വടക്കൻ കേരളത്തിലായിരിക്കും തരൂർ ആദ്യഘട്ടത്തിൽ ഇറങ്ങുക. നേതാക്കളിൽ പലരുടെയും പിന്തുണയില്ലെങ്കിലും പ്രവർത്തകർക്കിടയിൽ സ്വീകാര്യത വർധിപ്പിക്കാൻ തരൂരിനു കഴിഞ്ഞിട്ടുണ്ട്. ദേശീയനേതാവ് എന്ന നിലയിൽ പ്രതിച്ഛായ വർധിപ്പിക്കാനും തരൂരിനു കഴിഞ്ഞെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസം 20ന് കോഴിക്കോട് നിന്നാണ് തരൂർ പര്യടനം നടത്തുന്നത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവൻ എംപിയാണ് തരൂരിൻ്റെ പരിപാടികൾ ഏകോപിപ്പിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. മുസ്ലീം ലീഗ് നേതാക്കളുമായും തരൂർ സംസാരിക്കും. കോഴിക്കോട് ഡിസിസി മുൻ അധ്യക്ഷനായ കെ സി അബു അടക്കമുള്ളവരുടെ പിന്തുണയും തരൂരിനുണ്ട്. തിരുവനന്തപുരം മേഖലയിൽ മികച്ച ജനപിന്തുണയുള്ള തരൂർ മലബാർ മേഖലയിലും സ്വാധീനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് എന്നാണ് വിലയിരുത്തൽ.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തരൂർ പാർട്ടി വിട്ടേക്കുമെന്ന് മുൻപ് സമയം മലയാളം അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടിയിൽ നിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ കോൺഗ്രസ് വിടുന്ന കാര്യം പരിഗണിക്കുമെന്നും എന്നാൽ ബിജെപിയിലേയ്ക്ക് പോകില്ലെന്നും തരൂർ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. മുതിർന്ന പല നേതാക്കളുടെയും നീരസം അവഗണിച്ച് മത്സരിച്ച തരൂർ പാർട്ടിയിലെ തൻ്റെ സ്വാധീനം തെളിയിക്കുകയും ചെയ്തു. ഹൈക്കമാൻഡിൻ്റെ നോമിനിയെന്നോണം മത്സരിച്ചു ജയിച്ച ഖാർഗെയ്ക്കെതിരെ പാർട്ടിയിൽ വിമതനേതാക്കളുടെ കൂട്ടായ്മയിൽ പോലും അംഗമായിരുന്ന തരൂർ വലിയ ചെറുത്തുനിൽപ്പ് നടത്തി. കേരളത്തിലെ പല മുൻനിര നേതാക്കളെക്കാളും ജനപിന്തുണ നിലവിൽ തരൂരിനുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കരുതുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് വിടാൻ തരൂർ തയ്യാറായേക്കില്ല.
Also Read: കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങവെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവില്‍
മുൻപ് ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിൽ നിന്ന് തരൂരിനെ നേതൃത്വം ഒഴിവാക്കിയിരുന്നു. എന്നാൽ പ്രചാരണത്തിൽ പങ്കെടുക്കാൻ പല സ്ഥാനാർഥികളും ക്ഷണിച്ചെങ്കിലും നേതൃത്വത്തിൻ്റെ എതിർപ്പ് പരിഗണിച്ച് തരൂർ തയ്യാറായില്ല. ഇതിനിടയിലാണ് കേരളത്തിൽ വിവിധ പരിപാടികളുമായി തരൂർ എത്തുന്നത്. കോൺഗ്രസിൻ്റെ പുതിയ മുഖം എന്ന രീതിയിൽ തരൂരിന് സംസ്ഥാനത്ത് മികച്ച ഭാവിയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ കരുതുന്നത്. ഇതിൻ്റെ ഭാഗമായാണ് യുവാക്കളും പ്രൊഫഷണലുകളും വിദ്യാർഥികളും അടങ്ങുന്ന സമൂഹത്തോട് സംസാരിക്കാൻ അദ്ദേഹം ഒരുങ്ങുന്നത്. മുസ്ലീം ലീഗിനു പുറമെ കോഴിക്കോട് ബാർ അസോസിയഷൻ്റെയും ഐഎംഎയുടെയും പരിപാടികളിൽ തരൂർ പങ്കെടുക്കുന്നുണ്ട്.
വ്ലോഗർ ‘വിക്കി തഗ്’ ലഹരിക്കേസിൽ പിടിയിൽ