എഴുത്തുകാരിയും ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയിൽ ശാസ്ത്ര ഗവേഷകയുമായ ലക്ഷ്മി ദിനചന്ദ്രൻ എഴുതുന്നു
ഒരു ചെറിയ യാത്രയ്ക്കുള്ള ഒരുക്കങ്ങളും, യാത്രയും, അതിന്റെ തുടർച്ചകളും ഒക്കെയായി സ്വല്പം ദുരിതം പിടിച്ച രണ്ടാഴ്ചയാണ് കടന്നുപോയത്. വായിക്കാനും എഴുതാനും പോയിട്ട് സമയത്ത് ഉറങ്ങാനും ഉണരാനും പോലും പറ്റാത്തതിന്റെ നിരാശയിൽ പുകഞ്ഞാണ് വെള്ളിയാഴ്ച ഇവിടുത്തെ പ്രധാനപ്പെട്ട തെരുവായ ജോർജ് സ്ട്രീറ്റിലൂടെ നടക്കാൻ ഇറങ്ങിയത്. രസമുള്ള സ്ഥലമാണ് ജോർജ് സ്ട്രീറ്റ് ടൗണിന്റെ ഒരറ്റത്ത് നിന്നുതുടങ്ങി, ഇരുവശങ്ങളിലും പഴയതും പുതിയതുമായ കടകളും കഫേകളും ത്രിഫ്ട്ഷോപ്പുകളും പുസ്തകക്കടകളും ബാറുകളും ഒക്കെ. കുഞ്ഞൊരു പട്ടണത്തിലെ കുഞ്ഞൊരു തെരുവാണെങ്കിലും തലയെടുപ്പിനു കുറവൊന്നും എനിക്ക് തോന്നിയിട്ടില്ല. എന്നും എന്തെങ്കിലും കാരണം കണ്ടുപിടിച്ച് ആ വഴിയൊരു നടപ്പ് പതിവാണ്. ‘ഒന്നും മുന്നോട്ട് പോകുന്നില്ല!’ എന്ന സ്ഥിരം പരാതിയും ചുമന്നു നടക്കുമ്പോഴാണ് ഒരു കടയുടെ ബോർഡ് കണ്ണിൽ പെട്ടത് “Purveyor of Beautiful Things” മനോഹരമായ വസ്തുക്കളുടെ സമ്പാദകൻ! എന്ത് രസമുള്ള പേരാണ്!!! മുയലിനു പുറകെ അത്ഭുതലോകത്തേയ്ക്ക് പോയ ആലീസിന്റെ മട്ടിലാണ് ഞാൻ ആ കടയിലേക്ക് കയറിയത്. ആ കഥ പിന്നീടൊരിക്കൽ പറയാം…
വൈകി മാത്രം വെളിച്ചം വീഴുകയും നേരത്തെ ഇരുട്ടുകയും ചെയ്യുന്ന ദിവസങ്ങളായിത്തുടങ്ങി ഇവിടെ. മൂടിക്കെട്ടിയ പകലുകളും കടൽത്തീരത്തെ ഓർമിപ്പിക്കുന്ന കാറ്റുവീശിയടിക്കുന്ന രാത്രികളും. തണുപ്പിനോട് അത്ര നല്ല ബന്ധമല്ല എനിക്ക്; മുറിയ്ക്ക് പുറത്തിറങ്ങാതിരിക്കാൻ കാരണങ്ങൾ കണ്ടെത്താൻ തോന്നും ചിലപ്പോഴൊക്കെ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസമായി “Purveyor of Beautiful Things” എന്ന പേരിന്റെ വശ്യത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടിട്ടില്ല. മനോഹരമായ കാഴ്ചകൾ, മനോഹരമായ വാക്കുകൾ, മനോഹരമായ ഓർമ്മകൾ ഇവയൊക്കെയാണ് പലപ്പോഴും നക്ഷത്രങ്ങളെപ്പോലെ ദിവസങ്ങൾക്കു വഴികാട്ടുക… അവയെ കണ്ടെത്തുന്നതും സൂക്ഷിക്കുന്നതും ഒരു കല തന്നെ ആവണം. ഓരോ ചെറിയ യാത്രയിലും ഞാൻ ശ്രമിക്കുന്നതും അതിനുതന്നെയാണ്.
ഒറ്റദിവസം കൊണ്ട് തൊട്ടുമടങ്ങേണ്ട നഗരങ്ങളോളം നിരാശ തോന്നുന്ന കാര്യങ്ങൾ യാത്രകളിൽ കുറവാണ്. സ്ഥിരം ടൂറിസ്റ്റുകെണികൾ ഒഴിവാക്കി യാത്രചെയ്യാനാണ് എനിക്ക് ഇഷ്ടവും ആഗ്രഹവും. അതുകൊണ്ടുതന്നെ ഒരു വൈകുന്നേരം കൊണ്ട് ഒരു നഗരം മുഴുവൻ ടൂർ പാക്കേജ് എടുത്ത് കാണുക തുടങ്ങിയ പരിപാടികൾ ഞാൻ ഇടാറേയില്ല. അങ്ങനെ കിട്ടുന്ന വൈകുന്നേരങ്ങളിൽ ചെയ്യുന്നത് താമസസ്ഥലത്തിനടുത്തുള്ള വഴികളൊക്കെ നടന്നു കാണുക, നടന്നെത്താവുന്ന ദൂരത്ത് മെട്രോയോ ട്രെയിനോ ഉണ്ടെങ്കിൽ ഒരു യാത്ര തരപ്പെടുത്തുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, ഒരു പുസ്തകം വാങ്ങുക ഇത്രയുമാണ്. അങ്ങനെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിങ്ടൺ ഒരു മിന്നായം പോലെ കണ്ടു. ‘ദി ഡിക്ഷണറി ഓഫ് ലോസ്റ്റ് വേർഡ്സ്’ എന്ന ഒരു നോവലും വാങ്ങി.
രണ്ടു പ്രധാന ദ്വീപുകളാണ് ന്യൂസീലാൻഡ് എന്ന രാജ്യം. നോർത്ത് ഐലൻഡും സൗത്ത് ഐലൻഡും. രണ്ടിനെയും വേർതിരിക്കുന്നത് കുക്ക് സ്ട്രെയ്റ്റ് എന്ന കടലിടുക്ക്. ഇതിൽ സൗത്ത് ഐലൻഡിന്റെ തെക്കേ അറ്റത്തോടടുത്താണ് ഞാൻ താമസിക്കുന്നത്. നോർത്ത് ഐലന്റിന്റെ തെക്കേ അറ്റത്താണ് വെല്ലിങ്ടൺ. റിസേർച്ചുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിനാണ് വെല്ലിങ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ പോകേണ്ടി വന്നത്. കുത്തനെയുള്ള ഒരു കുന്നിന്റെ മുകളിലാണ് യൂണിവേഴ്സിറ്റി.
മൗണ്ട് സ്ട്രീറ്റ് സെമിത്തേരി
എന്നും ആ വഴി നടന്നു കയറേണ്ടിവരുന്ന അവസ്ഥയെപ്പറ്റി ഓർത്തപ്പോൾ തന്നെ കരച്ചിൽ വന്നു! ക്യാമ്പസ്സിനുള്ളിൽ പെട്ടെന്ന് കണ്ണിൽപ്പെടാതെ വിധം പച്ചപുതച്ച് വെല്ലിങ്ടണിലെ ആദ്യത്തെ കത്തോലിക്കാ സെമിത്തേരിയായ മൗണ്ട് സ്ട്രീറ്റ് സെമിത്തേരി… കുത്തനെയുള്ള വഴിയുടെ വശത്തായി കടലിന്റെ വിദൂരപശ്ചാത്തലത്തിൽ 1100 ഓളം പേരാണ് അവിടെ സ്വസ്ഥമായി ഉറങ്ങുന്നതത്രെ!
ചെറിയൊരു നഗരമാണ് വെല്ലിങ്ടൺ. The world’s coolest little capital city എന്നാണു വെല്ലിങ്ടൺ വിശേഷിപ്പിക്കപ്പെടാറ്. വല്ലാത്തൊരു ഭൂമിശാസ്ത്രമാണ് വെല്ലിങ്ടണിന്റെത്. കുത്തനെയുള്ള കുന്നുകളും കയറ്റിറക്കങ്ങളും, തൊട്ടപ്പുറം വെയിലിൽ തിളങ്ങുന്ന കടലും… ചെങ്കുത്തായ തെരുവുകളുടെ വശങ്ങളിലുള്ള പഴയ വീടുകൾ പലതും കണ്ടാൽ അവ ഇപ്പോൾ ഉരുണ്ടുപിരണ്ട് അങ്ങ് താഴെ കടലിലോ മറ്റോ ചെന്ന് വീഴും എന്ന് തോന്നിപ്പോകും. ഇങ്ങു ഡ്യൂണീഡിനിലെ യൂറോപ്യന്മാരായ വരത്തൻ മരങ്ങളൊക്കെ തണുപ്പിനോട് തോറ്റ് ഇലപൊഴിച്ച് തുടങ്ങിയപ്പോഴും നിറയെ നാടൻ മരങ്ങളുള്ള വെല്ലിംഗ്ടൺ തെരുവുകൾ പച്ചപുതച്ച് തന്നെ നിൽക്കുന്നു.
വീതികുറഞ്ഞ റോഡുകളിൽ കാറുകളുടെ നീണ്ട നിര. വളരെ പതിയെ മാത്രം നീങ്ങുന്ന ട്രാഫിക്. ന്യൂസീലാൻഡിലെ പ്രമുഖനഗരം എന്ന സ്ഥാനം വാണിജ്യതലസ്ഥാനം എന്ന നിലയ്ക്ക് പലപ്പോഴും ഓക്ലാൻഡ് അടിച്ചെടുക്കാറുണ്ട്. മുംബൈയും ഡൽഹിയും പോലെ, അല്ലെങ്കിൽ കൊച്ചിയും തിരുവനന്തപുരവും പോലെയുള്ള വ്യത്യാസമാണ് ഓക്ലൻഡും വെല്ലിങ്ടണും തമ്മിൽ.
പണ്ട് പണ്ട് 1803 മുതൽ 1805 വരെ നടന്ന രണ്ടാം ആംഗ്ലോമറാത്താ യുദ്ധത്തിൽ പേഷ്വാ ബാജിറാവുവിനെ സഹായിച്ചു മറാത്താ സാമ്രാജ്യത്തിന്റെ മരണമണി മുഴക്കിയ ബ്രിടീഷുകാരിൽ പ്രധാനി അന്നത്തെ ഗവർണ്ണർ ജനറലായിരുന്ന മോർണിങ്ങ്ടൺ പ്രഭു ആയിരുന്നു. സായ്വിന്റെ ഒരു അനുജനും ഉണ്ടായിരുന്നു അക്കാലത്തു പടയ്ക്ക്; ഡെക്കാൺ ഭാഗത്തെ ആക്രമണങ്ങളുടെ ചുമതലക്കാരൻ ഒരു കേണൽ ആർതർ. ഇതേ ആർതർ പിന്നീട് നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാണ്ടർ ആയിരുന്നു. ആ യുദ്ധത്തിലാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത്.
1814 ൽ പ്രശസ്തമായ വാട്ടർലൂ യുദ്ധത്തിൽ നെപോളിയനെയും ഫ്രഞ്ച് പടയെ തോൽപ്പിച്ച, ബ്രിട്ടീഷ് സേനയുടെ ഫീൽഡ് മാർഷലായ, പിന്നീട് രണ്ടു വട്ടം ബ്രിട്ടന്റെ പ്രധാനമന്ത്രി ആയ ആർതർ വെല്ലസ്ലി എന്ന വെല്ലസ്ലി പ്രഭുവിന്റെ സ്ഥാനപ്പേരായിരുന്നു ഫസ്റ്റ് ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ എന്നത്. അങ്ങനെയാണ് ലോകത്തിന്റെ ഏറ്റവും തെക്കുവശത്തുള്ള തലസ്ഥാനമായ വെല്ലിങ്ടണിന് ഈ പേര് ലഭിക്കുന്നത്. ഇത്ര വലിയ സ്ഥാനങ്ങളിൽ എത്തിപ്പെട്ട ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ ചെറുപ്പകാലത്ത് ഒട്ടും മിടുക്കനായിരുന്നില്ല.
ഇംഗ്ലണ്ടിലെ പ്രശസ്തമായ ഏറ്റൺ കോളേജിൽ പഠിക്കുന്നകാലത്ത് ഒരൊറ്റ കൂട്ടുകാരില്ലാത്ത കുട്ടിയായിരുന്നു ആർതർ. പഠിക്കാനും പിന്നിൽ. ‘എന്റെയീ പരുങ്ങലുകാരൻ പുത്രനെക്കൊണ്ട് ഞാൻ എന്ത് ചെയ്യും?!’ എന്നായിരുന്നത്രെ ആർതറിന്റെ അമ്മയുടെ സ്ഥിരം വിലാപം. ഒടുവിൽ നിവർത്തികെട്ടു സൈന്യത്തിൽ ചേർന്നശേഷം ആർതറിനു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല എന്ന് ചരിത്രം പറയുന്നു. അങ്ങനെ നോക്കുമ്പോൾ എത്രയോ പതിറ്റാണ്ടുകൾ പുതിയ തുടക്കങ്ങളുടെ നാടായിരുന്ന ന്യൂസിലാൻഡിന്റെ തലസ്ഥാനത്തിന് വെല്ലിംഗ്ടൺ എന്നത് ചേരുന്ന പേര് തന്നെ.
കോളേജുവിദ്യാർത്ഥികളും പ്രായംചെന്നവരും അധികമുള്ള ഡ്യൂണീഡിനിൽ നിന്നും വെല്ലിങ്ടണിൽ എത്തിയപ്പോൾ വളരെ ട്രെൻഡി ആയ ഒരു സ്ഥലത്ത് എത്തിപ്പെട്ട തോന്നലായിരുന്നു എനിക്ക്. ആർട് ഇൻസ്റ്റലേഷനുകളും ചുവർചിത്രങ്ങളും ചെയിൻ സ്റ്റോറുകളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നിൽക്കുന്ന ഫാഷൻ വസ്ത്രങ്ങളും ടാറ്റൂ പാർലറുകളും വീശിയടിക്കുന്ന കാറ്റിനെ പ്രതിരോധിക്കാൻ നീണ്ട കോട്ടുകൾ ധരിച്ച് തിരക്കിട്ടുനടന്നു പോകുന്ന മനുഷ്യരും
ആകാശത്തേയ്ക്കെന്നോണം കുന്നിൻചെരിവിലൂടെ അരിച്ച് നീങ്ങുന്ന ചുവന്ന കേബിൾ കാറും കൊതിപ്പിക്കുന്ന വറപൊരി മണങ്ങളും തെരുവ് ഗായകരുടെ ഗിറ്റാർ വായനയും എല്ലാ ഇന്ദ്രിയങ്ങളെയും ഒരുപോലെ മയക്കുന്ന നഗരം.
സന്ധ്യയ്ക്ക് ഹോട്ടലിൽ നിന്നും വെല്ലിംഗ്ടൺ റെയിൽവേ സ്റ്റേഷനിലേക്കുള്ള രണ്ടുരണ്ടര കിലോമീറ്റർ നടപ്പിനുള്ളിൽ അറിഞ്ഞ വെല്ലിംഗ്ടൺ ഭംഗിയുള്ളത് തന്നെ ആയിരുന്നു. കെട്ടിടങ്ങളും ചുവരെഴുത്തുകളും ഒക്കെ കഴിഞ്ഞ നൂറ്റാണ്ടിലേതുപോലെയാണെങ്കിലും യുവത്വം തുടിക്കുന്ന ഒരു സാംസ്കാരികജീവിതമുള്ള സ്ഥലമാണത്രെ അത്.
സ്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാരിയെ ഇരുപത്തിമൂന്നു വർഷങ്ങൾക്കുശേഷം കാണുക എന്ന സന്തോഷം കൂടെയാണ് വെല്ലിംഗ്ടൺ തന്നത്. നീമയും പങ്കാളിയായ ദേവനും ഇവിടെയെത്തിയിട്ട് പതിനഞ്ചോളം വർഷം. വെല്ലിങ്ടണിന്റെ പ്രധാന സബർബ് ആയ ഹട്ട് വാലിയിലാണ് ഇവിടുത്തെ ഡിഫെൻസിൽ ഉദ്യോഗസ്ഥയായ നീമയുടെ വീട് അങ്ങോട്ടെത്താൻ ഏറ്റവുമെളുപ്പം ട്രെയിനും. വെല്ലിങ്ടൺ സ്റ്റേഷനിൽ ഒൻപതും പത്തും പ്ലാറ്റുഫോമുകൾക്കിടയിൽ ഹാരിപോട്ടറിലെ പ്ലാറ്റ്ഫോം 9 3/4 കൂടെ എഴുതിച്ചേർത്തിട്ടുണ്ട്.
ചമ്പാവരിച്ചോറിന്റെയും പുളിശേരിയുടെയും പ്രതീക്ഷയിൽ മുഴുകി നടന്നതുകൊണ്ടാകണം, ഫോട്ടോ എടുക്കാൻ വിട്ടുപോയി. പതിയെ നീങ്ങുന്ന ട്രെയിൻ ഹട്ട് വാലിയിലേക്ക് എത്തുന്നത് കടലിന്റെ ഓരം ചേർന്നാണത്രെ… ആ കാഴ്ച അതിമനോഹരവും. എന്നാൽ ഇരുട്ടുവീണതുകൊണ്ട് അവയെല്ലാം തന്നെ എനിക്ക് നഷ്ടപ്പെട്ടു. പാർലമെന്റ് മന്ദിരവും അതിന്റെ ഭാഗമായ ബീഹൈവ് എന്ന തേനീച്ചക്കൂടിന്റെ ആകൃതിയിലെ കെട്ടിടവും കാണണം എന്നുള്ള ആശയും സാധിച്ചില്ല. അതിനു പരിഹാരമായി തിരികെയുള്ള യാത്രയിൽ ദേവനും നീമയും കാർ ഒരു വ്യൂപോയിന്റിൽ നിർത്തി അങ്ങ് താഴെ കടലിനു കൊലുസ്സിട്ടതു പോലെ തിളങ്ങുന്ന വെല്ലിംഗ്ടൺ നഗരം… ഞങ്ങളെ ചുറ്റികുക്ക് കടലിടുക്കിലൂടെ ഇരച്ചുവരുന്ന കാറ്റുകൾ… ലോകത്ത് കാറ്റിന്റെ ശരാശരി വേഗത ഏറ്റവുംകൂടുതലുള്ള നഗരംകൂടെയാണ് വെല്ലിംഗ്ടൺ.
തിരികെയെത്താൻ മണി പത്തുകഴിഞ്ഞു എങ്കിലും വെല്ലിങ്ങ്ടൺ വരെ വന്ന സ്ഥിതിയ്ക്ക് ക്യൂബ സ്ട്രീറ്റ് കാണാതെ പോരാൻ മനസ്സുവന്നില്ല.
ക്യൂബ സ്ട്രീറ്റ്
നഗരത്തിന്റെ ഏറ്റവും പഴയ, ഏറ്റവും നിറപ്പകിട്ടുള്ള തെരുവുകളിലൊന്നാണ് ക്യൂബ സ്ട്രീറ്റ്. ആകെപ്പാടെ ഒരു ബൊഹീമിയൻ മയമാണ് ക്യൂബ സ്ട്രീറ്റിന്. ക്യൂബയിൽ നിന്നുമുള്ള കാപ്പി കുടിക്കണോ? ഇവിടെയുള്ള ഫിഡൽ കഫെയിൽ വന്നാൽ മതി. പുതുമയാർന്ന കോക്ടെയിലുകൾ വിളമ്പുന്ന ഹവാനയും ഇവിടെത്തന്നെ. പഴയ എൽ പി റെക്കോർഡുകൾ വേണോ? അതും ഇവിടെയുണ്ട്. ലോകത്ത് ആളോഹരി ഏറ്റവും കൂടുതൽ ആർട് ഗാലറികളുള്ള പ്രദേശം കൂടെയാണത്രെ ഇത്.
സംഗതി ഇതൊക്കെയാണെങ്കിലും, ആ ക്യൂബയല്ല ഈ ക്യൂബ!! 1840 ജനുവരി മൂന്നിന് വെല്ലിംഗ്ടൺ തുറമുഖത്ത് എത്തിയ ന്യൂസീലാൻഡ് കമ്പനിയുടെ ഒരു കപ്പലിന്റെ പേരായിരുന്നു അത്. ഇംഗ്ലീഷ് മോഡലിൽ ഒരു കോളനി ഇങ്ങു തെക്കും സ്ഥാപിക്കുക. അവിടേയ്ക്ക് മുതലാളിമാരെ ആകർഷിക്കുക.
മുതലാളിത്തത്തിന് വളമാകാൻ വേണ്ട മനുഷ്യശക്തി ഇവിടെ ഉണ്ടാകും സ്വന്തമായി ഭൂമിയില്ലാത്ത, എന്നെങ്കിലും സ്വന്തം സമ്പാദ്യം കൊണ്ട് ഭൂമിവാങ്ങാമെന്ന പ്രതീക്ഷയിൽ ഇവിടെ വന്നെത്തുന്ന കുടിയേറ്റക്കാർ. ഇതായിരുന്നു ന്യൂസീലാൻഡ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ. അങ്ങനെ കോളനിവാഴ്ചയ്ക്ക് തുടക്കം കുറിച്ച അൻപതോളം കപ്പലുകളിൽ ഒന്നായിരുന്നു ക്യൂബ. എന്നാൽ കാലം വീണ്ടും ഉരുണ്ടപ്പോൾ സ്വാതന്ത്ര്യത്തിന്റെയും പ്രതിരോധത്തിന്റെയും ക്രിയാത്മകതയുടെയും ഒരു തുരുത്തായി ക്യൂബ സ്ട്രീറ്റ് മാറി.
അറുപതുകളിൽ സ്വവർഗരതി കുറ്റകരമാക്കപ്പെട്ടത് മുതൽ 1986ൽ ആ നിയമം പിൻവലിക്കുന്നത് വരെ ന്യൂസിലാന്റിലെ LGBTQI സമൂഹത്തിന്റെ ചെറുത്തുനിൽപ്പിന്റെ കേന്ദ്രമായിരുന്നു ഇവിടം. അവരോടു നഗരത്തിന്റെ ഐക്യദാർഢ്യം സൂചിപ്പിക്കാൻ 2018ൽ വെല്ലിങ്ടണിലെ മേയർ അടക്കം പങ്കെടുത്ത് ക്യൂബ സ്ട്രീറ്റിന് കുറുകെയുള്ള നടപ്പാത മഴവിൽ നിറത്തിൽ പെയിന്റ് ചെയ്തിരുന്നു. ഈ ചരിത്രം പറയുമ്പോൾ വിട്ടുപോകാൻ പാടില്ലാത്ത പേരാണ് കാർമെൻ റൂപേയുടേത്. ട്രാൻസ് വുമണായിരുന്ന റൂപേ മികച്ച ഗായികയായിരുന്നു. ക്യൂബ സ്ട്രീറ്റിൽ ഒരു വേശ്യാലയം നടത്തിയിരുന്ന അവർ LGBTQI സമൂഹം അനുഭവിച്ചിരുന്ന വിവേചനത്തിനെതിരെയുള്ള ഉറച്ചശബ്ദമായിരുന്നു. സ്വർഗാനുരാഗത്തെ കുറ്റമായി കണ്ടിരുന്ന നിയമം പിൻവലിച്ചതിനെ മുപ്പതാം വാർഷികത്തിൽ രാജ്യം കാർമെൻ റൂപേയുടെ ഓർമ നിലനിർത്തിയത് പുതുമയുള്ള ഒരു വഴിയിലൂടെയാണ്. ക്യൂബ സ്ട്രീറ്റിലെ നാല് ട്രാഫിക് ലൈറ്റുകളിൽ ഇന്നും തെളിയുന്നത് റൂപേയുടെ രൂപമാണ്.
മറ്റു പല നാടുകളെയും അപേക്ഷിച്ച് നേരത്തെ ഉറങ്ങുന്ന രാജ്യമാണ് ന്യൂസീലാൻഡ്. പത്തര കഴിഞ്ഞതോടെ ക്യൂബ സ്ട്രീറ്റിലെ വിനോദസഞ്ചാരികളുടെ തിരക്ക് ഒഴിഞ്ഞിരുന്നു. ഇവിടെ നഗരമധ്യത്തിലെ കടകളിൽ അധികവും രാത്രി ഷട്ടർ ഇടാറില്ല. കടയുടെ ഉള്ളിലെ ലൈറ്റ് തെളിഞ്ഞുതന്നെ കിടക്കും. ചില്ലുജനാലകളിലെ ഡിസ്പ്ലേകൾക്ക് രാത്രികളിൽ ജീവസ്സുകൂടും എന്നാണ് തോന്നിയിട്ടുള്ളത്. എങ്കിലും അവിടവിടെയായി അപ്പോഴും തുറന്നിരുന്ന പബ്ബുകളുടെ മുന്നിൽ സൗഹൃദക്കൂട്ടങ്ങൾ സജീവമായിരുന്നു. റോഡിനു നടുവിൽ ഒരു ജലധാരയുടെ സഹായത്തോടെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ശില്പമായ ‘ബക്കറ്റ് സ്കൾപ്ചർ’. തിരികെയുള്ള ഫ്ലൈറ്റ് പിറ്റേന്ന് അതിരാവിലെ ആയിരുന്നു… തൊട്ടുമടങ്ങാൻ മാത്രം സാധിച്ച നഗരങ്ങളുടെ പട്ടികയിൽ വെല്ലിംഗ്ടൺ… എങ്കിലും മനോഹരമായ നിമിഷങ്ങളുടെ ശേഖരത്തിൽ ചിലതുകൂടെ ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..