ലോകത്ത് ഏറ്റവും ഉയരംകൂടിയ അഗ്നിപർവ്വതവും ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതവുമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിന്റെ മുകളിലേയ്ക്ക് നടത്തിയ യാത്രയെപ്പറ്റി ദീപക് രാജു എഴുതുന്നു.
ഞാനൊരു കുഴിമടിയനാണ്. മടിയന്മാരുടെ മാനിഫെസ്റ്റോ എഴുതിയ ആളാണ്. എങ്കിലും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മടിയന്മാരുടെ സകല ആചാരവും തെറ്റിക്കുന്ന എന്തെങ്കിലുമൊന്ന് ചെയ്യുക എന്ന ഒരു ശീലം എനിക്കുണ്ട്. അത് പലപ്പോഴും അൽപസ്വൽപം സാഹസികതയുള്ള യാത്രയുടെ രൂപത്തിലാണ് അവതരിക്കുന്നത്.
ഇത് അത്തരം ഒരു യാത്രയുടെ കഥയാണ്. ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിന്റെ മുകളിലേയ്ക്ക് ഒരു യാത്ര. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് കിളിമഞ്ചാരോ. ലോകത്ത് ഏറ്റവും ഉയരംകൂടിയ അഗ്നിപർവ്വതവും അതുതന്നെ. 5895 മീറ്ററാണ് ഉയരം. അതിൻ്റെ ഏറ്റവും മുകളിലുള്ള “ഉഹുരു” കൊടുമുടിയിലേക്ക് നടന്ന് കയറുക എന്നതാണ് ഉദ്ദേശം.
2017-ഇൽ എപ്പോഴോ ആണ് കിളിമഞ്ചാരോ കയറുക എന്നൊരു ഭ്രാന്തൻ മോഹം മനസിൽ കയറിക്കൂടുന്നത്. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ പ്രത്യേക കാരണം ഒന്നുമില്ല. ഒരിക്കൽ ഇവിടെ മൗണ്ട് ബ്ളാങ്ക് പർവ്വതത്തിന് ചുറ്റും മല കയറിയും ഇറങ്ങിയും ഏഴ് ദിവസംകൊണ്ട് ഇരുനൂറ് കിലോമീറ്ററോളം നടന്നിരുന്നു. അതുകഴിഞ്ഞപ്പോൾ തൊട്ട് “അതുപോലെ” എന്തെങ്കിലുമൊന്ന് വീണ്ടും ചെയ്യണം എന്നൊരു മോഹം മനസിൽ കയറിക്കൂടി. ആ അന്വേഷണം ചെന്നെത്തിയത് കിളിമഞ്ചാരോയിലാണ്. യാത്രയ്ക്ക് കൂടെവരുന്നോ എന്ന് പലരോടും ചോദിച്ചെങ്കിലും ആരെയും കിട്ടിയില്ല. മല കയറ്റവും ഇറക്കവും ഒക്കെ കഴിയുമ്പോൾ ടാൻസാനിയയിൽ ഒരു സഫാരിക്ക് കൂടെക്കൂടാം എന്ന് രുക്മിണി. അപ്പോൾ ഈ യാത്രയിൽ ഞാൻ ഒറ്റയ്ക്കാണ്.
കിളിമഞ്ചാരോ വെറുതെ ചെന്ന് കയറാൻ പറ്റില്ല. അതിന് അവിടെ ലൈസൻസ് ഉള്ള ഒരു ഗൈഡ് കൂടെവേണം എന്നാണ് നിയമം. ഗൈഡ് ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനികൾ ഉണ്ട്. ഇന്റർനെറ്റിൽ പരതി അത്തരം ഒരു കമ്പനിയെ കണ്ടെത്തി. ഗൈഡ്, സാധനങ്ങൾ ചുമക്കുന്ന പോർട്ടർമാർ, ഉറങ്ങാനുള്ള കൂടാരം, വഴിയിലെ ഭക്ഷണം ഒക്കെ അവർ ലഭ്യമാക്കും.
കമ്പനിയെ കണ്ടെത്തിക്കഴിഞ്ഞപ്പോൾ അടുത്ത ചോദ്യം ഏത് വഴിയിലൂടെ കിളിമഞ്ചാരോ കയറണം എന്നതാണ്. ഉഹുരു കൊടുമുടിയിലേക്ക് പല വഴികൾ ഉണ്ട്. ചിലത് നാല് ദിവസംകൊണ്ട് കുത്തനെ മുകളിലേയ്ക്ക് കയറുമ്പോൾ ചിലത് സാവധാനം ഏഴോ എട്ടോ ദിവസം കൊണ്ട് സാവധാനം കയറും. ഏറ്റവും എളുപ്പമുള്ളത് എന്ന് കരുതപ്പെടുന്ന വഴി “കൊക്കക്കോള റൂട്ട്” എന്ന ഓമനപ്പേരിൽ അറിയപ്പെടുമ്പോൾ അതിലും അൽപം കാഠിന്യം കൂടിയ വഴിയുടെ ഔദ്യോഗിക പേര് “മച്ചാമേ റൂട്ട്” എന്നും ഓമനപ്പേര് “വിസ്കി റൂട്ട്” എന്നുമാണ്. ഈ വിസ്കി റൂട്ട് ആണ് ഞാൻ തിരഞ്ഞെടുത്തത്.
ഏഴ് ദിവസം കൊണ്ട് മല കയറി തിരിച്ചെത്തുക എന്നതാണ് പദ്ധതി.
ഈ വഴി തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്. നേരത്തെ പറഞ്ഞല്ലോ കൊടുമുടി സമുദ്രനിരപ്പിൽനിന്ന് 5895 മീറ്റർ ഉയരത്തിലാണെന്ന്. അത്രയും ഉയരത്തിലേയ്ക്ക് കയറുമ്പോൾ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയും. അത് ശ്വാസതടസവും നടക്കാൻ ബുദ്ധിമുട്ടും, ചിലർക്ക് “അക്യൂട്ട് മൗണ്ടൻ സിക്ക്നെസ്” എന്നറിയപ്പെടുന്ന പ്രശ്നവും ഉണ്ടാക്കും. അത് ഒഴിവാക്കാനുള്ള വഴി കുറഞ്ഞ ഓക്സിജൻ ഉള്ള സാഹചര്യത്തോട് ശരീരത്തെ പതിയെ പരിചയപ്പെടുത്തുക എന്നതാണ്. “പോലെ പോലെ” (സ്വാഹിലിയിൽ പതുക്കെ പതുക്കെ എന്നർത്ഥം) എന്ന മന്ത്രം കിളിമഞ്ചാരോ കയറുമ്പോൾ ഗൈഡ് ഓർമിപ്പിച്ചുകൊണ്ടിരിക്കും.
മച്ചാമേ റൂട്ടിൽ ഓരോ ദിവസവും നല്ല ഒരു ഉയരത്തിൽ എത്തുന്നു. എന്നാൽ, പിന്നെയും താഴേയ്ക്ക് ഇറങ്ങി, അൽപം കുറഞ്ഞ ഉയരത്തിൽ (കൂടുതൽ ഓക്സിജൻ) ആണ് കൂടാരം അടിച്ച് ഉറങ്ങുന്നത്. അപ്പോൾ ഉയരത്തോട് പൊരുത്തപ്പെടാൻ ശരീരത്തിന് സമയമുണ്ട്. കമ്പനിയെയും റൂട്ടും തിരഞ്ഞെടുത്തുകഴിഞ്ഞ് അടുത്ത പ്രശ്നം പരിശീലനമാണ്. ദിവസത്തിന്റെ ഭൂരിഭാഗവും കസേരയിലോ സോഫയിലോ ഇരിക്കുന്ന ഞാൻ കിളിമഞ്ചാരോ പോയിട്ട് പത്താം നിലയിലുള്ള ഞങ്ങളുടെ ഫ്ളാറ്റിലേയ്ക്ക് പോലും നടന്ന് കയറാവുന്ന അവസ്ഥയിൽ ആയിരുന്നില്ല. അതുകൊണ്ട് ചില്ലറ പരിശീലനം തുടങ്ങി. ഫ്ളാറ്റിലേക്കുള്ള പത്ത് നില നടന്ന് കയറുക എന്നതായിരുന്നു പരിശീലനത്തിലെ പ്രധാന ഐറ്റം. പരിശീലനം തീരാറായപ്പോഴേയ്ക്ക് ദിവസം ആ പത്തുനിലകൾ പതിനഞ്ച് പ്രാവശ്യം വീതം കയറുമായിരുന്നു.
അങ്ങനെ കാത്തുകാത്തിരുന്ന് 2018 ഓഗസ്റ്റ് മാസം വന്നെത്തി. മല കയറ്റം തുടങ്ങുന്നതിന്റെ തലേന്ന് കിളിമഞ്ചാരോയ്ക്ക് ഏറ്റവും അടുത്തുള്ള പട്ടണമായ “മോഷി”യിൽ ഒരു ഹോട്ടലിലാണ് ഞാൻ ഉറങ്ങിയത്.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കുളിയും (ഇനി ഏഴ് ദിവസത്തേയ്ക്ക് ഇല്ല) പ്രാതലും കഴിഞ്ഞ് ഗൈഡ് പറഞ്ഞ സ്ഥലത്ത് എത്തി. അവിടെ ഒരു മനുഷ്യൻ സ്വയം പരിചയപ്പെടുത്തി – “ഐ ആം ഇന്നസെന്റ്”. അയാളാണ് ഗൈഡ്. സംഘത്തിലെ മറ്റംഗങ്ങൾ വന്നെത്താൻ കാത്തുനിൽക്കവേ ആ പേരിൽ ഞങ്ങൾക്കൊരു മികച്ച ഹാസ്യനടൻ ഉണ്ടെന്ന് ഞാൻ അയാളോട് പറഞ്ഞു.
പതുക്കെ സംഘത്തിലെ മറ്റ് അംഗങ്ങൾ വന്നു. പോർട്ടർമാർ, കുക്ക്, തുടങ്ങി ഒരു പത്തോളം പേർ. പിന്നെ കസ്റ്റമേഴ്സ് ആയി എന്നെക്കൂടാതെ ആറുപേർ.
ആ ആറുപേരിൽ ഒരാൾ ബോട്ട്സ്വാനക്കാരിയായ ഡൂഡുവാണ്. അമേരിക്കൻ ഇന്ത്യക്കാരായ അഞ്ജലിയും “ഷൂ” എന്നറിയപ്പെടുന്ന അൻഷുമാനും സഹോദരങ്ങളാണ്. പിന്നെ രണ്ട് അമേരിക്കൻ ഇന്ത്യക്കാരായ ഡോക്ടർമാർ (പേര് ഓർമ കിട്ടുന്നില്ല). അവസാനമായി ഗ്രേസ് എന്ന അമേരിക്കക്കാരി. ഞാൻ ഓരോരുത്തരെയും സൂക്ഷിച്ച് നിരീക്ഷിച്ചു. എല്ലാവരെയും കണ്ടിട്ട് ശാരീരിക ക്ഷമതയിൽ എന്നേക്കാൾ ഏറെ മുന്നിലാണ്.
എൻ്റെ മനസിലെ ടെൻഷൻ അറിഞ്ഞിട്ടാണോ ഇന്നസെൻറ് എല്ലാവരോടുമായി ഒരു പ്രയോഗം പരിചയപ്പെടുത്തി – “ഹക്കൂന മട്ടാട്ടാ” (സ്വാഹിലിയിൽ പേടിക്കേണ്ട, വിഷമിക്കേണ്ട, ടെൻഷൻ അടിക്കേണ്ട, എന്നൊക്കെ അർത്ഥം).
(ജനീവയിൽ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുകയാണ് ലേഖകൻ.)
(തുടരും)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..