ജൂൺ ഒന്ന് മുതൽ ജിമെയിൽ ഉൾപ്പടെ എല്ലാ ഗൂഗിൾ സർവീസുകൾക്കുമായി ആകെ 15ജിബി സ്റ്റോറേജ് മാത്രമേ ഗൂഗിൾ സൗജന്യമായി നൽകുകയുള്ളൂ
How to free-up space in Gmail storage: ഇ-മെയിൽ അയക്കുന്നതിനായി ശതകോടി ജനങ്ങൾ ഉപയോഗിക്കുന്ന സേവനമാണ് ജിമെയിൽ. എന്നാൽ ജിമെയിൽ വേഗത്തിൽ അലങ്കോലപ്പെടാൻ സാധ്യതയുണ്ട്, കാരണം പ്രൊമോഷണൽ മെസ്സേജുകളും അപ്ഡേറ്റുകളും വന്നു നിറയുന്നത് നിങ്ങളുടെ ജിമെയിൽ ഇൻബോക്സിൽ ആയിരിക്കും.
ഗൂഗിൾ ഫോട്ടോസിന്റെ സൗജന്യ സേവനം ജൂൺ ഒന്നിന് അവസാനിക്കുന്നതോടെ നിങ്ങളുടെ ജിമെയിലിൽ പഴയ വായിക്കാതെ കിടക്കുന്നതും വേണ്ടാത്തതുമായ മെസ്സേജുകൾ ഡിലീറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ജൂൺ ഒന്ന് മുതൽ ജിമെയിൽ ഉൾപ്പടെ എല്ലാ ഗൂഗിൾ സർവീസുകൾക്കുമായി ആകെ 15ജിബി സ്റ്റോറേജ് മാത്രമേ ഗൂഗിൾ സൗജന്യമായി നൽകുകയുള്ളൂ.
ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, മറ്റു ഗൂഗിൾ സർവീസുകൾ എല്ലാത്തിനും കൂടിയാണ് ഇനി മുതൽ 15ജിബി ഫ്രീ സ്റ്റോറേജ് ലഭിക്കുക. ഇതുവരെ ഗൂഗിൾ ഫോട്ടോസിന് പരിധിയില്ലാത്ത സ്റ്റോറേജ് ലഭ്യമായിരുന്നു. ഇപ്പോൾ നിങ്ങൾ ജിമെയിലിലെ ആവശ്യമില്ലാത്ത മെയിലുകൾ കളയുകയാണെങ്കിൽ ഗൂഗിൾ ഫോട്ടോസിനായി നിങ്ങൾക്ക് കൂടുതൽ സ്ഥലം ലഭിക്കും. എങ്ങനെയാണ് മെയിലുകൾ ഡിലീറ്റ് ചെയ്ത് ഗൂഗിൾ സ്റ്റോറേജ് വർധിപ്പിക്കുന്നത് എന്ന് നോക്കാം.
How to delete E-mails: ഇമെയിലുകൾ ഡിലീറ്റ് ചെയ്യാൻ
ജിമെയിൽ തുറന്ന് “has:attachment larger:10M” എന്ന് സെർച്ച് ബാറിൽ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക. അപ്പോൾ 10എംബിയിൽ കൂടുതലുള്ള അറ്റാച്ചുമെന്റുകൾ അടങ്ങിയ മെയിലുകൾ ലഭിക്കും അവ ഡിലീറ്റ് ചെയ്യാം. ഇതിനേക്കാൾ വലുതോ ചെറുതോ ആയ മെയിലുകൾ ഡിലീറ്റ് ചെയ്യാൻ ’10’ ന്റെ അവിടെ മറ്റൊരു സംഖ്യ നൽകി സെർച്ച് ചെയ്താൽ മതി. അതിനു ശേഷം വരുന്ന റിസൾട്ടിൽ നിന്ന് എല്ലാം തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാം. അതിനു ശേഷം ട്രാഷ് (Trash) ഫോൾഡറിൽ പോയി അവിടെ വന്നിരിക്കുന്ന ഫയലുകളും ഡിലീറ്റ് ചെയ്ത് സ്റ്റോറേജ് കൂട്ടാം. മെയിലുകൾ ഡിലീറ്റ് ചെയ്യാനുള്ള ഒരു എളുപ്പ വഴി കൂടിയാണിത്.
Read Also: ഫോൺ മാറിയാലും ഫോണിലെ നമ്പറുകൾ പോകില്ല, ഗൂഗിളുമായി ബന്ധിപ്പിച്ചാൽ മതി; എങ്ങനെയെന്ന് നോക്കാം
ഭാവിയിൽ സ്റ്റോറേജ് നിറയാതിരിക്കാൻ ചെയ്യേണ്ടത്
ആദ്യമായി അനാവശ്യമായി വരുന്ന എല്ലാ മെയിലുകളും അൺസബ്സ്ക്രൈബ് (unsubscribe) ചെയ്യുക, അത് കഴിഞ്ഞ് പഴയ മെയിലുകൾ ഡിലീറ്റ് ചെയ്യുക. പ്രൊമോഷണൽ മെസ്സേജുകൾ, ന്യൂസ്ലെറ്ററുകൾ, എന്നിവ ഒരുപാട് അയക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ സൈൻഅപ്പ് ചെയ്തിട്ടുണ്ടെങ്കിൽ അതും അൺസബ്സ്ക്രൈബ് ചെയ്ത് മെയിലുകൾ വരുന്നത് ഒഴിവാക്കാം. ഗൂഗിൾ പറയുന്നത് പ്രകാരം അത്തരത്തിൽ അൺസബ്സ്ക്രൈബ് ചെയ്താലും അതിൽ നിന്നുള്ള മെയിലുകൾ നിൽക്കാൻ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ എടുത്തേക്കാം. അൺസബ്സ്ക്രൈബ് ചെയ്യാൻ,
- നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് തുറക്കുക
- അൺസബ്സ്ക്രൈബ് ചെയ്യാനുള്ള സൈറ്റിൽ നിന്നുള്ള ഒരു മെയിൽ തുറക്കുക
- അവരുടെ പേരിന് സമീപമുള്ള അൺസബ്സ്ക്രൈബ് (unsubscribe) ബട്ടൺ ക്ലിക്ക് ചെയ്യുക
- അടുത്തതായി ഒരു പോപ്പ് അപ്പ് ലഭിക്കും, അതിലും അൺസബ്സ്ക്രൈബ് ക്ലിക്ക് ചെയ്യുക.
ചില സന്ദർഭങ്ങളിൽ സൈറ്റിൽ കയറി മെയിലുകൾ അൺസബ്സ്ക്രൈബ് ചെയ്യേണ്ടി വന്നേക്കാം. അതായത് ഇപ്പോൾ ട്വിറ്ററിന്റെ മെയിലിന് നിങ്ങൾ അൺസബ്സ്ക്രൈബ് കൊടുക്കുകയാണെങ്കിൽ അത് നേരെ ട്വിറ്ററിന്റെ സൈറ്റിലേക്ക് പോവുകയും അവിടെ നിന്ന് നിങ്ങൾക്ക് ഇമെയിൽ ഓപ്ഷൻ ഓഫ് ചെയ്യാനും സാധിക്കും.
മെയിൽ അയച്ച ആളുടെ പഴയ എല്ലാ മെയിലുകളും ഡിലീറ്റ് ചെയ്യാൻ അയാളുടെ പേര് സെർച്ച് ബാറിൽ നൽകി സെർച്ച് ചെയ്ത് ഡിലീറ്റ് ചെയ്യാൻ സാധിക്കും. അതായത്, ഇപ്പോൾ ട്വിറ്ററിൽ നിന്നും ലഭിച്ച മെയിലുകൾ ഡിലീറ്റ് ചെയ്യാൻ ട്വിറ്റർ എന്ന് സെർച്ച് ചെയ്താൽ ട്വിറ്ററിന്റെ എല്ലാ മെയിലുകളും ലഭിക്കുകയും അതെല്ലാം ഒരുമിച്ച് സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യാനും സാധിക്കും.