Sumayya P | Samayam Malayalam | Updated: 01 Jun 2021, 03:31:58 PM
സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമായി മുന്നോട്ടുവന്നിരിക്കുന്നത്.
’ഞാന്‍ ആ തീരുമാനത്തിനെതിരാണ്’
എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ ക്യാംപയിന് നടക്കുകയാണിപ്പോള്‍. ‘ഞാന്‍ ആ തീരുമാനത്തിനെതിരാണ്’ എന്ന പേരിലാണ് ക്യാംപയിന് നടക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയില്‍ ജീവിതത്തിന്റെ സിംഹ ഭാഗവും ചെലവഴിച്ച ആയിരക്കണക്കിന് ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും പുറത്താക്കുന്നത് വിവേചനപരവും കുവൈറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നാണ് ഇവരുടെ വാദം. സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമായി മുന്നോട്ടുവന്നിരിക്കുന്നത്.
ക്യാംപയിന് നയിച്ച് കുവൈറ്റ് കലാകാരന്മാരും
കുവൈറ്റിലെ പ്രമുഖ വിഷ്വല്‍ ആര്‍ടിസ്റ്റായ മുഹമ്മദ് ഷറഫ് ഏറ്റെടുത്തതോടെയാണ് ക്യാംപയിന് കൂടുതല്‍ വൈറലായത്. ഹൈസ്കൂള്‍ ഡിഗ്രിയോ അതില്‍ കുറവോ വിദ്യാഭ്യാസമുള്ള 60 കഴിഞ്ഞ പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തിയ ആ തീരുമാനത്തിന് ഞാന്‍ എതിരാണ് എന്ന അദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് വലിയ ജനശ്രദ്ധ നേടിയിരുന്നു. ഈ തീരുമാനം അനീതിയാണ് എന്നതിനാലാണ് താന്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം ഏതാനും മാസങ്ങളായി നിലവിലുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനമാണ് തന്നെ അതിനെതിരേ പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ക്യാംപയിന് രാജ്യത്തെ അഭിഭാഷകരും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ഏറ്റെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളുമാണ് ഈ ക്യാംപയിന് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.
തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം
60 കഴിഞ്ഞവരുടെ വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാംപയിന് പുരോഗമിക്കുന്നത്. ഞാനൊരു അഭിമാനമുള്ള കുവൈറ്റി പൗരനാണെന്നും എന്നാല്‍ മനുഷ്യത്വ രഹിതമായ ഈ തീരുമാനം കുവൈത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍ക്ക് എതിരാണെന്നും അഹ്മദ് അലെനേസി എന്ന കുവൈറ്റി സ്വദേശി ട്വിറ്ററില്‍ കുറിച്ചു. ഈ തീരുമാനം ശരിയായ അര്‍ഥത്തില്‍ നിലവില്‍ വന്നാല്‍ ഇത് നടപ്പിലാക്കിയവര്‍ ഖേദിക്കുമെന്നും ഉടന്‍ തന്നെ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈറ്റില്‍ 60 കഴിഞ്ഞ പ്രവാസികള്‍ രണ്ട് ലക്ഷത്തിലേറെ
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ 2020ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം കുവൈറ്റില്‍ 60 കഴിഞ്ഞ 2.2 ലക്ഷം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരെ എല്ലാവരെയും പുതിയ നിയമം ബാധിക്കില്ലെന്നും അവരില്‍ ഭൂരിപക്ഷം പേരെയും അത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിഗ്രിയില്ല എന്ന ഒരൊറ്റ കാരണത്താലാണ് ഇവര്‍ രാജ്യത്തു നിന്ന് പുറന്തള്ളപ്പെടുക. പഠനം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ചെറുപ്രായത്തില്‍ തന്നെ കുവൈറ്റിലെത്തിയവരാണ് നിയമത്തിന് ഇരയാവുന്നവരില് ഏറെയും.
വിദേശികളുടെ എണ്ണം കുറയ്ക്കുക ലക്ഷ്യം
അടുത്ത കാലത്തായി വിദേശികള്‍ക്കെതിരേ ശക്തമായ വികാരം രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് രാജ്യത്ത് ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ പ്രത്യാഘാതം എന്നോണമാണ് പുതിയ നിയമം നിലവില്‍ വന്നിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 70 ശമതാനത്തോളവും പ്രവാസികളാണെന്നാണ് കണക്ക്. രാജ്യത്തിന്റെ വിഭവങ്ങളിലേറെയും പ്രവാസികളാണ് അനുഭവിക്കുന്നതെന്നും രാജ്യത്തെ ജനസംഖ്യയിലുള്ള അസന്തുലിതത്വം അവസാനിപ്പിക്കണമന്നുമാണ് പലരുടെയും ആവശ്യം. രാജ്യത്തെ വിദേശികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി കുറക്കണമെന്ന് കുവൈറ്റ് പ്രധാനമന്ത്രി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
വിദേശികളെ പുറന്തള്ളണമെന്ന് ആവശ്യം
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക അസ്ഥിരതയും തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും വിദേശികള്‍ക്കെതിരായ വികാരം കൂടുതല്‍ ശക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രവാസികളെ രാജ്യത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ കുവൈറ്റ് സിനിമാ നടിയായ ഹയാത്ത് അല്‍ ഫഹദ് രംഗത്തുവന്നിരുന്നു. കുവൈറ്റികള്‍ക്ക് രോഗബാധയുണ്ടാവാന്‍ ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഉറപ്പുവരുത്തുന്നതിന് പ്രവാസികളെ നിര്‍ബന്ധപൂര്‍വം പുറത്താക്കണമന്നായിരുന്നു അവരുടെ ആവശ്യം. അവരുടെ രാജ്യക്കാര്‍ക്ക് അവരെ വേണ്ടെങ്കില്‍ പിന്നെ നമ്മളെന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത് എന്നായിരുന്നു ഒരു ടിവി ഷോയില്‍ താരത്തിന്റെ ചോദ്യം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : i am against the decision some kuwaitis oppose move to cancel residency of expats above 60
Malayalam News from malayalam.samayam.com, TIL Network