മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാൻ സഹായിക്കുന്ന വളരെ ആശ്വാസകരമായ ശ്വസനരീതിയാണ് നാഡിശുദ്ധി പ്രാണായാമം. പേര് സൂചിപ്പിക്കുന്നത് പോലെ സമസ്ത നാഡികളെയും ശുദ്ധീകരിക്കുന്ന പ്രാണായാമം ആണിത്.
സകല നാഡികളെയും ശുദ്ധീകരിക്കുന്ന നാഡിശുദ്ധി പ്രാണായാമം
ഹൈലൈറ്റ്:
- എന്താണ് നാഡിശുദ്ധി പ്രാണായാമം?
- നാഡിശുദ്ധി പ്രാണായാമം എങ്ങനെ ശീലിക്കാം?
- ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
അത്തരമൊരു യോഗ പരിശീലനമാണ് നാഡിശുദ്ധി പ്രാണായാമം. ഇതര നാസാരന്ധ്ര ശ്വസനം എന്നും ഇത് അറിയപ്പെടുന്നു. ഇത് ശരീരത്തിന് വിവിധ ഗുണങ്ങൾ നൽകുന്നു, ഒപ്പം മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും സഹായിക്കുന്നു.
എന്താണ് നാഡിശുദ്ധി?
പതിവായി പരിശീലിക്കുമ്പോൾ ധാരാളം നേട്ടങ്ങൾ പകരുന്ന ലളിതമായ പ്രാണായാമമാണ് ഇത്. “സൂക്ഷ്മ ഊർജ്ജ ചാലകം” എന്നർത്ഥമുള്ള സംസ്കൃത പദമാണ് നാഡി, ശുദ്ധി എന്നാൽ “ശുദ്ധീകരണം” എന്നാണ്. അതിനാൽ ഈ ശ്വാസന വ്യായാമം പരിശീലിക്കുന്നത് സൂക്ഷ്മ ഊർജ്ജ ചാലകത്തെ ശുദ്ധീകരിക്കുകയും, ശരീരത്തിലുടനീളം ഓക്സിജൻ സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്നു. ഇത് വ്യക്തത, ശ്രദ്ധ, സമാധാനം എന്നിവ പകർന്നുകൊണ്ട് മനസ്സിന് ശക്തമായ വികാരം കൊണ്ടുവരുന്നു.
എങ്ങനെ പരിശീലിക്കാം?
1. ഇത് ശീലിക്കാൻ ആദ്യം പദ്മാസനത്തിലോ വജ്രാസനത്തിലോ ഇരിക്കാം. അതല്ലെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ധ്യാനത്തിന് ഉതകുന്ന ഏതെങ്കിലും പൊസിഷൻ സ്വീകരിച്ച് നിവർന്നിരിക്കുക.
2. നിങ്ങളുടെ നട്ടെല്ല് നേരെയാക്കി തല നേരെ വച്ച് നിവർന്നിരിക്കുക. നിങ്ങളുടെ മനസും ശരീരവും ശാന്തമാക്കി കണ്ണുകൾ അടച്ച് ഇരിക്കുക.
3. വലതു കൈയിൽ വിഷ്ണു മുദ്ര പിടിക്കുക. ഇടത് കൈയിൽ ധ്യാന മുദ്ര പിടിച്ച് ഇടത് കാൽമുട്ടിൽ വയ്ക്കുക
4. ആരംഭിക്കുന്നതിന് ആദ്യം നിങ്ങളുടെ വലതു കൈയ്യുടെ പെരുവിരൽ ഉപയോഗിച്ച് വലത് നാസാരന്ധ്രം അടക്കുക. ഇനി കഴിയുന്ന വിധത്തിൽ ശ്വാസം നിങ്ങളുടെ ഇടത് മൂക്കിലൂടെ അകത്തേയ്ക്ക് എടുക്കുക. ഈ ശ്വാസം കുറച്ച് നേരം പിടിച്ച് നിർത്തുക. തുടക്കക്കാർക്ക് ഇത് ഒരു 5 സെക്കന്റ് നേരത്തേയ്ക്ക് ശ്രമിക്കാം. പതിയെ ഇതിന്റെ സമയം ഉയർത്താം.
5. ഇനി വലതു മൂക്കിൽ നിന്ന് പെരുവിരൽ മാറ്റി, വലതുകൈയിലെ ചെറുവിരലും മോതിരവിരലും ഉപയോഗിച്ച് ഇടത് നാസാരന്ധ്രം അടച്ച് വലത് നാസാരന്ധ്രത്തിലൂടെ നേരത്തെ എടുത്ത ശ്വാസം പുറത്തേയ്ക്ക് വിടുക. ശ്വാസം പുറത്തേയ്ക്ക് വിടുമ്പോഴും സാവധാനത്തിൽ വിടാൻ ശ്രദ്ധിക്കുക.
6. ഇനി വീണ്ടും വലത് നാസാരന്ധ്രത്തിലൂടെ ശ്വാസം അകത്തേയ്ക്ക് എടുത്ത് ഇടതിലൂടെ പുറത്തേയ്ക്ക് വിടുക.
7. ഇത്രയും ചെയ്താൽ ഒരു തവണ നിങ്ങൾ നാഡിശുദ്ധി പ്രാണായാമം പൂർത്തിയാക്കും. ഇത് പല തവണ ആവർത്തിക്കാം.
നാഡീ ശുദ്ധി ചെയ്യുന്നതിന്റെ ഗുണങ്ങൾ
1. ആഴത്തിലുള്ള ശ്വസന പരിശീലനം ശ്വാസകോശത്തിന്റെ മുഴുവൻ ശേഷിയും കൈവരിക്കുവാൻ സഹായിക്കുന്നു. ഇത് ശ്വസനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.
2. ഈ വ്യായാമം ചെയ്യുമ്പോൾ മൂക്കിന്റെ ഓരോ വശവും മാറി മാറി ചെയ്യുന്നതിലൂടെ, ഒരു കേന്ദ്രം കണ്ടെത്താനും മനസ്സിനും ശരീരത്തിനും ഏകാഗ്രതയും ശാന്തതയും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
3. ഇത് നാഡികളും പേശികളും തമ്മിലുള്ള ഏകോപനം, രക്തചംക്രമണം, എന്നിവ മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും ശരീരവേദന ഒഴിവാക്കാനും സഹായിക്കുന്നു.
4. ഈ മന്ദഗതിയിലുള്ള ശ്വസനരീതി രക്തക്കുഴലുകൾക്ക് വിശ്രമമേകുവാനും വിശാലമാക്കാനും കാരണമാകുന്നു, അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും.
5. ഈ ശ്വാസന വ്യായാമത്തിന്റെ ശക്തമായ പരിശീലനം അമിതമായ ആശങ്കകൾ തടയുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
നിങ്ങളുടെ സകല നാഡികളും ശുദ്ധമാകുവാൻ ഈ പ്രാണായാമം പതിവായി ശീലിക്കാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to do nadi shuddhi pranayama and what are its benefits
Malayalam News from malayalam.samayam.com, TIL Network