എലത്തൂര്‍: കോവിഡ് പ്രതിസന്ധികളെ തരണംചെയ്യാനായി കുടുംബശ്രീ നേതൃത്വത്തില്‍ തുടങ്ങിയ ജില്ലയിലെ ജനകീയഹോട്ടലുകള്‍ പ്രതിദിനം ഊട്ടുന്നത് കാല്‍ലക്ഷത്തിലധികംപേരെ. 20 രൂപയുടെ ഉച്ചയൂണ് കഴിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനയുണ്ടാവുന്നതായാണ് കണക്ക്.
ജില്ലയില്‍ 106 കുടുംബശ്രീ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി എട്ടുവരെ ജനകീയഹോട്ടലുകള്‍ 71,65,116 പേര്‍ക്ക് ഭക്ഷണം വിളമ്പി. ഒരുദിവസം ശരാശരി മുപ്പതിനായിരത്തില്‍പ്പരം പേരാണ് ഹോട്ടലുകളില്‍ എത്തുന്നത്. ചോറ്്, കറി, തോരന്‍, അച്ചാര്‍ എന്നിവയുള്‍പ്പെടെയുള്ള വിഭവങ്ങളാണ് മിതമായ വിലയ്ക്ക് നല്‍കുന്നത്.
9,03,600 രൂപയാണ് ഒരുമാസത്തെ ശരാശരി വരുമാനം. 85 ലക്ഷം രൂപ സബ്സിഡി നല്കുന്നതിനുമാത്രം ഓരോ മാസവും അനുവദിക്കുന്നുണ്ട്. നിലവിലുള്ള കുടിശ്ശിക തീര്‍ക്കാന്‍ തനതുവര്‍ഷം അഞ്ചുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കെട്ടിടവാടക, വൈദ്യുതി, വെള്ളം എന്നിവയ്ക്കായി ത്രിതല പഞ്ചായത്തുകളാണ് പദ്ധതിവിഹിതത്തില്‍നിന്ന് തുക നീക്കിവെക്കുന്നത്. ഭക്ഷണത്തിനാവശ്യമായ അരി സബ്സിഡിയായും സര്‍ക്കാര്‍ നല്കിവരുന്നു.
കൂടുതല്‍ അപേക്ഷകള്‍ വരുന്നു
ജില്ലയിലെ കുടുംബശ്രീ ജനകീയഹോട്ടലുകളുടെ പ്രവര്‍ത്തനം മികച്ചരീതിയിലാണ് നടക്കുന്നത്. ഹോട്ടലുകള്‍ തുടങ്ങാന്‍ കൂടുതല്‍ അപേക്ഷകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. നിലവില്‍ കുടിശ്ശികയായ സബ്സിഡി തുക നല്‍കാനും മറ്റുമായി അഞ്ചുകോടി രൂപ അനുവദിച്ചുകിട്ടിയിട്ടുണ്ട്.
പി.എം. ഗിരീശന്
(കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്, ജില്ലാ കുടുംബശ്രീമിഷന്)
Content highlights: kudumbasree janakeeya hotel, one day serve avarege 25000 lunch