ്ങിയവയും. രുചിക്കൊപ്പം ഹൃദ്യമായ പെരുമാറ്റവും ജനങ്ങളെ വീണ്ടും വീണ്ടും കടയിലേക്കെത്തിക്കയാണ്. കടയ്ക്ക് പേരോ ഒരു ബോർഡോ ഒന്നും ഇപ്പോഴുമില്ല.
Content Highlights: hridayam movie, ayyappettan hotel, food porotta beef