ശര്‍ക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ വിവരിച്ച് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. രക്തം ശുദ്ധീകരിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും ശര്‍ക്കര മികച്ചതാണെന്ന് ശില്‍പ്പ ഷെട്ടി തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇതിനുപുറമെ അനേകം ഗുണങ്ങള്‍ക്കൂടി ശര്‍ക്കരയ്ക്ക് ഉണ്ട്. 20 ഗ്രാം ശര്‍ക്കരയില്‍ 9.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 9.7 ഗ്രാം പഞ്ചസാര, 0.01 ഗ്രാം പ്രോട്ടീന്‍, കോളിന്, ബെറ്റെയ്ന്‍, വിറ്റാമിന്‍ ബി12, ഫോളേറ്റ്, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
മലബന്ധം തടയുന്നു
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ശര്‍ക്കര ഉത്തേജിപ്പിക്കുന്നു. ഇത് കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സ്വാധീനിക്കുന്നു. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
വയറിനെ തണുപ്പിക്കുന്നു
ശര്‍ക്കര കഴിക്കുന്നത് സാധാരണനിലയിലുള്ള ശരീരതാപനില നിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു. തണുത്തവെള്ളത്തില്‍ ശര്‍ക്കര ഇട്ടു തയ്യാറാക്കുന്ന ശര്‍ക്കര സര്‍ബത്ത് വേനല്‍ക്കാലത്ത് കുടിക്കുന്നത് ശരീരവും വയറും തണുപ്പിച്ച് നിര്‍ത്താന്‍ സഹായിക്കും.
മുഖക്കുരുവിന് എതിരേ
ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ മാത്രമല്ല, മുഖക്കുരുപോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ശര്‍ക്കര സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവ ഇല്ലാതാക്കുന്നതിനും ശര്‍ക്കര സഹായിക്കുന്നു.
പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു
ആന്റിഓക്സിഡന്റുകളും സിങ്ക്, സെലേനിയം പോലുള്ള ധാതുക്കളും ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ അണുബാധയ്ക്കെതിരേയുള്ള പ്രതിരോധ കവചമായി ശര്‍ക്കര പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
Content highlights: health benefit of jaggery, jaggery of skin health, immunity boost