ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും അതീവശ്രദ്ധാലുവായ ബോളിവുഡ് നടിമാരില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. രണ്ട് പാചകപുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുള്ള അവര്‍ യോഗയിലും അസാമാന്യമായ കഴിവ് പ്രകടിപ്പിക്കാറുണ്ട്. തന്റെ ആരാധകര്‍ക്കായി അവര്‍ നിരന്തരം ഹെല്‍ത്ത് ടിപ്പുകളും പാചക കുറിപ്പുകളും പങ്കുവയ്ക്കാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ‘ചീറ്റ് ഡേ’ ആയി നീക്കിവെച്ചിട്ടുണ്ടെങ്കിലും വളരെ വേഗം തന്റെ ആരോഗ്യചര്യയിലേക്ക് അവര്‍ തിരികെയെത്തുന്നത് അവരുടെ ചിട്ടയായ ജീവിതക്രമം ചൂണ്ടിക്കാട്ടുന്നു.
തന്റെ സിംപിള്സോള്ഫുള്ആപ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്പ ഹെല്‍ത്ത് ടിപ്സുകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറ്. ഇത്തവണ നമ്മുടെയൊക്കെ അടുക്കളകളില്‍ മിക്കപ്പോഴും കാണാറുള്ള പച്ചപ്പയറിന്റെ ഗുണങ്ങളാണ് ശില്‍പ്പ വിവരിച്ചിരിക്കുന്നത്. ധാതുക്കള്‍, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പച്ചപ്പയര്‍ എന്ന് ശില്‍പ്പ വിവരിക്കുന്നു. കൂടാതെ, വിറ്റാമിന്‍ ബി കോംപ്ലക്സിന്റെ കലവറ കൂടിയാണ് പച്ചപ്പയര്‍ എന്ന് ശില്‍പ്പ പറയുന്നു.
ഒരു പക്ഷേ, നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ പച്ചപ്പയര്‍ ആയിരിക്കില്ല നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്. എന്നാല്‍, അല്പം പരിശ്രമിച്ചാല്‍ അത് രുചികരമായ ഭക്ഷണമാക്കി മാറ്റാന്‍ കഴിയും-പോസ്റ്റ് പങ്കുവെച്ച് ശില്‍പ്പ പറഞ്ഞു.
Content highlights: shilpa shetty shares health benefit of green beans, insta post