കൊറിയക്കാരുടെ തിളങ്ങുന്ന ചര്‍മവും ആരോഗ്യമുള്ള, അധികം വണ്ണം വെക്കാത്ത ശരീരവും ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ ജീനിന്റെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെയെന്ന് പറയപ്പെടുമ്പോഴും വളരെ കര്‍ക്കശമായ ആഹാരരീതിയും പ്രധാനപ്പെട്ട ഘടകമാണ്. പ്രായം എത്രകൂടിയാലും ശരീരഭാരം വര്‍ധിക്കാതിരിക്കാന്‍ ചിട്ടയോടെയുള്ള ജീവിതരീതിയാണ് അവര്‍ പുലര്‍ത്തുന്നത്.
ആരോഗ്യത്തോടെ ഇരിക്കാന്‍ കൊറിയക്കാര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ ഏതൊക്കെ എന്ന് പരിചയപ്പെടാം.
മുട്ട
പുഴുങ്ങിയ മുട്ട കഴിച്ചാണ് ഭൂരിഭാഗം കൊറിയക്കാരും തങ്ങളുടെ ദിവസം തുടങ്ങുന്നത്. തങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ നിര്‍ബന്ധമായും അവര്‍ പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തിയിരിക്കും. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷകങ്ങളെല്ലാം മുട്ടയില്‍ അടങ്ങിയിരിക്കുന്നു. മുട്ട കഴിക്കുന്നത് ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. ഇത് അമിതമായി ആഹാരം കഴിക്കുന്നതില്‍നിന്ന് തടയും.
പച്ചക്കറികള്‍
ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കൊറിയക്കാരാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കടല്‍ഭക്ഷണം, അച്ചാറുകള്‍ എന്നിവയ്ക്ക് പുറമെ അവര്‍ പച്ചക്കറികളും ധാരാളമായി കഴിക്കുന്നു. കാബേജ്, മധുരക്കിഴങ്ങ്, കക്കരി, പയറുകള്‍ മുളപ്പിച്ചത് എന്നിവയെല്ലാം അവര്‍ പതിവായി തങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കലോറി വളരെക്കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികളില്‍ ഫൈബറിന്റെ അളവ് കൂടുതലാണ്. കൂടാതെ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതിനും പച്ചക്കറികള്‍ സഹായിക്കുന്നു.
നടത്തം
സ്വകാര്യ, പൊതുഗതാഗതത്തെ വളരെക്കുറച്ചുമാത്രം ആശ്രയിക്കുന്നവരാണ് കൊറിയക്കാര്‍. പരമാവധി നടന്ന് ലക്ഷ്യസ്ഥാനത്ത് എത്താനാണ് അവര്‍ കൂടുതലും ശ്രമിക്കുക. ഇത് ദിവസം മുഴുവന്‍ ചുറുചുറുക്കോടെ ഇരിക്കാന്‍ സഹായിക്കുന്നു.
പുളിപ്പിച്ച ആഹാരം
പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കി എടുക്കുന്ന വിഭവങ്ങള്‍ ധാരാളമായി കഴിക്കുന്നവരാണ് കൊറിയക്കാര്‍. ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ട് ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു
അരി ഭക്ഷണം
കൊറിയക്കാരുടെ ഭക്ഷണത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് അരി കൊണ്ടുള്ള ആഹാരം. ചോറിലെ കൊഴുപ്പിന്റെ അളവ് കുറവാണെന്നതും വേഗത്തില്‍ ദഹിക്കുന്നുവെന്നതുമാണ് അതിലെ പ്രധാനകാരണം.
Content highlights: weight loss, korean tips for a leaner and healthier body