കൊച്ചി> ഇൻഡോ- ജപ്പാൻ ചേംബർ ഓഫ് കോമേഴസ് (ഇൻജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാൻ മേള മാർച്ച് 2 മുതൽ 4 വരെ കൊച്ചി കൊച്ചി റമദ റിസോർട്ടിൽ നടക്കും. മാർച്ച് രണ്ടിന് രാവിലെ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സാങ്കേതിവിദ്യകളും ജപ്പാൻ കമ്പനികളിൽ നിന്നുള്ള നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയിൽ ബിസിനസ് സംരംഭങ്ങൾ നടത്തുന്ന വനിതകൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കേരളത്തിൽ വനിതാസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇൻജാക് ഈ ഇളവ് നൽകുന്നതെന്ന് ഇൻജാക് പ്രസിഡന്റും കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡിയുമായ മധു എസ് നായർ, വൈസ് പ്രസിഡന്റും സിന്തൈറ്റ് എംഡിയുമായ ഡോ. വിജു ജേക്കബും പറഞ്ഞു.
ജപ്പാനിലേയ്ക്ക് കയറ്റുമതി ലക്ഷ്യമിടുന്ന ചെറുകിട-ഇടത്തരം സംരഭങ്ങൾ, ബയേഴ്സ്, പങ്കാളിത്തം നോക്കുന്ന സ്ഥാപനങ്ങൾ, സംയുക്തസംരഭങ്ങൾ സ്ഥാപിക്കുന്നവർ, നിക്ഷേപകർ തുടങ്ങിയവർക്ക് മേള മികച്ച അവസരങ്ങൾ ലഭ്യമാക്കും. സ്പൈസസ്, ടൂറിസം ആൻഡ് വെൽനെസ്, എഡ്യുക്കേഷൻ ആൻഡ് എച്ച്ആർ, മെഡിക്കൽ ടെക്നോളജി ആൻഡ് ഡിവൈസസ്, എഐ, റോബോടിക്സ് ആൻഡ് ഐടി, റബർ, സീഫുഡ് ആൻഡ് ഫുഡ് പ്രോസസ്സിംഗ്, മാരിടൈം, ഇൻഫ്രാസ്ട്രക്ചർ, ഗീൻ ഹൈഡ്രജൻ ആൻഡ് ഇവി എന്നീ പത്തു വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളാണ് മേളയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
അതത് മേഖലകളിലെ 40ഓളം പ്രമുഖർ സെഷനുകൾ നയിക്കും. മൂന്ന് ലഞ്ചും രണ്ട് ഡിന്നറും ഉൾപ്പെടെയാണ് കുറഞ്ഞ നിരക്കിലുള്ള പ്രവേശന ഫീസ്. ഇളുവകളോടെയുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 1ന് വൈകീട്ട് 6 മണിക്ക് അവസാനിക്കും. മേളയുടെ ഭാഗമായ പ്രദർശന സ്റ്റാളുകളിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. രജിസ്ട്രേഷന് www.injack.org.in. റമദയിലെ സ്പോട് രജിസ്ട്രേഷൻ മാർച്ച് 2 രാവിലെ 9 മണി മുതൽ 1030 വരെ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..