2014 ൽ നടന്ന ഒരു പഴയ സംഭവം ആണ്.ചില പോലീസ് ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ അത്രയ്ക്ക് പ്രസക്തി ഇല്ലാത്ത ഒരു “ചെറിയ അഴിമതി”. രേഖകൾ ഒന്നും തന്നെ ഇല്ലാത്ത, അല്ലെങ്കിൽ വിദഗ്ധമായി തേച്ചുമായ്ക്കപ്പെട്ട ഒരു കേസ് . KITEX പോലുള്ള സ്ഥാപനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും ചെറുകിട വ്യവസായികൾ ലൈസൻസ് ലഭിക്കാനായി പോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥ നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ, പൊതു ഖജനാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഒരു IT സ്ഥാപനത്തിന്റെ കഥ.
2014 ൽ ബഹുമാനപ്പെട്ട മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് തിരുവനന്തപുരത്തെ ഒരു പ്രമുഖ IT സ്ഥാപനം നൽകിയ പരാതിയാണ് ഈ കേസിന്റെ തുടക്കം. 13 .02 .2014 ൽ സ്റ്റേറ്റ് പോലീസ് ചീഫ്, കേരള പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, ലെനോവോ എന്ന കമ്പ്യൂട്ടർ നിർമ്മാതാവിന് നൽകിയ പർച്ചേസ് ഓർഡർ നമ്പർ : H6(d)/10088/14 ആണ് ഈ പരാതിക്കും പിന്നെ മുന്നോട്ട് നടന്ന അന്വേഷണങ്ങൾക്കും അടിസ്ഥാനമായ രേഖ . ഈ പർച്ചേസ് ഓർഡറിൽ പറയുന്നത് 100 ലെനോവോ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ DGS & D റേറ്റ് കോൺട്രാക്ട് പ്രകാരം സപ്ലൈ ചെയ്യണം എന്നാണ്. ഇതിന്റെ വില Rs 38 ,32 ,500 . ഈ ഉത്തരവ് നൽകിയിരിക്കുന്നത് ലെനോവോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ആണ്.
ഈ ഓർഡർ പ്രകാരം തിരുവനന്തപുരത്തെ രണ്ടു പ്രസിദ്ധ IT സ്ഥാപനങ്ങൾ ഒരേ സമയം പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ഈ കമ്പ്യൂട്ടറുകൾ സപ്ലൈ ചെയ്യുകയുണ്ടായി . CUBE IT , FUTURETECH (പണവിള) എന്നീ രണ്ടു സ്ഥാപനങ്ങൾ ആണ് ഈ കമ്പ്യൂട്ടറുകൾ സപ്ലൈ ചെയ്തത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സെക്ഷൻ ഉദ്യോഗസ്ഥൻ, 31 മാർച്ച് 2014 ൽ ,1:08 pm നു ,ഈ രണ്ടു കമ്പ്യൂട്ടർ സ്ഥാപനങ്ങളിൽ ആർക്കാണ് ഈ ഓർഡർ പ്രകാരം സപ്ലൈ ചെയ്യാൻ അംഗീകാരം ഉള്ളത് എന്ന് ചോദിച്ചു കൊണ്ട് ലെനോവോ കമ്പനിക്ക് ഒരു ഇമെയിൽ സന്ദേശം അയയ്ക്കുകയുണ്ടായി. ഇനി പറയുന്നത് കേസിനു അടിസ്ഥാനമായ സംഭവം.
ഈ ഇമെയിൽ സന്ദേശം ലെനോവക്ക് ലഭിക്കുന്ന കാലയളവിൽ അല്ലെങ്കിൽ അതിനു മുന്നോടിയായി , FUTURETECH എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ കുറച്ചു ബുദ്ധിപരമായി നീങ്ങാൻ തീരുമാനിച്ചു .മേൽ പറഞ്ഞ പർച്ചേസ് ഓർഡറിന്റെ പകർപ്പിൽ, ലെനോവോ കമ്പനിയുടെ ഡീറ്റെയിൽസ് മാറ്റി FUTURETECH എന്ന സ്ഥാപനത്തിന്റെ ഡീറ്റെയിൽസ് ആക്കി.കേരള പോലീസിന്റെ പർച്ചേസ് ഓർഡറിൽ ആണ് ഇദ്ദേഹം ഈ തിരുത്തുകൾ വരുത്തിയത്. എന്നിട്ട് അദ്ദേഹം ഇത് ലെനോവോ കമ്പനിക്ക് അയച്ചു കൊടുത്തു. ഇതിന്റെ ഇടയിൽ ആണ് പോലീസ് ആസ്ഥാനത്തു നിന്ന് ഉള്ള ഇമെയിൽ ലെനോവോ കമ്പനിക്കു ലഭിക്കുന്നത്.
സ്വാഭാവികമായും FUTURETECH എന്ന സ്ഥാപനത്തിന് പർച്ചേസ് ഓർഡർ ഉള്ള സ്ഥിതിക്ക് (തിരുത്തിയ),ഈ ഓർഡർ സപ്ലൈ ചെയ്യാൻ FUTURETECH നെ ചുമതലപ്പെടുത്തുന്നു എന്ന് കാണിച്ചുകൊണ്ട് ലെനോവോ കമ്പനി കേരള പോലീസിന് മറുപടി കൊടുത്തു. 31.03.2014 നു 1:37 pm നു ആണ് കമ്പനി മറുപടി കൊടുത്ത്. ഇത്രയും അധികം വേഗതയോടു കൂടിയതും കാര്യക്ഷമവും ആയ ഒരു ഇടപാട് നാം മറ്റ് ഒരു സർക്കാർ വകുപ്പിലും കണ്ടു കാണില്ല . ഇനി ഇതിൽ കൗതുകം ഉണർത്തുന്ന മറ്റൊരു വിഷയം എന്തെന്നാൽ 24.03.2014 തന്നെ FUTURETECH കെരള പൊലീസിന് ,Invoice no:T2468 പ്രകാരം Rs 38 ,32 ,500 നു ഇൻവോയ്സ് നല്കിയിട്ടുണ്ടായിരുന്നു .26.03.2014 ൽ സ്റ്റേറ്റ് പോലീസ് ചീഫ് FUTURETECH നു പണം നൽകാൻ ഉള്ള ഉത്തരവ് ഇറക്കിയിട്ടുമുണ്ടായിരുന്നു.
സീനിയർ സൂപ്രണ്ട് അത് 26 .03 .2014 ൽ തന്നെ പാസ് ആക്കുകയും ചെയ്തു. അതായത് ലെനോവോ കമ്പനിയിൽ നിന്നും ഇമെയിൽ ലഭിക്കുന്നതിന് മുൻപെ. ഒരുപാടു നാളുകളായിട്ട് lenovo കമ്പനിയെ പ്രതിനിധീകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപ്നം ആണ് cube it. ഈ ഓർഡർ നടപ്പിലാക്കാനുള്ള അംഗീകാരം ലഭിക്കേണ്ടിയിരുന്നത് cube it ക്ക് ആണ്. അതിനുള്ള വാക്കാൽ ഉറപ്പ് അവർക്കു lenovo കമ്പനിയിൽ നിന്നും ലഭിച്ചതും ആയിരുന്നു. ഒരേ സമയം cube it യും futuretech ഉം കമ്പ്യൂട്ടർ സപ്ലൈ ചെയ്തതിൽ ഒരു വലിയ ദുരൂഹത നിലനിൽക്കുന്നു.Futuretech പർച്ചെസ് order തിരുത്തി lenovo കമ്പനിക്ക് അയച്ചതിനാലാണ് ഈ order നടപ്പിലാക്കാനായിട്ടുള്ള അംഗീകാരം ഇവർക്ക് ലഭിച്ചത്. Lenovo കമ്പനിയിൽ നിന്നും മെയിൽ വരുന്നതിനു മുൻപേ തന്നെ futuretechനു പേയ്മെന്റ് കൊടുക്കാനുള്ള order ആയതും, അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാസ്സാക്കിയതും ദുരൂഹതയുടെ ആഴം കൂട്ടുന്നു.
FUTURETECH ന് പണം നൽകാൻ ഉത്തരവായതിനു ശേഷം, CUBE IT , അവർ സപ്ലൈ ചെയ്ത കമ്പ്യൂട്ടറുകൾ തിരികെ എടുക്കേണ്ടി വന്നു . ഇതിനു ശേഷം ആണ് CUBE IT സ്ഥാപനത്തിന്റെ ഉടമസ്ഥൻ , FUTURETECH ന്റെ ഉടമസ്ഥൻ തിരുത്തിയ പർച്ചേസ് ഓർഡർ ഉൾപ്പെടുന്ന ഇമെയിൽ സന്ദേശങ്ങളുടെ പകർപ്പ് സഹിതം ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിക്കു പരാതി നല്കുന്നത്. ഇതിനൊപ്പം 2014 ഏപ്രിലിൽ ചില പത്ര മാധ്യമങ്ങൾ പോലീസ് ആസ്ഥാനത്തു കമ്പ്യൂട്ടർ പർച്ചേസിൽ അഴിമതി എന്ന വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി . 30.04.2014 ൽ കേരള പോലീസ് ഇൻഫർമേഷൻ സെന്റർ ഇറക്കിയ പ്രസ് റിലീസിൽ(No.41/PR/PIC/PHQ/14 )ഈ വാർത്ത അടിസ്ഥാന രഹിതം ആണെന്നാണ് പറഞ്ഞിരുന്നത്. പരാതി ലഭിച്ചതിനു ശേഷം ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇതിൽ അന്വേഷണം നടത്താൻ പോലീസിന് ഉത്തരവ് കൊടുത്തു.
അന്നത്തെ Coastal AIG ആണ് അന്വേഷണ ചുമതല വഹിച്ചത്. അത് പ്രകാരം FUTURETECH ന്റെ ഉടമസ്ഥന് നോട്ടീസ് നമ്പർ Ref-No:137/camp/AIG CS/15 dated 07/08/2015 നോട്ടീസ് നൽകുകയുണ്ടായി. പ്രാഥമിക അന്വേഷണത്തിൽ FUTURETECH ന്റെ ഉടമസ്ഥൻ കുറ്റക്കാരനാണ് എന്ന് COASTAL AIG ക്കു മനസ്സിലാവുകയും , തുടർ അന്വേഷണത്തിനായി മ്യൂസിയം പോലീസ് സ്റ്റേഷനും ക്രൈം ബ്രാഞ്ചിനും ഈ കേസ് കൈമാറുകയും ഉണ്ടായി . ഇതിനു ശേഷം FUTURETECH ന്റെ ഉടമസ്ഥൻ COURT CASE REGISTRATION NUMBER 102091/2015,CNR KLTV010051862015 പ്രകാരം തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടുകയുണ്ടായി. തുടർന്ന് 2016 ഓഗസ്റ്റിൽ FUTURETECH ന്റെ ഉടമസ്ഥനെ തിരുവനന്തപുരത്തു ഈഞ്ചക്കൽ ഉള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ച് ചോദ്യം ചെയ്യുകയുണ്ടായി. ഇത്രയും നടന്ന സംഭവം .
ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹം മെയിൽ അയക്കാൻ ഉപയോഗിച്ച മെയിൽ സർവീസ് provider ആയ rediffmail ൽ നിന്നും ഡീറ്റെയിൽസ് ഒന്നും എടുത്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും മെയിൽ അയക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകളോ ഹാർഡ് ഡിസ്കുകളോ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇതിലൂടെ തെളിവുകൾ നശിപ്പിക്കാൻ ഉള്ള അവസരമാണ് futuretech ന് നൽകിയിരിക്കുന്നത്. Futuretech ന്റെ ഒരു സ്റ്റാഫുകളെയും ചോദ്യം ചെയ്തിട്ടില്ല. ഇതിനു ശേഷം ഈ കേസ് അന്വേഷണത്തിന് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല .ഭരണം മാറിയതിനു ശേഷം ഒരു തരത്തിലും ഉള്ള തുടർ അന്വേഷണങ്ങളും ഇതിൽ ഉണ്ടായില്ല.
ഇനി പറയുന്നത് ഈ കേസിനെ സംബന്ധിച്ചു ഉദയകേരളം നടത്തിയ ചില അന്വേഷണങ്ങളും പൊതുജനങ്ങളുടെ മനസ്സിൽ കുടികൊണ്ടിരിക്കുന്ന ചില സംശയങ്ങളും ആണ്.വിവരാവകാശ നിയമ പ്രകാരം ഉദയ കേരളം ചില അപേക്ഷകൾ കേരള പോലീസിന് നൽകുകയുണ്ടായി. No i3(RTI)/25211/2021/PHQ പ്രകാരം കേരള പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും കിട്ടിയ മറുപടിയിൽ Notice number Ref-No:137/camp/AIG CS/15 dated 07/08/2015 ന്റെ ഡീറ്റെയിൽസ് മ്യൂസിയം പോലീസ് സ്റ്റേഷനും ക്രൈം ബ്രാഞ്ചും ആയി ബന്ധപ്പെട്ടതാണ് എന്നാണ് പറഞ്ഞിരിക്കുന്നത് . എന്നാൽ G1/3908/CB/2021 പ്രകാരം ക്രൈം ബ്രാഞ്ചിൽ നിന്നും കിട്ടിയ മറുപടിയിൽ ഇത് സംബന്ധിച്ചുള്ള രേഖകൾ അവിടെ ഇല്ല എന്നാണ് പറയുന്നത്.No 22/RI Act/2021 B5 പ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച മറുപടിയിൽ രജിസ്റ്ററുകൾ പരിശോധിച്ചപ്പോൾ ഇത് സംബന്ധിച്ചു ക്രൈം രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. ഇതിനു ഘടക വിരുദ്ധമായ മറുപടിയാണ് പോലീസ് ഹെഡ്ക്വാർട്ടേർസിൽ നിന്നും ആദ്യം ലഭിച്ചത്.
വീണ്ടും ഉദയകേരളം പോലീസ് ഹെഡ്ക്വാർട്ടേഴ്സിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുകയുണ്ടായി. ഈ അപേക്ഷയ്ക്കു മറുപടിയായി ആദ്യം ലഭിച്ച കത്തിൽ ,No i3(RTI)-61523/2021/PHQ dated 13/04/2021 , ഇതിന്റെ ഡീറ്റെയിൽസ് നൽകാനായി ഈ RTI അപേക്ഷ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, Coastal പോലീസ് ഹെഡ്ക്വാർട്ടേഴ്സ് , കൊച്ചി, കൈമാറിയിരിക്കുന്നു എന്നാണ് . അവിടെ നിന്നും മറുപടി നേരിട്ടു വരും എന്നാണ് പറഞ്ഞിരുന്നത് . എന്നാൽ രണ്ടാമത് ലഭിച്ച മറുപടി കേരള പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ നിന്നും തന്നെ ആയിരുന്നു , നേരത്തെ ലഭിച്ച അതെ നമ്പർ ഉള്ള ,No i3(RTI)-61523/2021/PHQ പ്രകാരം ലഭിച്ച മറുപടിയിൽ Notice number Ref-No:137/camp/AIG CS/15 dated 07/08/2015 ന്റെ ഡീറ്റെയിൽസ് ഒന്നും തന്നെ അവിടെ ലഭ്യം അല്ല എന്നാണ് പറഞ്ഞിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച ഉത്തരവുകൾ,കേസ് അന്വേഷണത്തിന്റെ ഡീറ്റെയിൽസ്, കേസ് അന്വേഷണത്തിന്റെ ഭാഗമായി FUTURETECH ന്റെ ഉടമസ്ഥനും ലെനോവോ കമ്പനിയുടെ ഉദ്യോഗസ്ഥർക്കും നൽകിയ നോട്ടീസുകളുടെ പകർപ്പുകൾ ,Coastal AIG നടത്തിയ അന്വേഷണത്തിന്റെ ഡീറ്റെയിൽസ് ഒന്നും തന്നെ ലഭ്യം അല്ല. ചില ഡോക്യൂമെൻറ്സിന്റെ പകർപ്പുകൾ മാത്രം ആണ് നമുക്ക് ലഭിച്ചത്. ഒറിജിനൽ പർച്ചേസ് ഓർഡറിന്റെ പകർപ്പുകൾ , FUTURETECH നൽകിയ ഇൻവോയ്സിന്റെ പകർപ്പ് എന്നിവ മാത്രമാണ് നമുക്ക് ലഭിച്ചത്.എന്നാൽ ഇതേ RTI അപേക്ഷയിൽ ചില സുപ്രധാനമായ മറ്റ് ചില ചോദ്യങ്ങൾ നമ്മൾ ചോദിച്ചിട്ടുണ്ട് .
FUTURETECH എന്ന സ്ഥാപനം ഇന്നും കേരള പോലീസ് ഹെഡ്ക്വാർട്ടേഴ്സിന് സാധനങ്ങൾ സപ്ലൈ ചെയ്യുന്നുണ്ടെന്നാണ് നമുക്കു മനസ്സിലായത്. ഇതിന്റെ പർച്ചേസ് ഓർഡറുകളുടെ കോപ്പികളും മറ്റ് അനുബന്ധ രേഖകളുടെയും പകർപ്പുകൾ ചോദിച്ചപ്പോൾ , ഇത് ഒരു രജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടില്ല എന്ന മറുപടിയാണ് നൽകിയത്.പൊതുജനങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ചില സംശയങ്ങൾ .ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവായ ഒരു അന്വേഷണം ആണ് ഇത്. ഇതിന്റെ രേഖകൾ എവിടെ പോയി ? 2016 ൽ FUTURETECH ന്റെ ഉടമസ്ഥനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ച് ചോദ്യം ചെയ്തതാണ് .
അതിന്റെ രേഖകൾ എവിടെ പോയി ? മുൻകൂർ ജാമ്യത്തിൽ നിൽക്കുന്ന Futuretech ന്റെ ഉടമസ്ഥനെ പ്രതി ചേർത്തുകൊണ്ട് ഈ കേസ് എന്തുകൊണ്ടാണ് ഇതുവരെ കോടതിയിൽ എത്താത്തത് ? Notice number Ref-No:137/camp/AIG CS/15 dated 07/08/2015 എന്ന നോട്ടീസ് നമ്പർ വച്ച് ആദ്യം കൊടുത്ത RTI അപേക്ഷയുടെ മറുപടിയിൽ ഇത് മ്യൂസിയം പോലീസ് സ്റ്റേഷനും ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെട്ടതാണ് എന്നാണ് പറഞ്ഞിരിക്കുന്നത് ,ആണെങ്കിൽ പിന്നെ ഈ നോട്ടീസ് പ്രകാരം ഉള്ള കേസിന്റെ ഡീറ്റെയിൽസ് , നോട്ടീസിന്റെ പകർപ്പ് എന്നിവ പോലീസ് ആസ്ഥാനത്തു എന്തുകൊണ്ടാണ് ലഭ്യം അല്ലാത്തത് ?
Futuretech (പണവിള) എന്ന സ്ഥാപനം ഇന്നും കേരള പോലീസിന്റെ വിവിധ വകുപ്പുകൾക്ക് സാധനം സപ്ലൈ ചെയ്യുന്നുണ്ട് . നിലവിൽ കേരള പോലീസിൽ നടന്ന പർച്ചേസുമായിട്ടു ബന്ധപ്പെട്ടു മുൻകൂർ ജാമ്യത്തിൽ നിൽക്കുന്ന ഇദ്ദേഹത്തിനെ എന്തു കൊണ്ട് കെരള സർക്കാർ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടില്ല? പഴയ കേസിൽ തീരുമാനം ആവാതെ ഇരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴും ഇദ്ദേഹം കേരള പോലീസിന് സാധനങ്ങൾ സപ്ലൈ ചെയ്യുമ്പോൾ നമ്മുടെ മുന്നിൽ വരുന്നത് ഒരൊറ്റ ചോദ്യം മാത്രം , ഇത് ലക്ഷങ്ങളുടെ അഴിമതി ആണോ അതോ കോടികളുടെ ആണോ ?പാവപ്പെട്ടവന് കച്ചവടം ചെയ്യാൻ നിവർത്തി ഇല്ലാതെ നിൽക്കുമ്പോൾ,സെയിൽസ് ടാക്സ് ഡിപ്പാർട്മെന്റ് നിരവധി പ്രാവശ്യം ഫൈൻ അടിച്ചു കൊടുത്തിട്ടുള്ള, ലീഗൽ മെട്രോളജി ഡിപ്പാർട്മെന്റ് വരെ റെയ്ഡ് ചെയ്തിട്ടുള്ള, Futuretech പോലുള്ള സ്ഥാപനങ്ങൾ പൊതു ഖജനാവിൽ നിന്നും കയ്യിട്ടു വാരിക്കൊണ്ടു കോടികളുടെ വിജയ യാത്ര തുടരുന്നു.