തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറെ അനുനയിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ നടപടി. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിച്ചത്. ഗവര്‍ണറുടെ പെഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ നിയമനത്തിനെതിരെ പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ അയച്ച കത്താണ് ഗവര്‍ണറെ പ്രകോപനത്തിന് കാരണമായിരുന്നത്.
ഗവര്‍ണറുടെ പെഴ്സണല്‍ സ്റ്റാഫ് അംഗമായ ഹരി എസ്. കര്‍ത്തയുടെ നിയമനത്തില്‍ അതൃപ്തി അറിയിച്ച് ജ്യോതിലാല്‍ അയച്ച കത്തിലൂടെ അപമാനിക്കപ്പെട്ടതായി ഗവര്‍ണര്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നയപ്രഖ്യാപന പ്രസംഗം ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്. ഗവര്‍ണര്‍ ഈ നിലപാട് അറിയിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് സര്‍ക്കാര്‍ പൊതുഭരണ സെക്രട്ടറിയെ മാറ്റിയതെന്നും ശ്രദ്ധേയമാണ്.
രാജ്ഭവനില്‍ രാഷ്ട്രീയ നിയമനങ്ങള്‍ പതിവില്ലെന്നും അത്തരം കീഴ്വഴക്കമില്ലെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് കര്‍ത്തയുടെ നിയമനം അംഗീകരിക്കുകയാണെന്നുമായിരുന്നു ജ്യോതിലാല്‍ ഗവര്‍ണര്‍ക്കെഴുതിയ കത്തിന്റെ ഉള്ളടക്കം. ഈ കത്ത് തന്നെ അപമാനിക്കുന്നതാണെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചത്. ജ്യോതിലാലിനെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ഉപാധിവച്ചതായാണ് വിവരം. എന്നാല്‍ ഇത് രാജ്ഭവന് വൃത്തങ്ങള്‍ നിഷേധിച്ചു. ശാരദ മുരളീധരനാണ് പകരം പൊതുഭരണ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
ആദ്യം നയപ്രഖ്യാപനം ഒപ്പിടില്ലെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ പിന്നീട് തന്റെ ചില ഉപാധികള്‍ അംഗീകരിച്ചാല്‍ ഒപ്പിടാമെന്ന് അറിയിക്കുകയായിരുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്ഷന് നിര്‍ത്തലാക്കണമെന്നതടക്കമുള്ള ഉപാധികളില്‍ ചര്‍ച്ചയാകാമെന്ന് മാത്രമാണ് മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചത്. എങ്കിലും ജ്യോതിലാലിനെ മാറ്റിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതിലൂടെ വലിയ ഭരണപ്രതിസന്ധിയാണ് സര്‍ക്കാര്‍ അതിജീവിച്ചത്.
Content Highlights: Kr jyothilal IAS, arif mohammad khan, Pinarayi Vijayan