ഫിറ്റ്നെസ് നിലനിര്‍ത്തുന്നതിന് വ്യായാമത്തിന് പുറമെ ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ആരോഗ്യപരമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ചെറിയൊരു മാറ്റത്തിന് വിധേയമായിരിക്കുകയാണ്. മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഇനി മുതല്‍ വറുത്തതും പൊരിച്ചെടുത്തതുമായ ഭക്ഷണങ്ങള്‍ ലഭിക്കില്ല. സമൂസ, ബ്രഡ് പക്കാവട തുടങ്ങിയവയെല്ലാം കാന്റീനിലെ മെനുവില്‍നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. പകരം ദാല്‍ ഛില്ല, ആരോഗ്യപ്രദമായ കറികള്‍, മില്ലറ്റ് റൊട്ടികള്‍, മില്ലറ്റ് പുലാവ് എന്നിവയെല്ലാമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം തുച്ഛമായ വിലയ്ക്ക് ലഭിക്കുകയും ചെയ്യും. ദാല്‍ ഛില്ലയ്ക്ക് പത്ത് രൂപയാണ് വില. പ്രഭാതഭക്ഷണത്തിന് 25 രൂപയും ഉച്ചയൂണിന് 40 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മെനുവിലെ മാറ്റം തുടക്കം മാത്രമാണെന്നും ആളുകളുടെ പ്രതികരണം അറിഞ്ഞതിനുശേഷമായിരിക്കും പൂര്‍ണതോതില്‍ നടപ്പാക്കുകയെന്നും മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുതിയ നീക്കത്തിന് പിന്നില്‍. മന്ത്രിയായതിന് ശേഷം ഇത് നടപ്പാക്കുന്നതിന് അദ്ദേഹം ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പുതിയ നീക്കത്തിന് അദ്ദേഹം അനുമതി നല്‍കിയത്.
സൈക്കിളില്‍ പാര്‍ലമെന്റില്‍ എത്തുന്ന മന്‍സുഖ് മാണ്ഡവ്യയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദിവസവും നിശ്ചിത സമയം വ്യായാമവും യോഗയും ചെയ്യുന്ന അദ്ദേഹം എല്ലാ ദിവസവും 20 കിലോമീറ്റര്‍ സൈക്കിള്‍ സവാരി നടത്താറുമുണ്ട്.
Content highlights: no more fried foods at health ministry canteen