അന്യസംസ്ഥാനങ്ങളിലേക്ക് പ്രതികളെ അന്വേഷിച്ചുപോയി സാഹസികമായി പിടികൂടി കേരളത്തിലേക്ക് എത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുത്ത പല സംഭവങ്ങളും കേസുകളും നമുക്കറിയാം. ഇത്തരം പ്രമേയങ്ങൾ പശ്ചാത്തലമാക്കി പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. തമിഴ് നടൻ കാർത്തി അഭിനയിച്ച ‘തീരൻ – അധികാരം ഒൻട്ര്’, രാജീവ് രവി സംവിധാനം ചെയ്ത ‘കുറ്റവും ശിക്ഷയും’ എന്നീ സിനിമകളൊക്കെ അന്യസംസ്ഥാനത്തേക്ക് പോയി പ്രതികളെ പിടിക്കുന്ന കഥകൾ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സിനിമാക്കഥയിലെന്നപോലെ, സാഹസികമായ ദൗത്യത്തിനൊടുവിൽ മയക്കുമരുന്ന് മാഫിയയും ക്രിമിനൽ മാഫിയയും അരങ്ങുവാഴുന്ന അസമിലെ ഒരു പ്രദേശത്ത് പോയി ജാമ്യത്തിൽ കഴിയവെ ഒളിച്ചുപോയ പോക്സോ കേസ് പ്രതിയെ പിടിച്ചുകൊണ്ടുവന്നിരിക്കുകയാണ് കാസർഗോഡ് നീലേശ്വരം പോലീസ്. നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയും അസം മിലന്നഗർ സ്വദേശിയുമായ ശേഖര്‍ ചൗന്ദരിയെന്ന റാംപ്രസാദ് ചൗന്ദരിയെയാണ് (42) അസമിലെ ടീന്സുഗ്ഗ്യ ജില്ലയിലെ ഡിഗ്ബോയില്‍ വെച്ച് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
2016ല്‍ ചായ്യോത്ത് പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് റാംപ്രസാദ് ചൗന്ദരി പോക്സോ കേസിൽ പ്രതിയാകുന്നത്. കേസന്വേഷണത്തിനൊടുവിൽ നീലേശ്വരം പോലീസ് ചൗന്ദരിയെ അറസ്റ്റ് ചെയ്തു. രണ്ടു വർഷക്കാലം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ ചൗന്ദരി ആൾജാമ്യത്തിലിറങ്ങി കോടതി വിചാരണവേളയിൽ ഹാജരാവാതെ ഒളിവിൽ പോവുകയായിരുന്നു. ഇതിനെത്തുടർന്ന് കോടതി ചൗന്ദരിക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍നായര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്, എസ്ഐ കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിയുടെ വാസസ്ഥലത്തെക്കുറിച്ച് അന്വേഷണം നടത്തി. പ്രതി അസമിലെ ടീന്സുഗ്ഗ്യ ജില്ലയിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുകയാണെന്ന് കണ്ടെത്തുകയും ചെയ്തു.
സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ വിനോദ് കോടോത്ത്, കെ. വി. ഷിബു, പി. അനീഷ് എന്നിവർക്ക് പ്രതിയെ അസമിൽ പോയി പിടിച്ചുകൊണ്ടുവരാനുള്ള ദൗത്യം നൽകി. ഈ മൂവർസംഘ ശേഖര്‍ ചൗന്ദരിയെന്ന റാംപ്രസാദ് ചൗന്ദരിയെ കണ്ടുപിടിച്ച് സാഹസികമായി പിടികൂടുകയും സുരക്ഷിതമായി കേരളത്തിലെത്തിക്കുകയും ചെയ്തു.
വളരെ അപകടം നിറഞ്ഞ പ്രദേശത്തേക്കാണ് തങ്ങൾ പോകുന്നതെന്ന വസ്തുത ആദ്യം അറിയില്ലായിരുന്നുവെന്നാണ് മൂവർസംഘത്തിലെ ഒരാളായ നീലേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കോടോത്ത് ടൈംസ് ഓഫ് ഇന്ത്യ സമയം പ്ലസിനോട് പറഞ്ഞത്.
“അസമിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തി ജില്ലയായ ടീന്സുഗ്ഗ്യ ജില്ലയിലെ ഡിഗ്ബോയിൽ പ്രതിയുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പുറപ്പെടുന്നത്. പ്രതി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നതെന്ന റിപ്പോർട്ട് അന്വേഷണം ആ നിലയിൽ വ്യാപിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 22നാണ് ഞങ്ങൾ അസമിലേക്ക് പുറപ്പെടുന്നത്. ഫെബ്രുവരി 29ന് ഞങ്ങൾ അസം- അരുണാചൽ പ്രദേശ് അതിർത്തി ജില്ലയായ ടീന്സുഗ്ഗ്യയിലെ ഡിഗ്ബോയിലെത്തുകയും ഉടൻ തന്നെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. അപ്പോഴാണ് അറിയുന്നത്, ഡിഗ്ബോ വളരെ സെൻസിറ്റീവായ സ്ഥലമാണെന്നും അവിടെ പോലീസ് പുറത്തിറങ്ങുന്നത് കമാൻഡോ വിങ്ങിന്റെ സഹായത്തോടെയുമാണെന്ന്.” – വിനോദ് കോടോത്ത് പറയുന്നു.
ഓട്ടോ ഓടിച്ചുകഴിയുന്ന ഒരു സാധാരണക്കാരനെ എളുപ്പത്തിൽ പിടികൂടി തിരിച്ചെത്താമെന്നതായിരുന്നു അതുവരെയുണ്ടായിരുന്ന ധാരണ. പൊലീസിന് പുറത്തിറങ്ങാൻ പോലും വലിയ സുരക്ഷാ സംവിധാനം ആവശ്യമുള്ള ഒരു നാട്ടിലാണ് പ്രതി ജീവിക്കുന്നതെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ ജാഗ്രതയോടെ നീക്കേണ്ടതുണ്ടെന്ന് മനസ്സിലായി.
“ഡ്രഗ് മാഫിയ അഴിഞ്ഞാടുന്ന, രാത്രി എട്ട് മണിയോടെ കടകമ്പോളങ്ങൾ അടക്കുന്ന, ഗതാഗത സൗകര്യം ലഭിക്കാത്ത വളരേയേറിയ അപകടം പിടിച്ച സ്ഥലത്താണ് ഞങ്ങൾ എത്തിയിരിക്കുന്നതെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. ഡിഗ്ബോ പോലീസ് സ്റ്റേഷൻ സിഐ സാറും എസ്ഐ സാറും ഞങ്ങൾക്ക് ഒരു സ്വകാര്യ വാഹനവും പോലീസുകാരെയും അന്വേഷണത്തിനായി വിട്ടുതന്നു. പ്രതിയുടെ അഡ്രസ് കണ്ടുപിടിച്ച് ഞങ്ങൾ അങ്ങോട്ടു നീങ്ങി. പക്ഷെ വീട് അടച്ചുപൂട്ടിരിക്കുകയായിരുന്നു. പ്രതി ചുവപ്പ് നിറത്തിലുള്ള ഒരു ഓട്ടോ റിക്ഷയാണ് ഓടിച്ചിരുന്നതെന്ന് രഹസ്യമായ അന്വേഷണത്തിൽ മനസ്സിലായി. ഞങ്ങൾ ഡിഗ്ബോ ടൗണിലെത്തി പ്രതിയുടെ ചിത്രം വെച്ച് പരിശോധന നടത്തിയെങ്കിലും തന്നെ പിന്തുടരുന്നുണ്ടെന്ന് അതിനകം മനസ്സിലാക്കിയ പ്രതി ചുവപ്പ് ഓട്ടോറിക്ഷ മാറ്റി നീല നിറത്തിലുള്ള ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയിരുന്നു.”
ഇതോടെ പ്രതിയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾക്ക് ചെറിയ തടസ്സം നേരിട്ടു. ഇനി നേരിട്ട് ചെന്ന് ആളെ തിരിച്ചറിഞ്ഞ് പിടിക്കുക എന്നത് മാത്രമാണ് വഴിയെന്ന് പൊലീസ് സംഘം കണക്കാക്കി. പ്രതിയുടെ പഴയചിത്രം വെച്ച് ചുവന്ന നിറത്തിലുള്ള ഓട്ടോ റിക്ഷകർക്കിടയിൽ പരിശോധന നടത്താൻ തുടങ്ങി. ഏറെ തിരഞ്ഞുവെങ്കിലും ആളെ കിട്ടിയില്ല. ഇതിനിടയിൽ യാദൃശ്ചികമായി പ്രതിയുടെ മുഖസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി. “ഞങ്ങളെ കണ്ടപ്പോൾ ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ എല്ലാവരും ചേർന്ന് കീഴടക്കി. പ്രതിയെ ലഭിച്ചയുടൻ ഡിഗ്ബോ പോലീസ് സ്റ്റേഷനിലേക്ക് പോവുകയും മെഡിക്കൽ പരിശോധന നടത്തി തിരിച്ച് നാട്ടിലേക്ക് എത്രയും പെട്ടെന്ന് പോകാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന സാർ സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കുകയും പ്രതി ചൗന്ദരിയെ നാട്ടിലെത്തിയയുടൻ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പ്രതിയെ പിടികൂടി പെട്ടെന്ന് നാട്ടിലെത്താൻ സാധിച്ചുവെന്നുള്ളത് വലിയ കാര്യമാണ്,” – വിനോദ് കോടോത്ത് പറഞ്ഞു.
കേരളത്തിന്റെ വടക്കേയറ്റത്തുള്ള ഒരു പോലീസ് സ്റ്റേഷനിൽ നിന്നും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനത്തേക്ക് പോക്സോ കേസ് പ്രതിയെ അന്വേഷിച്ച് പോവുകയും വിജയകരമായി ദൗത്യം പൂർത്തീകരിച്ച് നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണിത്. നമ്മൾ സിനിമകളിൽ കണ്ടതും എന്നാൽ പോലീസ് സേനയിൽ ഒരുപാട് തവണ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള ആയിരക്കണക്കിന് സാഹസിക ദൗത്യങ്ങളിലൊന്ന്. ഇത്തരം ഒരുപാട് സാഹസികകഥകളും ജീവൻ പണയം വെച്ച് നിയമവ്യവസ്ഥയ്ക്ക് വേണ്ടി പോരാടുന്ന കുറെ ഉദ്യോഗസ്ഥരും നിറഞ്ഞതാണ് നമ്മുടെ പോലീസ് ഡിപ്പാർട്മെൻറ്. അതിൽ ചിലത് വാർത്തയാവുന്നു, ചിലത് വിസ്മരിക്കപ്പെടുന്നു. എല്ലാ കുറ്റവാളികൾക്കും ശിക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന എല്ലാ പോലീസുകാർക്കും ഒരു ബിഗ് സല്യൂട്ട്!