ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പോലും മറന്ന് ജോലി ചെയ്യുന്നവര്‍ ധാരാളമുണ്ട്. കോവിഡ് തീര്‍ത്ത അപ്രതീക്ഷിത പ്രതിസന്ധി ഇവരുമേല് കനത്തപ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടേക്കുള്ള യാത്രയിലാണ് അവര്‍.
പ്രായത്തിന്റെ അവശതകള്‍ മറന്ന് ഡല്‍ഹിയില്‍നിന്നുള്ള കടലമിഠായി വില്‍പ്പനക്കാരന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. തണുപ്പുനിറഞ്ഞ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും അദ്ദേഹം കടലമിഠായി വില്‍ക്കുകയാണ്. ‘ദഫൂഡിഹാറ്റ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിറയ്ക്കുന്ന കൈകളോടെ അദ്ദേഹം മിഠായി വില്‍ക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഡല്‍ഹിയിലെ നെഹ്റു പ്ലെയ്സിലാണ് അദ്ദേഹം മിഠായി വില്‍ക്കുന്നത്. ഒരു കൂട് മിഠായിക്ക് പത്ത് രൂപയാണ് വില.
അദ്ദേഹത്തിന്റെ വീഡിയോ ബോളിവുഡ് നടി പരിതീനി ചോപ്രയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഡല്‍ഹിയിലുള്ള തന്റെ സുഹൃത്തുക്കളാരെങ്കിലും അദ്ദേഹത്തിന്റെ സഹായിക്കണമെന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ച് പരിനീതി കുറിച്ചു.
‘ദഫുഡീഹാറ്റ്’ പങ്കുവെച്ച വീഡിയോ ഇതുവരെ 43 ലക്ഷം പേരാണ് കണ്ടത്. ഏഴുലക്ഷം പേര് വീഡിയോ ലൈക്ക് ചെയ്തു. ഈ മിഠായി വില്‍പ്പനക്കാരനെ അഭിനന്ദിച്ച് നൂറുകണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. വലിയ കടയില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ ഇവരുടെ അടുത്തുനിന്ന് മിഠായി വാങ്ങണമെന്ന് ഒരാള്‍ കമന്റ് ചെയ്തു. വീഡിയോ ഹൃദയ സ്പര്‍ശിയാണെന്ന് മറ്റൊരാള്‍ പറഞ്ഞു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് വേറൊരാള് കമന്റ് ചെയ്തു.
Content highlights: delhi vendor selling sweets at ten has united desi viewers parineeti chopra share video