‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്.
സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ് (Clubhouse). ചർച്ചകൾ വർധിക്കുന്നതനുസരിച്ച് ആപ്പിലേക്ക് മലയാളികളുടെ ഒഴുക്കും കൂടുകയാണ് . ജനങ്ങളെ ഇത്രയും അധികം ആകർഷിക്കുന്ന എന്ത് പ്രത്യേകതയാണ് ഈ മൊബൈൽ ആപ്ലിക്കേഷന് ഉള്ളത് എന്ന് അറിയാം.
What is Clubhouse: എന്താണ് ക്ലബ്ഹൗസ്?
കഴിഞ്ഞ വർഷം മാർച്ചിൽ ആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനി വഴി പോൾ ഡേവിസൺ, രോഹൻ സേത് എന്നിവർ ചേർന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈൽ ആപ്പാണ് ക്ലബ്ഹൗസ്. ആദ്യം അമേരിക്ക കേന്ദ്രികരിച്ചു പ്രവർത്തിച്ചു വന്നിരുന്ന ഫോണിന്റെ ഐ ഒ എസ് പതിപ്പ് മാത്രമാണ് ഇറങ്ങിയിരുന്നത്. അമേരിക്കയിൽ വലിയ രീതിയിൽ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത് 2021 മേയ് 21നാണ്. ഇതോടെയാണ് ആപ്പിന് കേരളത്തിലും വലിയ പ്രചാരം ലഭിച്ചത്.
ആദ്യം സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന ഇൻവിറ്റേഷൻ മുഖേന മാത്രം ജോയിൻ ചെയ്ത് ആപ്പ് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ക്ലബ്ഹൗസ് ആപ്പിനെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ആൻഡ്രോയിഡ് വേർഷനിലേക്ക് എത്തുമ്പോൾ അതിൽ നിന്നും മാറ്റം വരുത്തി ആർക്ക് വേണമെങ്കിൽ യൂസർ നെയിം വഴി അക്കൗണ്ട് ആരംഭിക്കാം എന്ന തരത്തിലേക്ക് ആപ്പിൽ അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 10 മില്യൺ ആളുകൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്. സിനിമ, രാഷ്ട്രീയം, സംഗിതം തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖല എന്തു തന്നെയായാലും ഇതിലെ വോയിസ് ചാറ്റ് റൂമുകൾ വഴി നടക്കുന്ന ചർച്ചകളിൽ നിങ്ങൾക്ക് പങ്കെടുക്കാനും സംസാരിക്കാനും സാധിക്കും. ഒരേ സമയം 5000 പേർക്ക് വരെ ഒരു ചാറ്റ് റൂമിൽ പങ്കെടുക്കാം. ഒരേ സമയം ലൈവായി സംഭവിക്കുന്ന ഏത് റൂമുകളിലേക്കും മാറി കയറാനും സാധിക്കും.
Read Also: ജിമെയിൽ സ്റ്റോറേജ് നിറഞ്ഞോ? കൂടുതൽ സ്ഥലം ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി
How to use Clubhouse: എങ്ങനെയാണ് ക്ലബ്ഹൗസ് ഉപയോഗിക്കേണ്ടത്?
- ആപ്പ് ഡൗൺലോഡ് ചെയ്യാൻ
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും ക്ലബ്ഹൗസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
- ആദ്യം ഇൻസ്റ്റാൾ ചെയ്ത ആപ്പ് തുറക്കുക
- അതിൽ താഴെയുള്ള ‘ഗെറ്റ് യുവർ യൂസർനെയിം’ (Get your username) എന്നതിൽ ക്ലിക്ക് ചെയ്യുക
- അടുത്ത പേജിൽ നിങ്ങളുടെ ഫോൺ നമ്പർ നൽകി, ലഭിക്കുന്ന ഒടിപിയും നൽകി പേരും യൂസർനെയിമും ഫോട്ടോയും നൽകുക
ഇത്രയും ചെയ്ത ശേഷം നിങ്ങൾ വെയ്റ്റിംഗ് ലിസ്റ്റിലാണെന്ന നിർദേശം ലഭിക്കും. ഇതോടെ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള സുഹൃത്തുകൾക്ക് നിങ്ങളെ പ്രവേശിപ്പിക്കാനുള്ള നോട്ടിഫിക്കേഷൻ ലഭിക്കും. അവർ അതിൽ ക്ലിക്ക് ചെയ്ത് പ്രവേശനം നൽകിയാൽ നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാൻ തുടങ്ങാം. അതേസമയം, നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും നൽകിയ ‘ഇൻവൈറ്റ്’ ലിങ്ക് വഴിയാണ് നിങ്ങൾ കേറിയതെങ്കിൽ നിങ്ങൾക്ക് നേരെ ആപ്പിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഒരു ഉപയോക്താവിന് 8 ഇൻവൈറ്റുകളാണ് നടത്താൻ സാധിക്കുക.
- ആപ്പ് ഉപയോഗിക്കാൻ
ആപ്പിലേക്ക് പ്രവേശനം ലഭിച്ചു കഴിഞ്ഞ് നിങ്ങൾക്ക് ഇഷ്ടപെട്ട വിഷയങ്ങൾ ലഭിക്കുന്ന സ്ക്രീനിൽ നിന്നും തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. അതിനു ശേഷം പ്രധാന സ്ക്രീനിൽ നിങ്ങൾക്ക് ആ വിഷയത്തിൽ നിലവിൽ നടക്കുന്ന ചർച്ചകൾ കാണാൻ സാധിക്കും. നിങ്ങൾ ഫോള്ളോ ചെയ്യുന്ന ആളുകൾ പങ്കെടുക്കുന്നതോ നടത്തുന്നതോ ആയ ചർച്ചകളും കാണാവുന്നതാണ്. കൂടുതൽ ചർച്ചകൾ ലിസ്റ്റിൽ കാണാൻ താഴെയുള്ള ‘എക്സ്പ്ലോർ’ എന്നതിൽ ക്ലിക്ക് ചെയ്താൽ മതി.
നിങ്ങൾക്ക് ലഭിക്കുന്ന ചാറ്റ് റൂമുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളതിൽ കയറാനും എപ്പോൾ വേണമെങ്കിൽ ഇറങ്ങി പോരാനും സാധിക്കും. ഒരു ചാറ്റ് റൂമിൽ നിങ്ങൾ ആദ്യം കേൾവിക്കാരനായിട്ടായിരിക്കും പ്രവേശിക്കുക. അതിലെ ചർച്ചയിൽ നിങ്ങൾക്ക് സംസാരിക്കാൻ ‘റൈസ് ദി ഹാൻഡ്’ (Raise the hand) എന്ന ഓപ്ഷൻ ഉപയോഗിക്കാം. അപ്പോൾ ചർച്ചയുടെ മോഡറേറ്റർ നിങ്ങളെ സംസാരിക്കാൻ അനുവദിക്കും.
ഇനി നിങ്ങൾക്ക് ഒരു റൂം തുടങ്ങാൻ ആണെങ്കിൽ പ്രധാന സ്ക്രീനിൽ താഴെയുള്ള ‘സ്റ്റാർട്ട് എ റൂം’ (Start a room) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആരംഭിക്കാം. ഓപ്പൺ, സോഷ്യൽ, ക്ലോസ്ഡ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് റൂമുകൾ തുടങ്ങാൻ കഴിയുക. റൂമിന് പേര് നൽകാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. ഓപ്പൺ റൂം എല്ലാ ഉപയോക്താക്കൾക്കും കാണാനും പങ്കെടുക്കാനും സാധിക്കുന്നതാണ്. സോഷ്യൽ റൂം ഫോയിലോ ചെയ്യുന്ന വ്യക്തികൾക്ക് വേണ്ടിയും ക്ലോസ്ഡ് റൂം നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമായിട്ടുമുള്ളതാണ്.