ന്യൂസിലാന്റിനെതിരെ ജൂൺ 4 മുതൽ രണ്ട് ടെസ്റ്റ് പരമ്പരയും അതിനു ശേഷം ഇംഗ്ലീഷ് വേനലിന്റെ രണ്ടാം പകുതിയോടെ ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പാരമ്പരയുമാണ് ഇംഗ്ലണ്ട് കളിക്കുക
ഇന്ത്യക്ക് എതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ കൂടുതൽ താരങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ജെയിംസ് ആൻഡേഴ്സൺ. വലിയ ഇടവേളകളില്ലാതെ മത്സരങ്ങൾ നടക്കുന്നത് കൊണ്ട് തന്നെ റൊട്ടേഷൻ രീതിയിൽ കൂടുതൽ താരങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്ന് ആൻഡേഴ്സൺ പറഞ്ഞു.
ലോക ഫാസ്റ്റ് ബോളർമാരിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള താരമാണ് ജെയിംസ് ആൻഡേഴ്സൺ. 39 ക്കാരനായ ഈ ഇംഗ്ലണ്ട് താരം 160 മത്സരങ്ങളിൽ നിന്നായി 614 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
“അധിക ഇടവേളകളില്ലതെ ഒന്നിന് പുറകെ ഒന്നായി ഇന്ത്യക്ക് എതിരെ നടക്കുന്ന പരമ്പര വ്യത്യസ്തമായിരിക്കും. ഇതിൽ കൂടുതൽ താരങ്ങളെ റൊട്ടേഷൻ രീതിയിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്” ഇംഗ്ലണ്ടിന്റെ വളരെയധികം ചർച്ച ചെയ്യപ്പെട്ട റൊട്ടേഷൻ നയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
ന്യൂസിലാന്റിനെതിരെ ജൂൺ 4 മുതൽ രണ്ട് ടെസ്റ്റ് പരമ്പരയും അതിനു ശേഷം ഇംഗ്ലീഷ് വേനലിന്റെ രണ്ടാം പകുതിയോടെ ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പാരമ്പരയുമാണ് ഇംഗ്ലണ്ട് കളിക്കുക. “വിന്റർ സമയത്ത് ഉണ്ടായിരുന്ന റൊട്ടേഷൻ ഞങ്ങൾ കളിച്ച മത്സരങ്ങളുടെയും സമയത്തിന്റെയും ഒപ്പം ബബിളിൽ കഴിഞ്ഞതിന്റെയും സമയം വെച്ചു നോക്കുകയാണെങ്കിൽ വളരെ സ്വാഭാവികമായിരിന്നു എന്നാണ് കരുതുന്നത്” ആൻഡേഴ്സൺ ഇഎസ്പിഎൻ ക്രിക്കിൻഫോയോട് പറഞ്ഞു.
ഈ വേനലിൽ അത് കുറച്ചൂടെ വ്യത്യാസപ്പെടാനാണ് സാധ്യത. എല്ലാം കൃത്യമായി പോവുകയാണെങ്കിൽ ഇത് ശാന്തമാകാൻ തുടങ്ങുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ ഒരു വർഷക്കാലം ഉണ്ടായിരുന്ന തരത്തിലുള്ള ബബിളിൽ ആയിരിക്കില്ല ഞങ്ങൾ. അതുകൊണ്ട് തന്നെ ചിലർക്ക് വിശ്രമം നൽകാനുള്ള അവസരം അവിടെയുണ്ട്.” ആൻഡേഴ്സൺ പറഞ്ഞു.
ഇന്ത്യക്ക് എതിരെയും അതിനു മുൻപ് ന്യൂസിലാന്റിനെതിരെയുമുള്ള മത്സരങ്ങളെ വളരെ പ്രതീക്ഷയോടെയാണ് ആൻഡേഴ്സൺ കാണുന്നത്. “ഈ വേനൽക്കാല ക്രിക്കറ്റ് കളിക്കാൻ എനിക്ക് വളരെ ആഗ്രഹമുണ്ട്. ഇംഗ്ലണ്ടിനും ഇന്ത്യക്കും എതിരെയുള്ള മത്സരങ്ങൾക്ക് ശേഷം ആഷസും വരുന്നുണ്ട്. അതുകൊണ്ട് ഇത് ഞങ്ങൾക്ക് ഗംഭീരമായി തുടങ്ങണം”. ആൻഡേഴ്സൺ പറഞ്ഞു.
Read Also: WTC Final: ഫൈനലിൽ ഇന്ത്യ ഇറങ്ങുന്നത് റെട്രോ ജേഴ്സിയിൽ; ചിത്രം പങ്കുവച്ച് ജഡേജ
ബ്രോഡിനൊപ്പം ബോളിങ് പങ്കാളിയാകുന്നതും താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ആൻഡേഴ്സൺ കൂട്ടിചേർത്തു. “ഞാനും സ്റ്റുവർട്ടും ഒരുമിച്ചു കളിക്കുന്നത് സംബന്ധിച്ച് പരസ്പരം സന്ദേശങ്ങൾ അയച്ചിരുന്നു, എന്നിരുന്നാലും അതെല്ലാം കോച്ചിന്റെയും ക്യാപ്റ്റന്റെയും തീരുമാനമാണ്.” ബ്രോഡ് പറഞ്ഞു.
എട്ടു വിക്കറ്റുകൾ കൂടി നേടിയാൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1000 വിക്കറ്റുകൾ പൂർത്തിയാക്കാൻ ഒരുങ്ങുന്ന ആൻഡേഴ്സൺ,ടി20 യുടെ പുതിയ കാലത്ത് പുതിയ താരങ്ങൾക്ക് ഇനി അത് സാധ്യമാകാൻ സാധ്യതയില്ല എന്നും കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ എന്ന നേട്ടത്തിലേക്ക് എത്തിയത് താൻ ഒരിക്കലും സ്വപ്നം കണ്ടത് പോലുമല്ലെന്നും ആൻഡേഴ്സൺ പറഞ്ഞു. ഇത്രയും കാലം കളിക്കാനായതിന്റെ സന്തോഷവും ആൻഡേഴ്സൺ പങ്കുവെച്ചു.