കൊച്ചി> യുഎസിലെ സിലിക്കൺ വാലി, സിഗ്നേചർ ബാങ്കുകളുടെ തകർച്ചയെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവ്വ പവന് 560 രൂപ വർധിച്ച് 42,520 രൂപയും ഗ്രാമിന് 70 രൂപ വർധിച്ച് 5315 രൂപയുമായി. ഫെബ്രുവരി രണ്ടിന് പവന് രേഖപ്പെടുത്തിയ 42,880 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില.
സിലിക്കൺ വാലി ബാങ്ക് (എസ്വിബി) തകർച്ചയുടെ വാർത്ത പുറത്തുവന്ന വെള്ളിയാഴ്ചമുതൽ അഞ്ചുദിവസത്തിനിടെ സംസ്ഥാനത്ത് പവന് 1800 രൂപ വർധിച്ചു. വെള്ളിയാഴ്ച പവന് 400 രൂപയും ശനി 600 രൂപയും തിങ്കൾ 240 രൂപയും കൂടി. 2008ന് ശേഷം യുഎസിലെ ഏറ്റവും വലിയ ബാങ്ക് തകർച്ചയാണ് എസ്വിബിയുടേത്. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതാണ് സംസ്ഥാനത്തും വില വർധിക്കാൻ കാരണം. തിങ്കളാഴ്ച യുഎസ് മാർക്കറ്റ് വ്യാപാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ട്രോയ് ഔൺസിന് (ഏകദേശം 31.1 ഗ്രാം) 1880 ഡോളറായിരുന്ന സ്വർണവില നിലവിൽ 1907 ഡോളർ നിലവാരത്തിലാണ് നീങ്ങുന്നത്.
ബാങ്കുകളുടെ തകർച്ച ലോകത്തെ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ കൂടുതൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് മാറുന്നതാണ് വില കൂടാൻ കാരണം. ഓഹരിവിപണിയിലെ തുടർച്ചയായ നഷ്ടവും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിക്കുന്നു. 2008ലെ ആഗോള തകർച്ചയ്ക്ക് ഇടയാക്കിയ ലെമാൻ ബ്രദേഴ്സ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് തകർന്ന ഒക്ടോബറിനുമുമ്പ് സെപ്തംബർ അവസാനം ഔൺസിന് 871.60 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ സ്വർണവില. ഡിസംബര്‍ അവസാനമെത്തിയപ്പോഴേയ്ക്കും അത് 880.31 ഡോളറിലേക്കും 2009 ജനുവരി ഒടുവില്‍ 928.45 ഡോളറിലേക്കും ഉയര്‍ന്നു. തകര്‍ച്ചയുടെ ഒരു വര്‍ഷം പൂര്‍ത്തിയായ 2009 ഒക്ടോബറില്‍ വില 1044 ഡോളറായി കുതിച്ചുയര്‍ന്നു.
ഇപ്പോൾ തകർച്ച നേരിട്ട രണ്ട് ബാങ്കുകളിലെയും നിക്ഷേപം പൂർണമായി തിരികെനൽകുമെന്ന് ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ (എഫ്ഡിഐസി) പ്രഖ്യാപിച്ചെങ്കിലും വിപണിയിലുണ്ടായ പ്രതിസന്ധി വരുംദിവസങ്ങളിലും സ്വർണവില ഉയർത്തിയേക്കാമെന്ന് വിദഗ്ധർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..