കൊച്ചി> ഭക്ഷ്യസംസ്കരണ, പാക്കേജിംഗ് മേഖലകള്‍ക്കായുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്ടെക് കേരളയുടെ പതിനാലാമത് പതിപ്പ് 2023 ഫെബ്രുവരി 9, 10, 11 തീയതികളില്‍ കൊച്ചി കലൂരിലെ റിന ഇവന്റ് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യസംസ്കരണ രംഗത്തെ മെഷീനറികള്‍, പാക്കേജിംഗ് ഉപകരണങ്ങള്‍, ഭക്ഷ്യോല്പ്പന്നച്ചേരുവകള്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 60-ലേറെ സ്ഥാപനങ്ങള്‍ ഈ ത്രിദിന പ്രദര്‍ശനത്തില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.
കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് (കെ-ബിപ്), സിഫ്റ്റ്, ബിസ്, ഫിക്കി കേരളാ തുടങ്ങിയ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അംഗീകാരവും പിന്തുണയും ഫുഡ്ടെകിനുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെ-ബിപ് സംഘടിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പവലിയനിലെ 20ഓളം വരുന്ന ചെറുകിട-ഇടത്തരം (എസ്എംഇ) സംരഭങ്ങളായിരിക്കും മേളയുടെ പ്രധാന ആകര്‍ണം. ഇതിനു പുറമെ ദേശീയ തലത്തിലുള്ള പ്രമുഖ നിര്‍മാണ സ്ഥാപനങ്ങളേയും സംസ്ഥാനത്ത ഭക്ഷ്യോല്‍പ്പന്ന കമ്പനികളേയും മുഖാമുഖം കൊണ്ടുവരുന്ന ഒരു പ്രദരശനം കൂടിയാകും ഫുഡ്ടെക് എന്ന് സംഘാടകരയാ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കോവിഡ് ഭീഷണി ഒഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഭക്ഷ്യോല്‍പ്പന്ന മേഖല, വിശേഷിച്ചും ചെറുകിട യൂണിറ്റുകളും ഹോം ബേക്കേഴ്സും വന്‍കുതിപ്പിലാണ്. ‘ഭക്ഷ്യോല്‍പ്പന്ന വ്യവസായം സംസ്ഥാനത്തൊട്ടാകെ മികച്ച വളര്‍ച്ച കാണിക്കുന്ന സമയമാണിത്. എറണാകുളം ജില്ലയാണ് സംസ്ഥാനത്തെ ഭക്ഷ്യോല്‍പ്പന്ന വ്യവസായത്തിന്റെ കേന്ദ്രം. ജില്ലയില്‍ മാത്രം ഈ മേഖല 50,000-ത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രവിഭവങ്ങള്‍, മാംസോല്‍പ്പന്നങ്ങള്‍, വിവിധ തരം ഓയിലുകള്‍, ഓയില്‍ എക്സ്ട്രാക്റ്റുകള്‍, റെഡി-റ്റു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയി വിവിധ ഉല്‍പ്പന്ന മേഖലകളില്‍ നൂറു കണക്കിന് യൂണിറ്റുകളാണ് ജില്ലയിലുള്ളത്,’ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ നിന്നു തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സംസ്ഥാനത്തെ വളര്‍ന്നു വരുന്ന ഫുഡ്, ഹൊറേക മേഖലകളില്‍ ഫുഡ്, ബേക്കറി യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങളും സേവനങ്ങളും ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഫുഡ്ടെക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ മേഖല ശക്തമാണ്. വിശേഷിച്ചും മധ്യകേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഈ മേഖല വലിയ പങ്കുവഹിക്കുന്നു. ഉല്‍പ്പാദനം, മൂല്യവര്‍ധന, തൊഴില്‍ ലഭ്യമാക്കല്‍ എന്നീ തുറകളില്‍ ഈ മേഖലയുടെ സംഭാവന സ്ഥിരമായി വളര്‍ച്ച കാണിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സ്പോസാണ് ഫുഡ്ടെക് കേരളാ 2023ന്റെ സംഘാടകര്‍. കഴിഞ്ഞ 14 വര്‍ഷമായി ഫുഡ്ടെക്, ഹോട്ടല്‍ടെക് തുടങ്ങിയ ബി2ബി പ്രദര്‍ശനങ്ങള്‍ നടത്തി വരുന്ന സ്ഥാപനമാണ് ക്രൂസ്. ഇക്കാലത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര ബി2ബി പ്രദര്‍ശന സംഘാടകരായും കമ്പനി വളര്‍ന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..