ചാമ്പ്യന്‍ഷിപ്പിലെ മേരിയുടെ ഏഴാം മെഡലാണിത്
ദുബായ്: ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പൂജ റാണിക്ക് സ്വര്‍ണം. 75 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം. പൂജ തന്നെയാണ് നിലവിലെ ചാമ്പ്യൻ. താരത്തിന്റെ നേട്ടത്തിന് പുറമെ ഇന്ത്യക്ക് മൂന്ന് വെള്ളിയും ലഭിച്ചു. 51 കിലോഗ്രാം വിഭാഗത്തില്‍ ആറ് തവണ ലോക ചാമ്പ്യയായ മേരി കോമും ഇതില്‍ ഉള്‍പ്പെടുന്നു.
ഒളിമ്പിക് മെഡല്‍ പ്രതീക്ഷ കൂടിയായ പൂജയുടെ എതിരാളി ഉസ്ബെക്കിസ്ഥാന്റെ മവ്ലൂഡ മോവ്ലോണ ആയിരുന്നു. കൃത്യമായ ആധിപത്യത്തോടെയായിരുന്നു പൂജയുടെ സ്വര്‍ണ നേട്ടം. ആദ്യ റൗണ്ടില്‍ വാക്ക് ഓവര്‍ ലഭിച്ചായിരുന്നു പൂജ എത്തിയത്.
Also Read: സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം പൂവണിഞ്ഞില്ല; ആവേശപ്പോരാട്ടത്തില്‍ ചെല്‍സിക്ക് കിരീടം
ടൂര്‍ണമെന്റിലെ കന്നിക്കാരായ ലാല്‍ബുവാസാഹി (64 കിലോ ഗ്രാം), അനുപമ (81 കിലോ ഗ്രാം) എന്നിവരാണ് മേരി കോമിന് പുറമെ വെള്ളി നേടിയത്. ഖസാക്കിസ്ഥാന്റെ നാസിം ക്യാസയ്ബെയോട് 2-3 എന്ന സ്കോറിലായിരുന്നു മേരിയുടെ തോല്‍വി.
ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ മേരിയുടെ ഏഴാം മെഡലാണിത്. ആദ്യ മെഡല്‍ നേട്ടം 2003 ലായിരുന്നു. ഇതുവരെ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഇതുവരെ മേരി നേടിയിട്ടുണ്ട്.
ലാല്‍ബുവാസാഹി ഖസാക്കിന്റെ മിലന സാഫ്രനോവയോടാണ് പരാജയപ്പെട്ടത്. അനുപമയുടെ തോല്‍വി മുന്‍ ലോകചാമ്പ്യയായ ഖസാക്കിസ്ഥാന്റെ ലസാറ്റ് കുങ്കെയ്ബയേവയോടാണ്. കടുത്ത മത്സരം കാഴ്ച വച്ചെങ്കിലും 2-3 എന്ന സ്കോറില്‍ പരാജയപ്പെടുകയായിരുന്നു.