Feb 17, 2022, 03:01 PM IST
ആരോഗ്യപ്രദമായ ആഹാരശീലമാണ് പ്രമേഹം വരുതിക്കുള്ളിലാക്കാനുള്ള പ്രധാനമാര്‍ഗം.
പ്രതീകാത്മക ചിത്രം | Photo: Getty images
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികള്‍ നമുക്ക് നല്‍കിയത് ഒരുപിടി രോഗങ്ങള്ക്കൂടിയാണ്. പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവയെല്ലാം ജീവിതശൈലീ രോഗങ്ങളില്‍പ്പെടുന്നു. ഈ രോഗങ്ങള്‍ ഇന്ന് നമുക്കിടയില്‍ സര്‍വസാധാരണമാണ്. ലോകാരോഗ്യസംഘനയുടെ കണക്കുപ്രകാരം ലോകത്തില്‍ 422 മില്ല്യണ്‍ ആളുകള്‍ പ്രമേഹരോഗത്തിന്റെ പിടിയിലാണ്. അന്ധത, വൃക്കരോഗങ്ങള്‍, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്നാണ് പ്രമേഹം.
സ്ത്രീകളിലും പ്രമേഹരോഗം ഇന്ന് സര്‍വസാധാരണമായി മാറിയിട്ടുണ്ട്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളില്‍ പ്രമേഹം ഹൃദയാഘാതത്തിനുള്ള സാധ്യത നാലിരട്ടിയാക്കുന്നു. ഹൃദയാഘാതമുണ്ടായാല്‍ സ്ത്രീകളെ അത് ഗുരുതരമായും ബാധിക്കാറുണ്ട്. അതിനാല്‍, സ്ത്രീകളിലെ പ്രമേഹരോഗം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അനിവാര്യമായ കാര്യമാണ്. പ്രമേഹബാധിതരായ സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍, ഗര്‍ഭാവസ്ഥയിലെ ബുദ്ധിമുട്ടുകള്‍, യൂറിനറി ട്രാക്ക് ഇന്ഫെക്ഷന് എന്നിവയ്ക്കും വഴിവെക്കുന്നു.
ആരോഗ്യപ്രദമായ ആഹാരശീലമാണ് പ്രമേഹം വരുതിക്കുള്ളിലാക്കാനുള്ള പ്രധാനമാര്‍ഗം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലത് കഴിക്കുന്നത് ഒഴിവാക്കുകയോ ഭാഗികമാക്കുകയോ ചെയ്യുന്നതും പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
നെയ്യുള്ള മത്സ്യം
ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ നെയ്യ് കൂടുതലായി അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഈ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ഡി.എച്ച്.എ.യും ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ സംവേദനവും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
മഞ്ഞള്‍
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ച ഉപാധികളിലൊന്നാണ് മഞ്ഞള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്ത്തുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണ് മഞ്ഞള്‍. ഇത് കൂടാതെ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇന്‍സുലിന്റെ അളവ് ക്രമീകരിക്കുന്നതിനും മഞ്ഞള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇഞ്ചി
ശരീരത്തിലെ നീര്‍ക്കെട്ടുകളെ ഒഴിവാക്കുന്നതിന് ഇഞ്ചി സഹായിക്കുന്നു. ഇതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ഇന്‍സുലിന്‍ സംവേദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ജീവിതശൈലീ രോഗങ്ങള്‍ കൊണ്ടുള്ള ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇഞ്ചി സഹായിക്കുന്നുണ്ട്
പച്ചിലക്കറികള്‍
പച്ചച്ചീര, കാബേജ്, മുരിങ്ങ തുടങ്ങിയ പച്ചിലക്കറികളില്‍ പോഷകങ്ങളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ആവശ്യ പോഷകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
Content highlights: these food should include in diabetic women in their diet
© Copyright Mathrubhumi 2022. All rights reserved.