ലോഹിതദാസ് ഓര്‍മ്മയായിട്ട് 12 വര്‍ഷം. ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത് വെറും 20 വര്‍ഷമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍ സജീവമായിരുന്നത് 12 വര്‍ഷം മാത്രം. എന്നിട്ടും ആ എഴുത്തുകാരന് മലയാള സിനിമയുടെ ഭാവി നിര്‍ണയിച്ചു. ലോഹ മൂര്‍ച്ചയുള്ള ലോഹിതദാസിന്റെ അക്ഷരങ്ങള്‍ കേട്ടപ്പോഴെല്ലാം നമ്മുടെ ഉള്ളില്‍ മുറിവേറ്റു. കാരണം, ലോഹിയുടെ കഥാപാത്രങ്ങളെല്ലാം നമ്മുടെ ജീവിതത്തില്‍ നിന്ന് ചികഞ്ഞെടുത്തവയായിരുന്നു.
ചരമവാര്‍ഷികത്തില്‍ പൃഥ്വിരാജ് എഴുതിയ കുറിപ്പ്:
നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ലോഹിതദാസെന്നും അദ്ദേഹവുമായി ചെയ്യാനിരുന്ന സിനിമ നടക്കാതെ പോയത് ജീവിതത്തിലെ വലിയ നഷ്ടമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
“നടനെന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളിലൊരാളായിരുന്നു ലോഹി സര്. അദ്ദേഹത്തൊടൊപ്പം ചെയ്ത ആ ഒരൊറ്റ ചിത്രത്തിലൂടെ എന്റെ കഴിവിന്റെ നിരവധി വശങ്ങള് കണ്ടെത്താന്‍ എനിക്ക് സാധിച്ചു. മറ്റൊരു ചിത്രം ആരംഭിക്കാനിരിക്കേ ലോഹി സര് എന്നന്നേക്കുമായി വിട പറഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. നിങ്ങള്‍ എന്നെന്നും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ടാകും. നിങ്ങളൊരു ഇതിഹാസം തന്നെയാണ്,’- പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.
തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി എത്തിയ ലോഹിതദാസ് 35 സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.
1997 ലിറങ്ങിയ ഭൂതക്കണ്ണാടിയാണ് ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് കാരുണ്യം, ജോക്കര്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന സമയത്ത് 2009ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോഹിതദാസ് മരണപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..