ഉത്തരാഖണ്ഡില്‍ റിസോര്‍ട്ട് ജീവനക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കേസില്‍ മുന്‍ ബിജെപി മന്ത്രിയുടെ മകനെ മുഖ്യപ്രതിയാക്കി പോലിസ് കേസെടുത്തു. ഋഷികേശിലെ ലക്ഷ്മണ് ജുലയിലെ ‘വനാന്തര്‍ റിസോര്‍ട്ട്’ ഉടമയും മുന്‍മന്ത്രി വിനോദ് ആര്യയുടെ മകനുമായ പുള്‍കിത് ആര്യയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ കാണാതായ കേസാണ് പിന്നീട് കൊലക്കേസായി മാറുന്നത്. പുള്‍കിതിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വനാന്തര്‍ റിസോര്‍ട്ട് പോലിസ് പൊളിച്ചുനീക്കി. പുള്‍കിത് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മിസ്സിങ് കേസ് കൊലക്കേസായി
പൗരി ഗര്‍വാളിലെ ശ്രീകോട്ട് വില്ലേജ് സ്വദേശിനിയാണ് അങ്കിത ഭണ്ഡാരി. ലക്ഷ്മണ് ജുലയിലെ സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. സെപ്തംബര്‍ 18നാണ് കേസിന് ആസ്പദമായ സംഭവം. അന്നേദിവസം റിസോര്‍ട്ടില്‍ ജോലിയിലുണ്ടായിരുന്ന അങ്കിതയെ (19) കാണാതാവുകയായിരുന്നു. ജോലിസമയം കഴിഞ്ഞശേഷവും അങ്കിതയെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരും പുള്‍കിത് ആര്യയും ചേര്‍ന്ന് റവന്യൂ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് ഉത്തരാഖണ്ഡിലെ ലക്ഷ്മണ് ജുല പോലീസിന് കേസ് കൈമാറി. .മൂന്ന് ദിവസത്തിന് ശേഷമാണ് പോലിസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തത്. കൊലപാതകം, തെളിവ് മറയ്ക്കല്‍ എന്നീ വകുപ്പുകള്‍, ഐപിസി സെക്ഷന്‍ 302, 201 എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയതായി എസ്എസ്പി പൗരി ഗര്‍വാള്‍ അറിയിച്ചു.
അറസ്റ്റിലേക്ക് നയിച്ചത് എങ്ങിനെ?
അങ്കിതയുടെ മിസ്സിങ് കേസ് ഉത്തരാഖണ്ഡ് പോലിസ് അന്വേഷണം തുടങ്ങിയ ശേഷം പുള്‍കിതും രണ്ട് കൂട്ടുപ്രതികളും മുങ്ങിയിരുന്നു. അങ്കിതയുടെ കേസില്‍ നടപടി ആവശ്യപ്പെട്ട് ഋഷികേഷ് നിവാസികള്‍ പ്രതിഷേധം ആരംഭിച്ചു. പോലിസ് വാഹനത്തിന് ചുറ്റുമിരുന്ന് നൂറുകണക്കിന് നാട്ടുകാര്‍ സമരം ചെയ്തു. പ്രതിഷേധം പ്രക്ഷോഭമാകുമെന്ന് കണ്ട് എസ്പിയുടെ നിര്‍ദേശപ്രകാരം മൂന്ന് പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങിനെ അങ്കിതയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ക്കൊപ്പം പരാതി നല്‍കിയയാള്‍ തന്നെയാണ് പ്രധാന പ്രതിയെന്ന് തെളിഞ്ഞു.
പുള്‍കിത് ആര്യ ആര്?
ഈ കേസിലെ പ്രധാനപ്രതിയായ പുള്‍കിത് ആര്യയാണ് വനാന്തര്‍ റിസോര്‍ട്ടിന്റെ ഉടമ. ഇയാള്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ്. ബിജെപി ഒബിസി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് ഇദ്ദേഹം. കൂടാതെ, യുപിയുടെ സഹ ചുമതലയുള്ള അദ്ദേഹം മുന്‍ സഹമന്ത്രി കൂടിയാണ്. അദ്ദേഹത്തിന്റെ മറ്റൊരു മകന് അങ്കിത് ആര്യ സഹമന്ത്രിയാണ്. നിലവില്‍ ഉത്തരാഖണ്ഡ് ഒബിസി വെല്‍ഫെയര്‍ കമ്മീഷന് വൈസ് ചെയര്‍മാനാണ്. അതുകൊണ്ട്തന്നെ ഉന്നതതലങ്ങളില്‍ വലിയ സ്വാധീനമുണ്ട് പ്രതിക്ക്. ഉത്തര്‍പ്രദേശിലെ വിവാദ നേതാവായ അമര്‍മണി ത്രിപാഠിക്കൊപ്പം ഉത്തരകാശിയിലെ നിരോധിത പ്രദേശത്ത് പ്രവേശിച്ചതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധി ലോക്ക്ഡൗണ്‍ സമയത്തും പുള്‍കിത് വിവാദങ്ങളില്പെട്ടിരുന്നു. ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ത്രിപാഠി കൊലപാതകക്കുറ്റത്തിന് 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ക്രിമിനലുകളുമായി ബന്ധമുള്ളയാണ് പുള്കിതെന്നാണ് വിവരങ്ങള്‍.
അറസ്റ്റിലായ മറ്റുള്ളവര്‍
പുള്കിതിനൊപ്പം അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ട്. അങ്കിത് ഗുപ്ത, സൗരഭ് ഭാസ്കര്‍ എന്നിവരാണ് ഈ പ്രതികള്‍. ഇരുവരും വനാന്തര്‍ റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരാണ്. പുള്‍കിതിന്റെ വലംകൈകളാണ് ഇരുവരുമെന്നാണ് പോലിസ് ഭാഷ്യം. മൂവരും ചേര്‍ന്നാണ് അങ്കിതയെ കനാലില്‍ തള്ളിയിട്ട് കൊന്നതെന്നാണ് വിവരം. മൂന്ന് പ്രതികളും റിമാന്റിലാണ്.
ചോദ്യം ചെയ്യലില്‍ തെളിഞ്ഞ കൊലപാതകം
ഉത്തരാഖണ്ഡ് പോലിസ് കേസ് ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിലാണ് കേസ് കൊലപാതകമായി മാറുന്നത്. അങ്കിത ഭണ്ഡാരിയുമായി വാക്കേറ്റമുണ്ടാവുകയും ‘ചില്ല റോഡി’ന് സമീപത്തെ കനാലില്‍ തള്ളിയിട്ട് കൊല്ലുകയുമായിരുന്നുവെന്ന് പോലിസ് പറയുന്നു. പ്രതികള്‍ തന്നെയാണ് ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞത്. പെണ്‍കുട്ടി മുങ്ങിത്താഴുന്നത് ഇവര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ഇവിടെ നിന്ന് പോയ മറ്റ് പ്രതികള്‍ ഒന്നുമറിയാത്തവരെ പോലെ അഭിനയിക്കുകയായിരുന്നു. അങ്കിതയെ കാണാതായതിനെ തുടര്‍ന്ന് കുടുംബത്തിനൊപ്പം അന്വേഷിക്കാനും ഇവര്‍ മുന്നിട്ടിറങ്ങിയിരുന്നു. കേസ് ഉത്തരാഖണ്ഡ് പോലിസ് ഏറ്റെടുത്തതോടെ മൂവരും സ്ഥലം വിടുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതോടെ അങ്കിത കൊല്ലപ്പെട്ടുവെന്ന് പോലിസിന് ഉറപ്പായി.
ആളിക്കത്തിയ പ്രതിഷേധം തുണയായി
അങ്കിത ഭണ്ഡാരിയുടേത് കൊലപാതക്കേസാണെന്ന് മനസ്സിലായതോടെ ആളുകള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പോലിസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നുവെന്നും വിവരമുണ്ട്. കൂടാതെ പുള്‍കിതിന്റെ വനാന്തര്‍ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് പോലിസ് നേരിട്ടെത്തി റിസോര്‍ട്ട് പൊളിച്ചു. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ റിസോര്‍ട്ടിന്റെ മറ്റുഭാഗങ്ങള്‍ തീയിട്ട് നശിപ്പിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. ഉത്തരാഖണ്ഡിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനായി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
കൊലപാതക കാരണം എന്ത്?
അങ്കിതയുടെ മരണം കൊലപാതകമാണെന്ന് പ്രതികള്‍ പോലിസിന് മുമ്പില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങളില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും കനാലിലേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് മൂന്ന് പ്രതികളും നല്കിയ മൊഴി. എന്നാല്‍ കൊലപാതകം ഇങ്ങിനെ തന്നെയായിരുന്നോ എന്ന കാര്യം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രം വ്യക്തമാകുകയുള്ളൂ. എന്തായിരുന്നു അങ്കിതയുടെ കൊലപാതകത്തിലേക്ക് നയിച്ച വിഷയമെന്ന് ഇതുവരെ പോലിസ് പുറത്തുവിട്ടിട്ടില്ല. അതേസമയം അങ്കിതയെ പ്രതികള്‍ വ്യഭിചാരത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുകള്‍ വരുന്നുണ്ട്. അങ്കിതയെ കാണാതായ ശേഷം അവളുടെ അടുത്ത സുഹൃത്തിന് അയച്ച വാട്സ്ആപ് മെസേജുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ”അവര്‍ എന്നെ ഇവിടെ വരുന്ന ഗസ്റ്റുകള്‍ക്ക് വേണ്ടി ‘എക്സ്ട്രാ സര്‍വീസ്’ന് നിര്‍ബന്ധിക്കുന്നു. ഇവിടെ സുരക്ഷിതമല്ല. റിസോര്‍ട്ടിന്റെ ഉടമ എന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിക്കാന്‍ ശ്രമിച്ചിരുന്നു” എന്നാണ് മെസേജ് അയച്ചിരുന്നത്. മറ്റ് സ്റ്റാഫുകളും മോശമായി പെരുമാറിയിരുന്നുവെന്ന് അങ്കിത സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. 10,000 രൂപ ശമ്പളത്തില്‍ ഓഗസ്റ്റ് 28നാണ് അങ്കിത റിസോര്‍ട്ടില്‍ ജോലിക്ക് കയറിയത്. റിസോര്‍ട്ട് ഉടമ പുള്‍കിത് ഗസ്റ്റുകളോട് ലൈംഗിക ബന്ധത്തിന് അങ്കിതയെ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂട്ടുപ്രതി പോലിസിനോട് വെളിപ്പെടുത്തിയ സത്യം
ഈ കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് അംഗിത് ഗുപ്ത . മൂന്ന് പേരെയും ചോദ്യം ചെയ്ത പോലിസിന് മുമ്പില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത് ഇയാളാണ്. അങ്കിതയെ കാണാതായ സെപ്തംബര്‍ 18ന് പുള്‍കിത് ആര്യയും അങ്കിതയും അവളുടെ മുറിയില്‍ വെച്ച് വാക്കേറ്റമുണ്ടായി. ഇത് താന്‍ കണ്ടിരുന്നു. ഇതിന് ശേഷം വൈകീട്ട് എട്ട് മണിയോടെ പുള്‍കിതും ഭാസ്കറും ഗുപ്തയും അങ്കിതയും ബൈക്കില്‍ പുറത്തുപോയി. പുള്കിതിനൊപ്പമായിരുന്നു അങ്കിത കയറിയത്. ഋഷികേശില്‍ പോയി ലഘുഭക്ഷണം കഴിക്കാനായാണ് പോയത്. ഇതിന് ശേഷം 8.30ന് ചില്ല ബാരേജിന് സമീപത്തെത്തി. ഇതിന് ശേഷം വീണ്ടും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. മൂന്ന് പ്രതികളും മദ്യപിച്ചിരുന്നു. വാക്കേറ്റത്തിനിടെ കുന്നിന്മുകളില് നിന്ന് പുള്‍കിത് അങ്കിതയെ താഴേക്ക് തള്ളിയിടുകയായിരുന്നു. റിസോര്‍ട്ടിന് അടുത്തുതന്നെയാണ് ഈ സ്ഥലം. നദിയിലേക്ക് വീണ അങ്കിത മുങ്ങിപ്പോവുകയായിരുന്നുവെന്നും അംഗിത് ഗുപ്ത പോലിസിനോട് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയത് എവിടെ നിന്ന്?
വനാന്തര്‍ റിസോര്‍ട്ട് ജീവനക്കാരിയായ 19-കാരിയുടെ മിസ്സിങ് കേസ് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതികള്‍ മൊഴി കണക്കിലെടുത്ത് ചില്ല കനാലില്‍ വെള്ളിയാഴ്ച മുതല്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയിരുന്നു. ചില്ല കനാലിലായിരുന്നു പ്രധാനമായും ടീം അംഗങ്ങള്‍ തിരച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ചില്ല ബാരേജിന് സമീപത്ത് വെച്ച് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി ഉത്തരാഖണ്ഡ് ദുരന്തനിവാരണ സേന അറിയിച്ചു. അങ്കിതയുടെ കുടുംബത്തിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അവര്‍ തിരിച്ചറിയലിനായി എത്തുമെന്നും ഉത്തരാഖണ്ഡ് ദുരന്തനിവാരണ സേനാ മേധാവി ലളിത നേഗി അറിയിച്ചു.